Monday, 8 July 2013

പുറപ്പെടല്‍ (Departure)

23 ജൂണ്‍ 2013, ഡിലാറിവില്‍, സൗത്താഫ്രിക്ക 6 a.m.

         ഞങ്ങളുടെ ഇന്ത്യാട്രിപ്പിനു പുറപ്പെടാനുള്ള സമയമായി. Emirates Flight ജോഹന്നാസ്‌ ബര്‍ഗിലെ    OR Tambo ല്‍ നിന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.10 നാണ്‌ പുറപ്പെടുന്നത്‌. ഡിലാറിവില്ലില്‍നിന്ന്‌ എയര്‍ പോര്‍ട്ടിലേയ്ക്കുള്ള ദൂരം 330കിലോമീറ്ററാണ്‌. ഒരു വിമാനയാത്രയ്ക്കുവേണ്ടി പുറപ്പെടുമ്പോള്‍ നേരത്തെതന്നെ പുറപ്പെടണം. ഉദാസീനത ചിലപ്പോള്‍ കുഴപ്പത്തില്‍ കൊണ്ടു ചാടിക്കും. പലര്‍ക്കും അനുഭവമുള്ളതാണ്‌........

        വീടുപൂട്ടി മൂന്നോ, നാലോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഒരു പര്യടനത്തിനിറങ്ങുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പലര്‍ക്കും അനുഭവമുള്ളതാണ്‌. വീടും അതിലെ കാര്യങ്ങളും സുരക്ഷിതമാണെന്ന്‌ ഉറപ്പു വരുത്തണം. ഇവിടെ തണുത്ത ഈ പ്രഭാതത്തില്‍ സഹായത്തിന്‌ ആരുമില്ല. വരും ദിവസങ്ങളില്‍ വീടും പറമ്പും പകല്‍ സമയം കാത്തു സൂക്ഷിക്കാന്‍ ഞങ്ങളുടെ ഗാര്‍ഡനറായ പോളിനേയും വീട്ടു ജോലിക്കാരിയായ മാര്‍ഗരറ്റിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌. പോള്‍ ഞങ്ങളുടെ കൂടെ ഏഴുകൊല്ലമായി ജോലി ചെയ്യുന്നു. മാര്‍ഗരറ്റ്‌ സേവനം തുടങ്ങിയിട്ട്‌ രണ്ടുവര്‍ഷമായി. എല്ലാം നോക്കീം കണ്ടും ചെയ്യുന്ന വിശ്വസ്തരാണവര്‍. അവര്‍ക്കുള്ള പ്രതിവാര ശമ്പളം എന്റെ പോര്‍ച്ചുഗീസ്‌ സുഹൃത്തായ ജോണിയെ ഏല്‍പിച്ചിട്ടുണ്ട്‌. ടൌണില്‍ കഫെനടത്തുന്നയാളാണ്‌ ജോണി.

         വീട്ടിനുള്ളില്‍ സെക്യൂരിറ്റി അലാം ഓണ്‍ ചെയ്തിട്ടാണ്‌ യാത്ര തിരിക്കുന്നത്‌. അലാം ശബ്ദിച്ചാല്‍ സെക്യൂരിറ്റി കമ്പനിയുടെ ആളുകള്‍ വന്ന്‌ അന്വേഷിക്കും. 

       ഞങ്ങളുടെ വിദേശയാത്രകളില്‍ അതൃപ്തിയുള്ള ഒരാളുണ്ട്‌. ഞങ്ങളുടെ പൂച്ച അപ്പുവാണത്‌. ഞങ്ങള്‍ എല്ലാകൊല്ലവും യാത്ര ചെയ്യാറുള്ളത്‌ ഡിസംബറിലാണ്‌. കഴിഞ്ഞ ഡിസംബറില്‍ സ്യൂട്ട്‌ കേയ്സുകള്‍ കാറില്‍ എടുത്തു വെക്കുന്നത്‌ കണ്ട്‌ അവന്‍ ചില അസാധാരണമായ പ്രതിഷേധശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ ട്രിപ്പിന്റെ കാര്യം അവന്‍ മനസിലാക്കിയിരുന്നില്ല. ഏതായാലും പെട്ടികള്‍ കാറില്‍ കയറ്റുന്നതിനുമുന്‍പുതന്നെ ഞാന്‍ അവന്‌ സാധാരണയായി കൊടുക്കാത്ത വിലകൂടിയ ഒരു catfood കൈകൂലിയായി കൊടുത്ത്‌ ഒതുക്കുകയുണ്ടായി.

