ദക്ഷിണാഫ്രിക്കയിൽ വന്നതിനു ശേഷമാണ് XENOPHOBIA എന്ന വാക്ക്
പഠിച്ചത് .ഇതിൻറെ അർത്ഥം ,''a strong fear and dislike of people from
other countries and cultures .''എന്നാണ് Dictionary യിൽ കാണുന്നത് .
എന്നാൽ ഈ വിവരണത്തിൽ പകുതിഭാഗമേ ശരിയുള്ളൂ . വിദേശികളെ
ആക്രമിക്കുന്നവർക്ക് അവരോട് ഭയമില്ല . ഭ യത്തിൻറെ സ്ഥാനത്ത്
അസൂയയാണ് .
2015 ഏപ്രിൽ 18 ആം തീയതിയിലെ Sunday Times എന്ന പ്രമുഖ പത്രത്തിൻറെ
മുൻ പേജിൽ ഭീകരമായ മൂന്ന് ഫോട്ടോ sequences ഉണ്ട് . Johannesburg നടുത്ത്
Alexandra Township ൽ ഒരു അക്രമി,മൊസംബിക്കൻ പൌരനായ ,പാവപ്പെട്ട
ഒരു വഴിയോര കച്ചവടക്കാരനെ കുത്തി കൊല്ലുന്നതാണ് രംഗം .ഈ ഫോട്ടോകൾ ലോകമെമ്പാടും മീഡിയയിൽ പ്രസിദ്ധീകരിക്കപ്പെടുകയും
ചർച്ചാവിഷയം ആവുകയും ചെയ്തു . ഈ സംഭവം ദക്ഷിണാഫ്രിക്കയ്ക്ക്
വലിയ പേരുദോഷം ഉണ്ടാക്കുകയും ചെയ്തു .
ദക്ഷിണാഫ്രിക്കയിൽ കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് വിദേശീയർക്കെതിരെ നാട്ടുകാരുടെ അക്രമങ്ങൾ ഇടയ്ക്കിടെ പൊട്ടി പ്പുറ
പ്പെടാറുണ്ട് .2008 ൽ നടന്ന അക്രമങ്ങളിൽ 60 വിദേശികൾക്ക് ജീവൻ
നഷ്ടപ്പെട്ടു .ഈ സംഭവങ്ങളിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല .
അതുകൊണ്ടുകൂടിയാണ് വീണ്ടും വീണ്ടും xenophobia പൊട്ടിത്തെറിക്കുന്നത് .
xenophobia ക്ക് പല കാരണങ്ങൾ ഉണ്ട് .
1 .അക്രമ വാസന
ദക്ഷിണാഫ്രിക്ക ഒരു violent society ആണ് എന്ന് ഇവിടുത്തെ നല്ലവരായ
ആളുകൾ തലകുലുക്കി സമ്മതിക്കുന്നു . പ്രതിദിനം 56 കൊലപാതകങ്ങൾ
നടക്കുന്നു . ഓസ്കാർ Pistorius തൻറെ കാമുകിയെ വെടിവെച്ച് കൊന്ന
സംഭവം ദക്ഷിണാഫ്രിക്കയിലെ അക്രമവാസനയെ ലോക മീഡിയയിൽ
ചർച്ചാവിഷയമാക്കി . ഇപ്പോൾ xenophobic അക്രമങ്ങൾ ആ ചർച്ചയെ
വീണ്ടും സജീവമാക്കിയിരിക്കുന്നു .മണ്ടേലയുടെ പേര് ഇപ്പോൾ ആരും
പറഞ്ഞു കേൾക്കുന്നില്ല . കാരണം മണ്ടേല സ്വപ്നം കണ്ട ദക്ഷിണാഫ്രിക്ക
ഇന്ന് നിലവിലില്ല .
