Saturday, 31 May 2014

പാവം പട്ടികൾ എന്തു പിഴച്ചു ? ( ഹാസ്യ ഭാവന )

പാവം   പട്ടികൾ   എന്ത്  പിഴച്ചു ?

നരേന്ദ്രമോഡി   ഭരണം  തുടങ്ങിയതിനു   ശേഷം  കേരളത്തിലെ   രാഷ്ട്രീയക്കാർക്ക്‌  പ്രത്യേകിച്ച്   പണിയൊന്നുമില്ല . ഉള്ള  പണി , പരസ്പരം 
പഴി  ചാരുകയും  ചെളി  വാരി  എറിയുകയും  ചീത്ത പേരുകൾ  വിളിക്കുകയുമാണ് . ' പരനാറി ' പ്രയോഗം   അന്തരീക്ഷത്തിൽ  തങ്ങി  നിൽക്കുന്ന   വേളയിലാണ്   ആന്റോ  അന്തോണിയും   പിസി   ജോർജ്ഉം 
' പട്ടി '  പ്രയോഗത്തിൽ  അരങ്ങ്   തകർക്കുന്നത് .

മനുഷ്യർ   കലഹിക്കുമ്പോൾ   പല തരത്തിൽ   പ്രതികരിക്കും . ദേഹോപദ്രവം  ചെയ്യാൻ   ഉദ്ദേശമില്ലാത്തപ്പോൾ    വാമൊഴി   
സമൃദ്ധമായി   ഉപ,യോഗിക്കുന്നു . അതിൽ   പ്രധാനം   'പട്ടി 'വിളിയാണ് .

                             '' നീ   പോടാ  പട്ടി '' /  '' നീ   പോടീ   പട്ടിച്ചി ''

എത്രയോ   ഭവനങ്ങളിൽ  ഈ   വിളി  നടക്കുന്നു . ദൃക്സാക്ഷികൾ   കുട്ടികൾ 
മാത്രം . വഴക്ക്   തീർന്നു കഴിയുമ്പോൾ   പുറത്ത്  പറയാതിരിക്കാൻ  കുട്ടികൾക്ക്   ധാരാളം   വാഗ്ദാനങ്ങൾ  കിട്ടും . അതുകൊണ്ടാണ്  KFC യിലും  മറ്റും   നല്ല  തിരക്ക് .

എന്തുകൊണ്ടാണ്   മനുഷ്യർ  തങ്ങളുടെ   കലഹങ്ങളിലെയ്ക്ക്   അതിൽ 
ഒരു  പങ്കും  ഇല്ലാത്ത  പാവം   പട്ടിയെ   വലിച്ചിഴക്കുന്നത് ? നീ  പോടാ 
സിംഹമേ , കടുവാ , പുലി  എന്ന്   നമ്മൾ   വിളിക്കാറില്ല . കഴുത ,
പന്നി ,പോത്ത്   എന്നിവ  വളരെ  ചുരുങ്ങിയ  രീതിയിൽ  ഉപയോഗിക്കാറുണ്ട്. പട്ടി  പ്രയോഗമാണ്  99  ശതമാനവും .

' ഒരാളെ   ബലിയാടാക്കി ' എന്ന്   എപ്പോഴും   പറഞ്ഞു കേൾക്കാറുണ്ട് . വാസ്തവത്തിൽ   ബലിപ്പട്ടി  എന്നാണ്   പറയേണ്ടത് . കാരണം ഒരു 
തെറ്റും  ചെയ്യാത്ത   പട്ടിയെ  ആണ്  നമ്മൾ  നമ്മുടെ  കലഹങ്ങളിൽ 
എടുത്ത്  പ്രയോഗിക്കുന്നത് . ആക്ഷേപകരമായ   ഉപമകളിലും  നമ്മൾ 
പട്ടിയെ   നായകനാക്കുന്നു .

''  പട്ടി   ചന്തയ്ക്കു   പോയതു പോലെ ''

''  പട്ടിക്കു   മുഴുവൻ  തേങ്ങാ  കിട്ടിയത്  പോലെ ''

'' മോങ്ങാനിരുന്ന   പട്ടിയുടെ   തലയിൽ   തേങ്ങ  വീണതു  പോലെ ''

''  പട്ടിക്ക്   മീശ  കിളുത്താൽ    അമ്പിട്ടനെന്ത്  കാര്യം ?''

''  ഇലനക്കിപ്പട്ടിയുടെ   കിറിനക്കിപ്പട്ടി''

''  അത്   ഏതോ  പട്ടിക്കാടാണ്‌ .''

''   അരിയും  തിന്നു , ആശാരിച്ചിയെയും   കടിച്ചു , എന്നിട്ടും  പട്ടിക്ക്  മുറുമുറുപ്പ് .''

എൻറെ  പിതാവും  സുഹൃത്തുക്കളും  അവരുടെ   സംഭാഷണങ്ങളിൽ  ഈ 
പ്രയോഗങ്ങൾ   നടത്തുന്നത്  ഞാൻ   കേട്ടിട്ടുണ്ട് . ഞാൻ  കേട്ടിട്ടില്ലാത്ത  എത്രയോ   പട്ടിപ്രയോഗങ്ങൾ   ഉണ്ടായിരിക്കാം . 