         കാലാവസ്ഥ  zero degree selcious യില്‍നിന്ന 6 മണിക്ക്‌ ഞങ്ങള്‍ പുറപ്പെട്ടു. റോഡുകള്‍ വിജനം. 60 കിലോമീറ്റര്‍ പിന്നിട്ടിട്ടും മൂന്നോ നാലോ വാഹനങ്ങളാണ്‌ എതിരെ വന്നത്‌. ഞായറാഴ്ചയായതിനാല്‍ നാട്‌ വളരെ സാവധാനത്തിലേ ഉണരുകയുള്ളൂ. പ്രസിദ്ധ യൂണിവേഴ്സിറ്റി - സ്പോര്‍ട്സ്‌ പട്ടണമായ potchefstroom ല്‍ നിറുത്തി കാപ്പി കുടിച്ച ശേഷം യാത്ര തുടര്‍ന്നു. ഫ്ളാസ്ക്കില്‍ കാപ്പി കരുതിയിരുന്നു. ജോഹന്നാസ്‌ ബര്‍ഗ്ഗിനോടടുക്കുന്തോറും വാഹനങ്ങളുടെ എണ്ണം കൂടി വന്നു. ഞായറാഴ്ചയുടെ ആനുകൂല്യം റോഡില്‍ എല്ലായിടത്തും കിട്ടി. ട്രാഫിക്‌ വളരെ സൌമ്യം, ശാന്തം. ജോഹന്നാസ്‌ ബര്‍ഗിനോടടുക്കുന്തോറും റോഡുകള്‍ ഒന്നിനൊന്നു മെച്ചപ്പെട്ടു കാണപ്പെട്ടു. എല്ലായിടത്തും OR Tambo Air Port ട്രാഫിക്‌ ബോര്‍ഡുകളില്‍ കാണിച്ചിരിക്കുന്നത്‌ യാത്രക്കാര്‍ക്ക്‌ ഒരനുഗ്രഹമാണ്‌. മാത്രമല്ല പ്രീവേയില്‍ സുപ്രധാനതിരിവുകളില്‍ റോഡില്‍ വിമാനത്തിന്റെ രൂപമുണ്ട്‌. വഴിതെറ്റാതിരിക്കാന്‍..

         തിരക്കിട്ട്‌ എയര്‍പോര്‍ട്ടിലെത്തേണ്ട ആവസ്യമില്ല. online check-in ചെയ്തിട്ടുണ്ട്‌. ബോര്‍ഡിംഗ്‌ പാസിന്റെ print out എടുക്കുമ്പോള്‍ പഴയകാല വിമാനയാത്രകളുടെ ബുദ്ധിമുട്ടുകലെപ്പറ്റി അല്‍പം ഓര്‍ത്തുപോയി. അതൊക്കെ വിവരിക്കാന്‍ അനേകം പേജുകള്‍ വേണ്ടി വരും. എങ്കിലും ഒന്നുരണ്ടു കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