2 മനുഷ്യജീവന് മണ്പാൽ വില
ആഫ്രിക്കയിൽ പൊതുവെ മനുഷ്യജീവന് വലിയ വിലയില്ല . ഉദാഹരണമായി 1994 ൽ റുവാണ്ടയിൽ ഹുടു വർഗ്ഗക്കാർ എട്ടുലക്ഷം
ടുട്സി വർഗ്ഗക്കാരെ രണ്ടാഴ്ച കൊണ്ട് വെട്ടി കൊലപ്പെടുത്തി . നൈജീരിയയിൽ ബോക്കോ ഹറാം ഇരുപതിനായിരത്തോളം പേരെ
കൊന്നൊടുക്കിയിട്ടുണ്ട് . Congo യിൽ ആഭ്യന്തര കലാപങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട് .പുതിയ രാജ്യമായ ദക്ഷിണ
സുഡാനിൽ കൊല തുടരുന്നു ,എന്നാൽ അതൊന്നും വാർത്തകളിൽ
കാര്യമായ സ്ഥാനം പിടിക്കുന്നില്ല . എന്നാൽ ദക്ഷിണാഫ്രിക്കയിൽ വിദേശികൾ ആക്രമിക്കപ്പെട്ടപ്പോൾ അത് വലിയ വാർത്തയായി .കാരണം
ദക്ഷിണാഫ്രിക്ക ,ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് .മറ്റുള്ളവർക്ക് നേതൃത്വവും മാതൃകയും നൽകേണ്ട രാജ്യമാണ് .മണ്ടേലയുടെ രാജ്യമാണ് . അദ്ദേഹത്തിൻറെ രാജ്യത്ത് xenophobia സംഭവിക്കരുതായിരുന്നു .
3 ഇടതുപക്ഷ ദുർഭരണം
ഇടതുപക്ഷം ഏഴകളുടെ തോഴരാണ് എന്ന് പണ്ട് കരുതിയിരുന്നു .ഇന്ന് സ്ഥിതി
വ്യത്യസ്തമാണ് . ആഫ്രിക്കയിലെ ഇടതുപക്ഷം സുഖലോലുപരും
പൊള്ളയായ വാചകമടിക്കാരും കടുത്ത അഴിമതിക്കാരുമാണ് .ദക്ഷിണാഫ്രിക്കയിലെ വിദേശികളിൽ 15 -20 ലക്ഷം പേർ അയൽരാജ്യമായ
സിംബാബ്‌വെ യിൽ നിന്ന് അതിർത്തി കടന്ന് വന്നവരാണ് . ദാരിദ്ര്യം
സഹിക്കവയ്യാതെയാണ് അവർ നാടുവിട്ടത്.മാർക്സിസ്റ്റ് ഏകാധിപത്യത്തിന്റെ കീഴിൽ ഒരു രാജ്യം കുട്ടിച്ചോർ ആയ ചരിത്രമാണ്
സിംബാബ്വെ യുടേത് . 1980 ൽ സ്വാതന്ത്ര്യം നേടുന്നതുവരെ റോഡേഷ്യ
എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . അത് ഒരു ബ്രിട്ടിഷ് കോളനി ആയിരുന്നു .വെള്ളക്കാരുടെ ന്യൂനപക്ഷ ഭരണം അവസാനിപ്പിച്ചത് നല്ല
കാര്യമായിരുന്നു .എന്നാൽ അതിന് പകരം വന്നത് മാർക്സിസ്റ്റ് ഏകാധിപത്യ ഭരണമാണ് . 1980 ൽ പ്രസിഡന്റ് ആയ റോബർട്ട് മുഗാബെ
ഇന്നും ആ സ്ഥാനത്ത് തുടരുന്നു . ഏകദേശം 6000 വെള്ളക്കാർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് ഭക്ഷ്യ സ്വയം പര്യാപ്തത
കൈവരിച്ച സിംബാബ്വേ ഭക്ഷ്യധാന്യങ്ങൾ export ചെയ്തിരുന്നു . 2000 ത്തിൽ
മുഗാബെ തൻറെ മാർക്സിസ്റ്റ് അജണ്ട നടപ്പാക്കി . ഗുണ്ടകളെ അയച്ച്
വെള്ളക്കാരെ ഓടിച്ച് ഫാമുകൾ കൈവശപ്പെടുത്തി . കുറെ പേരെ കൊന്നു .
