Tuesday, 13 May 2014

പെട്ടി പൊട്ടിക്കുമ്പോൾ ( അഭിപ്രായം )

    13 May   2014

മെയ്‌   16 ന്  ഇന്ത്യയിൽ   പെട്ടികൾ   പൊട്ടിക്കാൻ   പോവുകയാണ് .പക്ഷേ
ഇവിടെ   ഒരു  റബ്ബറും   സംഭവിക്കാൻ   പോകുന്നില്ല . (ഏറ്റവും  വിലകുറഞ്ഞ
സാധനത്തെ   വേണമല്ലോ   ചുക്കിനും  പുല്ലിനും  പകരം  വെക്കാൻ ).വോട്ടിംഗ്
നടന്ന  നീണ്ട   കാലം   ഇന്ത്യ  കണ്ടിട്ടുള്ള  ഏറ്റവും  നല്ല  സമാധാനകാലമായിരുന്നു , പ്രത്യേകിച്ച്   കേരളത്തിൽ . ഈ  സമാധാനകാലത്ത്‌    വാചകമടി   വളരെ   കുറവായിരുന്നു . രാഷ്ട്രീയക്കാർ
ജനങ്ങളെയും   തെരഞ്ഞെടുപ്പ്   കമ്മിഷനെയും  കുറെ   ഭയപ്പെട്ട  കാലം . രാഷ്ട്രീയക്കാരെ   നല്ല  പോലെ   നടത്തിക്കാൻ   തെരഞ്ഞെടുപ്പു  കമ്മിഷന്
സാധിച്ചു . എങ്കിൽ  പിന്നെ   ഭരണം   അവരെ   ഏൽപിച്ചു കൂടെ ? എല്ലാ
പ്രശ്നങ്ങൾക്കും   കാരണക്കാർ   രാഷ്ട്രീയക്കാരാണ് . ജനങ്ങളല്ല .

എന്നിട്ടും   എന്തുകൊണ്ട്   ജനങ്ങൾ   ഈ  കുഴപ്പക്കാരെ   തെരഞ്ഞെടുക്കാൻ  വേണ്ടി  ക്യൂ  നിന്നു ?  സംഗതി   ലളിതമാണ് . എനിക്കിഷ്ടപ്പെട്ട   കുഴപ്പക്കാരനെ  വിജയിപ്പിക്കണം . ദക്ഷിണാഫ്രിക്കയിൽ   പെട്ടി  പൊട്ടിച്ചു . അഴിമതിയിൽ
റെക്കോർഡ്‌  ഭേദിച്ച   ANC യും   അതിൻറെ   നേതാവ്   ജേക്കബ്‌   സുമയും
വമ്പിച്ച   ഭൂരിപക്ഷത്തോടെ   വിജയിച്ചു .ഇന്ത്യയിലും   അഴിമതിക്കാരും  ഗുണ്ടാ നേതാക്കന്മാരും   16 ആം   തീയതി   ജയിച്ചു വരും .അതുകൊണ്ടാണ്
നേരത്തെ   പറഞ്ഞത്   ഇവിടെ  ആരു ഭരിച്ചാലും   ഒരു   റബ്ബറും   സംഭവിക്കാൻ   പോകുന്നില്ല  എന്ന് .

ആം   ആദ്മി   പാർട്ടിക്ക്   വലിയ  ഭാവിയില്ല . കാരണം   ആ  പാർട്ടി  അഴിമതിക്ക്  എതിരാണ് . അഴിമതി  ഇന്ത്യയിൽ   നാട്ടുനടപ്പാണ് .'' നമ്മുടെ
സ്വന്തം   നേതാവ് കുറെ   കോടികൾ   തട്ടിഎടുത്താൽ  എന്ത് ? ആ  കോടികൾ
നമ്മുടെ   സമുദായത്തിലേക്കാണ്   വന്നു  ചേരുന്നത് .''  "  ജേക്കബ്‌  സുമാ
250  മില്യണ്‍  rand   സർക്കാർ   പണം  ഉപയോഗിച്ച്  തൻറെ  കൊട്ടാരവും  ചുറ്റുപാടും  മോടി   പിടിപ്പിച്ചു . അതിലെന്താണ്  തെറ്റ് ? അദ്ദേഹം  കരുമ്പരുടെ
നേതാവല്ലേ ?''   ഇതാണ്    മൂന്നാം  ലോകത്തിലെ   ചിന്താഗതി .