         1974 ഡിസംബര്‍ 22-ാം തീയതിയാണ്‌ ഞാന്‍ ബോംബെയില്‍ നിന്ന്‌ കെനിയയിലേക്ക്‌ ആദ്യമായി യാത്ര ചെയ്തത്‌. കംപ്യൂട്ടറിനെപ്പറ്റി കേട്ടിട്ടില്ലാത്ത ആ കാലത്ത്‌ ഒരു ജോലിക്ക്‌ അപേക്ഷിച്ചു അത്‌ കിട്ടുന്നതുപോലെ പ്രയാസമായിരുന്നു ഒരു എയര്‍ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌ ഓക്കെ ആയി യാത്ര പുറപ്പെടാന്‍. ട്രാവല്‍ ഏജണ്റ്റുമാര്‍ മുഖേന മാത്രമാണ്‌ ബുക്കിംഗ്‌ നടത്തിയിരുന്നത്‌. 1980  കളില്‍ നൈജീരിയയിലേക്കുള്ള മടക്കയാത്രയുടെ flight reconfirm ചെയ്യുന്നതിനുവേണ്ടി രണ്ടോ മൂന്നോ പ്രാവശ്യം എറണാകുളത്ത്‌ എയര്‍ ഇന്ത്യ ഓഫീസില്‍ പോവുക പതിവായിരുന്നു. 1987-ല്‍ നൈജീരിയയില്‍ നിന്ന്‌ നാട്ടിലേയ്ക്ക്‌ മടങ്ങാനുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിനുവേണ്ടി താമസസ്ഥസത്തുനിന്ന്‌ 600 കിലോമീറ്റര്‍ അകലെ കാനോ എന്ന നഗരത്തില്‍ പോയി ഒരു ദിവസം ഹോട്ടലില്‍ താമസിക്കുകയുണ്ടായി. 1995 ല്‍ എയര്‍ടിക്കറ്റ്‌ വാങ്ങുന്നതിനുവേണ്ടി ജോഹന്നാസ്‌ ബര്‍ഗ്‌വരെ ട്രാവല്‍ ഏജന്റിന്റെ അടുക്കല്‍ കാറോടിച്ചു പോയിട്ടുണ്ട്‌. അതിനുശേഷം സാങ്കേതികവിദ്യാകളിലുണ്ടായ വിപ്ളവകരമായ പരിവര്‍ത്തനങ്ങള്‍ ഗ്രാമവാസികള്‍ക്കുപോലും സ്വന്തം വീട്ടിലിരുന്നുകൊണ്ട്‌ ബോര്‍ഡിംഗ്‌ പാസ്‌ വരെ എടുക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്‌.

          10 മണിക്ക്‌ ORTambo യിലെ Drop off zone ല്‍ എത്തുമ്പോള്‍ ഞങ്ങള്‍ കാര്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പ്പിക്കാറുള്ള Carcare Company യുടെ ഡ്രൈവര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. 2003 മുതല്‍ ഞങ്ങള്‍ കാര്‍ അവരെ ഏല്‍പ്പിച്ചാണ്‌ പോകുന്നത്‌. നാട്ടില്‍നിന്നു തിരിച്ചുവരുമ്പോള്‍ കാറുമായി ഡ്രൈവര്‍ എത്തും. മൂന്നാഴ്ചത്തേയ്ക്ക്‌ 800 Rand ആണ്‌ Charge (ഏകദേശം 5000 രൂപ). 

          അതിവിശാലമാണ്‌ OR Tambo Airport. യാത്രക്കാര്‍ക്ക്‌ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യത്തിന്‌ അനേകം Restaurant കളും Bar കളും ഇവിടെയുണ്ട്‌. യാത്രയയ്ക്കാന്‍ വരുന്നവര്‍ക്കും ഈ സൗകര്യങ്ങള്‍ അനുഗ്രഹമാണ്‌. നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം സൗകര്യങ്ങള്‍ കാണാറില്ല. ഇവിടെയും മറ്റു രാജ്യങ്ങളിലും കാണാറുള്ള ഒരു relaxed atmosphere നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ കാണാറില്ല.

          ഡിസംബര്‍ മാസത്തിലെ യാത്രകളില്‍ പഴയ മലയാളി സുഹൃത്തുക്കളെ കണ്ടുമുട്ടാറുണ്ട്‌ ചിലപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നൈജീരിയല്‍ ഉണ്ടായിരുന്നവരെ. പക്ഷേ ഇന്ന്‌ ആരെയും കണ്ടില്ല. 

          Luggage കൊടുത്തശേഷം ഒരു restaurant ല്‍ പോയി breakfast കഴിച്ചും വളരെയേറെ സ്ഥലസൗകര്യങ്ങളുള്ള open restaurant കളാണിവ. 60 Rand ന്‌ ഒരു നല്ല breakfast കിട്ടും. എയര്‍പോര്‍ട്ട്‌ ആണെന്നു കരുതി യാത്രക്കാരനെ പിഴിഞ്ഞെടുക്കുന്ന പ്രവണത ഇവിടെയില്ല. പുറത്തുള്ള വില തന്നെയാണ്‌ ഇവിടെ ഈടാക്കുന്നത്‌.. 