പിടിച്ച ഫാമുകൾ പാർട്ടിക്കാർക്കും ശിങ്കിടികൾക്കും വീതിച്ചു . ഭക്ഷ്യ
ഉൽപ്പാദനം താറുമാറായി . ജനം പട്ടിണിയിലായി . അങ്ങനെയാണ് ലക്ഷക്കണക്കിന് സിംബാബ്വേക്കാർ ദക്ഷിണാഫ്രിക്കയിലേയ്ക്ക് പലായനം
ചെയ്തത് . മുഗാബെ എന്ന ഏകാധിപതിക്ക് ANC ഭരണകൂടം എല്ലാവിധ
ഒത്താശകളും ചെയ്തു കൊടുത്തിട്ടുണ്ട് .ഒരു ഏകാധിപതിയെ താങ്ങി
നിറുത്തുന്നതിന്വേണ്ടി സ്വന്തം രാജ്യത്തിൻറെ താൽപ്പര്യങ്ങൾ ANC
ബലി കഴിച്ചു .
4 അഭയാർഥികൾ
ലോകത്ത് പല ഭാഗങ്ങളിലും അഭയാർഥികൾ തല ചായ്ക്കാൻ ഒരിടം തേടി
ഒഴുകുകയാണ് .യുദ്ധവും പട്ടിണിയും പീഡനങ്ങളും അഭയാർഥി പ്രവാഹത്തിന് കാരണമാണ് . 1994 ൽ ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യ രാജ്യമായപ്പോൾ ലോകത്തിലെ ഏറ്റവും പുരോഗമനപരമായ ഒരു ഭരണഘടനയെ അത് സ്വീകരിച്ചു . അഭയം തേടി വരുന്നവർക്കു വേണ്ടി
ദക്ഷിണാഫ്രിക്ക വാതിലുകൾ തുറന്നിട്ടു .ഈ അവസരം ദുരുപയോഗം
ചെയ്തുകൊണ്ട് കുറ്റവാളികളും മയക്കുമരുന്ന് കടത്തുകാരും തട്ടിപ്പുകാരും
മനുഷ്യ കടത്തുകാരും എട്ടും പൊട്ടും തിരിയാത്ത പുതിയ രാജ്യത്തെ
സുരക്ഷിതമായ ഒരു താവളമാക്കി .നൈജീരിയ ,പാകിസ്ഥാൻ ,ബംഗാളാ ദേശ്
മുതലായ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ ഇവിടെയെത്തി .
കൂടാതെ സോമാലിയ ,എത്തിയോപിയ ,മലാവി ,കോങ്ഗോ മുതലായ
രാജ്യങ്ങളിൽ നിന്ന് യഥാർത്ഥ അഭയാർഥികളും എത്തി . ഒരു രാജ്യത്തിന്
താങ്ങാൻ വയ്യാത്തവിധം ലക്ഷക്കണക്കിന് വിദേശികളാണ് ഇവിടെ
കുടിയേറിയിട്ടുള്ളത് . അനധികൃതമായി അതിർത്തികളിലൂടെ നുഴഞ്ഞു കയറിവരുന്നവരും ഏറെയാണ് .