സിനിമയിൽ  പലപ്പോഴും   കേൾക്കാറുണ്ട് ,''  ഫ , പട്ടിക്കഴുവേറീടെ   മോനേ ''
''പട്ടി ..................ടെ   മോനേ ''  എന്നൊക്കെ .

മനുഷ്യൻറെ   ഉത്തമ  സുഹൃത്ത്‌  എന്ന്  വിളിക്കുകയും   അതേസമയം  നൂറുനൂറ്  പ്രയോഗങ്ങൾ  കൊണ്ട്  അതിനെ  അവഹേളിക്കുകയും  ചെയ്യുന്ന   പട്ടിത്തരമാണ്    മനുഷ്യൻ  ചെയ്യുന്നത് . 

പാവം  പട്ടികൾ  എന്തു  പിഴച്ചു ? വേറെ   മൃഗങ്ങൾക്ക്  ഇല്ലാത്ത  ഈ  ഗതികേട്  പട്ടിക്ക്   എങ്ങനെ  വന്നു ?  ദേശ -ഭാഷാ വ്യത്യാസമില്ലാതെ  ലോകമെമ്പാടും  പട്ടി   അവഹേളിക്കപ്പെടുന്നു . ചൈനയിലും കൊറിയയിലും  പട്ടിയിറച്ചി   ഇഷ്ട  ആഹാരമാണ് . കേരളത്തിൽ  ചില 
ഹോട്ടലുകളിൽ  പട്ടിയെ  ആടാക്കി   വിളമ്പുന്നതായും   കേട്ടിട്ടുണ്ട് . 

ഹിന്ദിയിൽ  '' കുത്ത ' എന്നു   പറഞ്ഞാൽ   വലിയ   അവഹേളനമാണ് .
ഇംഗ്ലീഷിൽ   '' son  of  a  bitch ' (  നായിൻറെ   മോനെ ) എന്ന്   ആക്ഷേപകരമായി   വിളിക്കാറുണ്ട് . ഇംഗ്ലീഷ്   dictionary  പരിശോധിച്ചാൽ
പട്ടികളെ   ആക്ഷേപിക്കുന്ന   പ്രയോഗങ്ങൾ   നിറയെ  ഉണ്ട് . ഉദാഹരണമായി   The   Congress  is  going  to  the  dogs  എന്ന്  പറഞ്ഞാൽ   ആ
സംഘടന   നശിക്കുന്നു  എന്ന്  അർത്ഥം . A  dog's   breakfast  എന്ന്  പറഞ്ഞാൽ
ഒരു  വൃത്തികെട്ട  സാധനം   എന്ന്   അർത്ഥം . എന്നാൽ   ഇതു  പറയുന്ന
മനുഷ്യർ   hot dog   കിട്ടിയാൽ   വെട്ടി   വിഴുങ്ങുന്നത്   കാണാം .

മനുഷ്യരെ   പല  വിധത്തിൽ   തരം   തിരിക്കാം . (a )  പട്ടികളെ   ഇഷ്ടപ്പെടുന്നവർ  ( ബി)  പട്ടികളെ   ഇഷ്ടപ്പെടാത്തവർ   ( സി )  പട്ടി വിഷയത്തിൽ   ഒട്ടും   താല്പര്യമില്ലാത്തവർ  ( നോട്ട )

വേറൊരു   തരം   തിരിവ്   ഇങ്ങനെയാണ് . ( എ)  പട്ടികളെ   വളർത്തുന്നവർ
( ബി)   പട്ടികളെ    വളർത്താത്തവർ .
ഞാൻ  (ബി )  വിഭാഗത്തിൽപ്പെട്ട   ആളാണ് . പണ്ട്  രണ്ടാം  ക്ലാസ്സിൽ  പഠിക്കുമ്പോൾ   ഞങ്ങളുടെ   അയൽക്കാരനായ   നരിതൂക്കിൽ  മത്തായി ചേട്ടന്റെ   ഒരു  പട്ടി  എന്നെ   നിത്യവും   ശല്യപ്പെടുത്തിയിരുന്നു ,സ്കൂളിലേയ്ക്ക്   പോകുന്ന   വഴിക്ക് . കരിക്കട്ടയുടെ  നിറമുള്ള  അവൻറെ  പേര്   ഡെവിൾ   എന്നായിരുന്നു . ഒരു  ദിവസം   അവൻ   എന്നെ  കമ്മി .(ചെറുകടി ). അവൻറെ   മുഖം   ഓർക്കുമ്പോൾ   ഇപ്പോഴും   ഒരു  ഉൾക്കിടിലം
ഉണ്ടാകും . അതുകൊണ്ടാണ്   ഞാൻ   പട്ടിയെ   വളർത്തത് .

എൻറെ   അയൽവാസികൾ  പട്ടിപ്രേമികളാണ്. ഓരോ  വീട്ടിലും  അഞ്ചും  ആറും   പട്ടികളുണ്ട് . അതുകൊണ്ട്   ഈ   ഏരിയയിൽ   രാത്രിയിൽ  കള്ളന്മാർ
കടന്നു  വരാറില്ല .