എന്നാൽ   ഒന്നാം   ലോകത്തിൽ  സ്ഥിതി   അൽപ്പം  വ്യത്യസ്തമാണ് . മുൻ
ഇറ്റാലിയൻ   പ്രധാനമന്ത്രി  ബർലുസ്കോനി   അഴിമതി കേസിൽ  ശിക്ഷിക്കപ്പെട്ട്   ഒരു   വൃദ്ധസദനത്തിൽ  സേവനം  ചെയ്യുകയാണ് .

ദക്ഷിണ കൊറിയയിൽ   ഒരു  ഫെറി അപകടത്തിൽ   കുറെ  പേർ  മരിച്ചു .
രക്ഷാ പ്രവർത്തനങ്ങൾ   അലങ്കോലപ്പെട്ടു . ഉത്തരവാദിത്തം   ഏറ്റെടുത്ത്
പ്രധാനമന്ത്രി   രാജിവെച്ചു . ഇന്ത്യയിലോ   ദക്ഷിനാഫ്രിക്കയിലോ  ഇത്
സങ്കൽപ്പിക്കാൻ  ആവുകയില്ല . ഉദാഹരണമായി  ദക്ഷിണാഫ്രിക്കയിൽ
2012 ൽ   34  ഖനി തൊഴിലാളികളെ   പോലീസ്   വെടിവെച്ചു  കൊന്നു .ജേക്കബ്‌
സുമാ   ഉത്തരവാദിത്തം   ഏറ്റെടുത്തില്ല .

ഇന്ത്യക്കാർ   ഉത്സവങ്ങൾ   ഇഷ്ടപ്പെടുന്നവരാണ് . ലോക്സഭാ തെരഞ്ഞെടുപ്പ്
എല്ലാവരും   പങ്കെടുക്കുന്ന   ഒരു  ഉത്സവമാണ് . 16 ആം   തീയതി  പെട്ടി
പൊട്ടിക്കുമ്പോൾ   ആ  ഉത്സവത്തിൻറെ  മൂർദ്ധന്യം   ആയിരിക്കും . പടക്കവും
ചെണ്ടയും  മധുരപലഹാരങ്ങളും   മദ്യവും  കുറേ   ഉണ്ടായിരിക്കും .
സമാധാനകാലം  അന്നോടെ   അവസാനിക്കും . പിന്നെ   വാചകമേളയുടെ
പുതിയ   പതിപ്പ്   തുടങ്ങും .

പക്ഷേ   ടാപ്പിൽ  ശുദ്ധജലം   ചീറ്റി  ഒഴുകുകയില്ല .പെട്രോളിനും  ഗ്യാസിനും
ഡീസലിനും   മദ്യത്തിനും   വില കുറയുകയില്ല . ചുരുക്കിപ്പറഞ്ഞാൽ  ഒരു
ഒട്ടുപാലും  ഇന്ത്യയിൽ   സംഭവിക്കാൻ   പോകുന്നില്ല . പിന്നെ   എന്തിനായിരുന്നു  ഇതൊക്കെ ?

വാരണാസി   കുംഭമേളയുടെ   മാത്രം   സ്ഥലമല്ല . രാഷ്ട്രീയമേളകലുടെയും
സ്ഥലമാണ് . എല്ലാം   സഹിച്ചുകൊണ്ടാണെങ്കിലും   ഉത്സവം  കൂടാൻ  ജനം
ഇഷ്ടപ്പെടുന്നു .




          

No comments:

Post a Comment