          12 മണിക്ക്‌ Immigration counter കളില്‍ എത്തിയപ്പോള്‍ കയ്പേറിയ അനുഭവമാണ്‌ ഉണ്ടായത്‌. ഏതെങ്കിലും ക്യൂവില്‍ 5 മിനിറ്റില്‍ കൂടുതല്‍ നിന്നിട്ട്‌ അനേക വര്‍ഷങ്ങളായി. ജൂണ്‍ 20--ാം തീയതി ഡിലാറിവില്‍ Road transport office ല്‍ ഒരു road licence എടുക്കാന്‍ മൂന്നു മിനിറ്റേ എടുത്തുള്ളൂ. വര്‍ഷം മുമ്പ്‌ ഒരു മണിക്കൂറ്‍ ക്യൂ നില്‍ക്കണമായിരുന്നു.

           10 Immigration counter കളില്‍ 4 എണ്ണത്തില്‍ മാത്രമേ officers ഉള്ളൂ. പല flight കള്‍ക്കു പോകേണ്ട നൂറുകണക്കിനു യാത്രക്കാര്‍ ഇലക്ഷനു ക്യൂനില്‍ക്കുന്നതുപോലെ വളഞ്ഞും പുളഞ്ഞും ക്യൂ നില്‍ക്കുകയാണ്‌. പഴയ കാലത്ത്‌ ഇന്ത്യയിലും കെനിയയിലും നൈജീരിയയിലുമൊക്കെ അനുഭവിച്ചു മറന്ന കെടുകാര്യസ്ഥതയുടെ കയ്പേറിയ ഓര്‍മ്മകള്‍ ഓടിയെത്തി. ക്യൂവിലുള്ള ഇരുപതോളം ടീനേജ്‌ പെണ്‍കുട്ടികള്‍ക്ക്‌ യാതൊരു പരിഭവവുമില്ല. സ്ഥലവും കാലവും മറന്ന്‌, രുദ്രാക്ഷം ജപിക്കുന്ന സ്വാമിമാരെപ്പോലെ , അവര്‍ സെല്‍ഫോണുകളില്‍ ചാറ്റു ചെയ്തുകൊണ്ടിരുന്നു. എല്ലാം സഹിച്ചുകൊണ്ട്‌ മറ്റുള്ളവര്‍ നിന്നു. ഒരു കെനിയക്കാരിയുടെ ഫ്ളൈറ്റ്‌ പണ്ടേ പോയിക്കഴിഞ്ഞിരുന്നു.

            Immigration counter കളില്‍ കറുമ്പര്‍ (blacks) മാത്രമേ ഉണ്ടായിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവര്‍ഗ്ഗങ്ങളെയും അവിടെ പ്രതിനിധീകരിച്ചുകാണേണ്ടതായിരുന്നു. എന്നാല്‍ apartheid in reverse ന്റെ ചില പ്രതിഫലനങ്ങള്‍ അവിടെ കാണുകയുണ്ടായി. ടൂറിസം ഒരു പ്രധാന വരുമാനമാര്‍ഗ്ഗമായിട്ടുള്ള ദക്ഷിണാഫ്രിക്കയില്‍ ഇത്തരം കാലതാമസങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക്‌ മോശം അഭിപ്രായം ഉണ്ടാക്കും. മൂന്നാം ലോകത്തിന്റെ ശാപമായ കെടുകാര്യസ്ഥത എയര്‍പോര്‍ട്ടില്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു പക്ഷേ വാരാന്ത്യ ആഘോഷങ്ങളുടെ hang-overn ആയിരിക്കാം Immigration counter കളില്‍ തിരക്കില്ലാത്തതിനു കാരണം. എന്തായാലും യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നത്‌ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല.

           നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലാകട്ടെ Immigration counter കള്‍ നിറഞ്ഞിരുന്നു. 10 മിനിറ്റു പോലും ക്യൂനില്‍ക്കേണ്ടി വന്നില്ല. കെടുകാര്യസ്ഥതയുടെ വിപരീതമായ കാര്യക്ഷമത നെടുമ്പാശ്ശേരിയില്‍ അനുഭവപ്പെട്ടപ്പോള്‍ OR Tambo യിലെ ദുരനുഭവം മറന്നു. അതുപോലെതന്നെ  luggage ഉം നിമിഷങ്ങള്‍ക്കുള്ളില്‍ എത്തി. ഇതു രണ്ടും പുരോഗതിയുടെ ലക്ഷണങ്ങളാണ്‌. നമ്മുടെ രാജ്യത്തെ എല്ലാ ഓഫീസുകളിലും ഈ കാര്യക്ഷമത ഉണ്ടായാല്‍ കേരളം ഒരു സ്വര്‍ഗ്ഗമാകും. 

         എമിറേറ്റ്സിന്റെ കാര്യക്ഷമതയും യാത്രക്കാരോടുള്ള നല്ല സമീപനവും എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. എമിറേറ്റ്സിന്റെ വളര്‍ച്ച, യാത്രക്കാരുടെ ഭാഗ്യമാണെന്നു തന്നെ പറയാം.

        1970  കളിലേയും 1980 കളിലേയും വിമാനയാത്രകളും ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത്‌ അന്നത്തെ ബഹളങ്ങളും ഇന്നത്തെ നിശബ്ദതയുമാണ്‌. അന്ന്‌ എല്ലാ ഘട്ടങ്ങളിലും യാത്രക്കാര്‍ക്കു തടസങ്ങള്‍ നേരിട്ടിരുന്നു. പലവിധ വാക്കുതര്‍ക്കങ്ങള്‍ക്കും അന്നത്തെ ചില നടപടിക്രമങ്ങള്‍ കാരണമായിരുന്നു. ഫ്രിഡ്ജ്‌, വാഷിംഗ്‌മെഷിന്‍,  ടി.വി. മുതലായ സാധനങ്ങള്‍ പൊതിഞ്ഞുകെട്ടി വലിയ അക്ഷരങ്ങളില്‍ പേരെഴുതി ഗള്‍ഫ്‌ യാത്രക്കാര്‍ കൊണ്ടുവന്നിരുന്നു. ആ ഭാണ്ഡക്കെട്ടുകള്‍ എടുത്തിടുന്ന ശബ്ദം, കസ്റ്റംസിലുള്ള തര്‍ക്കങ്ങള്‍ , വിലപേശലുകള്‍ കൈക്കൂലി, പുറത്ത്‌ വലിയ ഭാണ്ഡക്കെട്ടുകള്‍ ചുമന്നു മാറ്റുന്നതിന്റെ കൂലിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ , ചുവന്ന യൂണിഫോം ധരിച്ച ഹെഡ്ലോഡ്‌ വര്‍ക്കേഴ്സ്‌ യാത്രക്കാരെ സ്വീകരിക്കാനെത്തുന്ന വന്‍ജനകൂട്ടം, ഇതെല്ലാം ഓര്‍മ്മയില്‍ മാത്രം. ഇന്ന്‌ നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ലഗേജ്‌ പെട്ടെന്നു കിട്ടി, ട്രോളിയില്‍ ഉന്തികൊണ്ട്‌ കസ്റ്റംസ്‌ ക്ളിയറന്‍സും കഴിഞ്ഞ്‌ പുറത്തുവരാം - ജനകൂട്ടം ഇന്നും ഉണ്ട്‌. പക്ഷേ ഒരു മഹാസമ്മേളനത്തിനു വേണ്ടിയ ജനകൂട്ടം പണ്ടത്തേപ്പോലെ ഇപ്പോഴില്ല.

സമയം രാവിലെ 9.40 തുടര്‍ച്ചയായ മഴ കാരണം തണുത്ത അന്തരീക്ഷം-വാതാനുകൂലം എന്നുവേണമെങ്കില്‍ പറയാം. ഒരു Prepaid Taxi യില്‍ ഞങ്ങള്‍ കോട്ടയത്തേക്കു തിരിച്ചു.




No comments:

Post a Comment