നിങ്ങളുടെ   ഇഷ്ടമൃഗം  ഏതെന്ന്   ചാനലുകാർ   ഒരു  സർവ്വേ   നടത്തിയാൽ
( eg  നിങ്ങളുടെ  ഇഷ്ടമന്ത്രി )  90   ശതമാനം   വോട്ട്   പട്ടിക്ക്  കിട്ടും . എന്നിട്ടും
മനുഷ്യർ  തൊട്ടതിനും   പിടിച്ചതിനും   പട്ടിയുടെ   പേര്   പറഞ്ഞ്   അവഹേളിക്കുന്നത്  എന്തിന് ? eg   അംബാസിഡർ   കാർ  ഇപ്പോൾ  പട്ടിക്കു പോലും   വേണ്ട !
പട്ടി കൊടിയ   വിവേചനത്തിന്   ഇരയാകുന്നു . ആന , കുതിര ,ഒട്ടകം  എന്നിവ
തെരഞ്ഞെടുപ്പിൽ   ചിഹ്നങ്ങളാണ് . പട്ടി  ഒരു  ചിഹ്നമാണോ  എന്ന്  അറിഞ്ഞുകൂടാ . ആണെങ്കിൽത്തന്നെ   ഒരു  കുത്തയും   അതിൽ  കുത്താൻ
പോകുന്നില്ല .

പട്ടിയെ   അവഹേളിക്കുന്നതിന്റെ   കാരണത്തെപ്പറ്റി    വളരെ  ആലോചിച്ച്
ഞാൻ  ഒരു  നിഗമനത്തിൽ  എത്തി . സ്വന്തം  പട്ടിയെ  എല്ലാവർക്കും  ഇഷ്ടമാണ് .
പട്ടിക്കു വേണ്ടി    വളരെ  പണം  ചെലവഴിക്കുന്നവരുണ്ട് . പട്ടിയെ  കൂടെ
കിടത്തുന്നവരുണ്ട്‌. മുഖത്ത്   നക്കാൻ   അനുവദിക്കുന്നവരുണ്ട്. പട്ടിയുടെ  ജന്മ ദിനം   ആഘോഷിക്കുന്നവരുണ്ട് . ജൊഹാനെസ്ബുർഗ്ൽ  പട്ടികൾക്കു  വേണ്ടി
പ്രത്യേക   ശ്മശാനം  ഉണ്ട് . പക്ഷേ  പട്ടിപ്രേമികളും   ചിലപ്പൊൾ  '' പോടാ
പട്ടി '' എന്ന്   കുരച്ചേക്കാം . അവർ   ഉദ്ദേശിക്കുന്നത്   മുന്തിയ  ഇനം  പട്ടികളെയല്ല, പോലീസിനെപ്പോലും    പേടിയില്ലാത്ത   തെരുവു നായ്ക്കളെയാണ് . ആന്റോ  ആന്റണി    പേപ്പട്ടിയെ  എടുത്ത്   പ്രയോഗിച്ചപ്പോൾ   പിസി  ജോർജ്  മുതുകിൽ   പുണ്ണ്  ഉള്ള  പട്ടിയെ   അഴിച്ചു  വിട്ടു .

പുതിയ  സർക്കാർ   വന്നതു കൊണ്ട്   പട്ടികൾക്ക്   ശാപമോക്ഷം  കിട്ടുമെന്ന്
പ്രതീക്ഷിക്കാം . മൃഗാവകാശങ്ങളുടെ   സംരക്ഷകയായ   മനേകഗാന്ധിയിൽ
പട്ടികൾക്ക്   വിശ്വാസമർപ്പിക്കാം . '' പട്ടിവിളി '' നിരോധന നിയമം   അവർ
കൊണ്ടുവരും . നിയമം   പാലിക്കാത്തവർക്ക്   കനത്ത  പിഴ   ഈടാക്കും .
ഉദാഹരണമായി   പാർലമെന്റിൽ  'കുത്താ ' വിളി  നടത്തുന്നവർക്ക്  വിളി
ഒന്നിന്   പതിനായിരം  രൂപാ   ഈടാക്കും . അസ്സംബ്ലിയിൽ  ഇത്   അയ്യായിരം
രൂപാ   ആയിരിക്കും . കുടുംബങ്ങളിൽ   നൂറു  രൂപാ .  വിളി  കണ്ടു പിടിക്കുന്നതിന്    എല്ലായിടത്തും    രഹസ്യ ക്യാമറകൾ   സ്ഥാപിക്കും .കുറ്റക്കാരെ   കണ്ടുപിടിക്കുന്നതിനു വേണ്ടി   പ്രത്യേക  ഡോഗ്  squad കൾ
രൂപീകരിക്കും . സിനിമയിലെ   'പട്ടിവിളിക്ക് '  സെസ്   ഏർപ്പെടുത്തും .

പ്രതിപക്ഷം   എത്ര  കുരച്ചാലും   പ്രയോജനമില്ല .












No comments:

Post a Comment