ചില വിദേശികൾ പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലങ്ങളിൽ ചെറിയ കടകൾ
നടത്തി ഉപജീവനം നടത്തുന്നു . തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല
എന്ന് പറഞ്ഞതുപോലെ വളരെ ദുസ്സഹമായ സാഹചര്യങ്ങളിൽ നിന്ന്
വന്ന അവർ കഠിനമായി അദ്ധ്വാനിക്കാൻ തയ്യാറാണ് . നേരത്തെ കട തുറന്നും വളരെ വൈകി അടച്ചും അവർ അഭിവൃദ്ധി നേടുമ്പോൾ മടിയന്മാരായ
നാട്ടുകാർ പിന്തള്ളപ്പെടുന്നു . അങ്ങനെ അസൂയയും വിരോധവും ഉണ്ടാകുന്നു .നാട്ടുകാർ ചിലപ്പോൾ വിദേശികളെ ആക്രമിച്ച് അവരുടെ
കടകൾ കൊള്ളയടിക്കുന്നു .
ദക്ഷിണാഫ്രിക്കയിൽ ഒരു കോടി ഇരുപത് ലക്ഷം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ് .തൊഴിലില്ലായ്മ 25 ശതമാനം ആണ് . 'പണ്ടേ ദുർബ്ബല ,പിന്നെ ഗർഭിണി ' എന്ന അവസ്ഥയിലുള്ള ഈ രാജ്യത്തേയ്ക്ക് അനേക ലക്ഷം പാവപ്പെട്ടവർ വന്നുചേർന്നത് സംഘർഷത്തിനു കാരണമായി .
'വിദേശികൾ ഞങ്ങളുടെ ജോലികൾ തട്ടിയെടുക്കുന്നു ',' അവരിൽ പലരും
കുറ്റകൃത്യങ്ങൾ ചെയ്യുന്നു ', എന്നിവയാണ് നാട്ടുകാരുടെ ആരോപണങ്ങൾ .
ഈ അമർഷം മറയാക്കി സാമൂഹ്യവിരുദ്ധരും അക്രമങ്ങൾ അഴിച്ചു വിടുന്നു . ഈയിടെ നടന്ന xenophobia അക്രമങ്ങളിൽ 7 പേർ മരിച്ചു .ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി . കുറെ വിദേശികൾ
അവരുടെ രാജ്യങ്ങളിലേയ്ക്ക് മടങ്ങി . നൈജീരിയ ,മൊസാംബിക്ക് ,മലാവി
മുതലായ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയോട് പിണങ്ങി .
ഇതിൽ ഉള്ള ഒരു irony ,പണ്ട് apartheid ൻറെ പേരിൽ ഒറ്റപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്ക ഇന്ന് xenophobia യുടെ പേരിൽ ആഫ്രിക്കയിൽ ഒറ്റപ്പെട്ടിരിക്കുകയാണ് .
എന്നാൽ ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങൾ xenophobia ക്ക് എതിരാണ് .
xenophobia കത്തിപ്പടർന്ന ദിവസങ്ങളിൽ അതെപ്പറ്റി മാധ്യമങ്ങളിൽ വളരെ
അധികം പ്രതികരണങ്ങൾ ഉണ്ടായി . ഞാൻ പഠിപ്പിച്ച ഒരു യുവതി -ഇപ്പോൾ വളരെ ഉയർന്ന ഉദ്യോഗം വഹിക്കുന്നവളാണ് -facebook ൽ
ഒരു quotation പോസ്റ്റ് ചെയ്തത് കണ്ടു .
LEVITICUS 20
''Do not ill -treat foreigners who are living in your land . Treat them as you would
a fellow -Israelite ,and love them as you love yourselves .Remember that you were once
foreigners in the land of Egypt .I am the Lord your God .''
ഇതുപോലെ നല്ല രീതിയിൽ ചിന്തിക്കുന്നവരാണ് ദക്ഷിണാഫ്രിക്കയിലെ
ബഹുഭൂരിപക്ഷം ജനങ്ങൾ . അതുകൊണ്ട് ഇപ്പോഴത്തെ പ്രശ്നങ്ങൾ
കലങ്ങിതെളിഞ്ഞ് രാജ്യം ശരിയായ മാർഗ്ഗത്തിൽ പുരോഗമിക്കുമെന്ന്
പ്രതീക്ഷിക്കാം .