Monday, 2 June 2014

പ്രൈമറി സ്കൂൾ ഓർമ്മകൾ

കേരളത്തിൽ   സ്കൂളുകൾ   തുറക്കുന്നതിന്റെ   ആഘോഷങ്ങൾ  കണ്ടപ്പോൾ
ഞാൻ   എൻറെ   പ്രൈമറി സ്കൂൾ പ്രവേശത്തെപ്പറ്റി   ഓർത്തു. പ ലതരം  വാർഷികങ്ങൾ   ആഘോഷിക്കുന്നത്   ഇന്ന്   ഒരു  ഫാഷൻ  ആയിരിക്കുന്നത്
കൊണ്ട്   വിദ്യാരംഭത്തിന്റെ   അറുപതാം   വാർഷികം   ആഘോഷിക്കാനുള്ള
ഒരവസരം   എനിക്ക്   കിട്ടിയിരിക്കുകയാണ് .

അന്നും  ഇന്നുമായുള്ള   പ്രധാന  വ്യത്യാസം   കുടുംബത്തിൽ  കുട്ടികളുടെ
എണ്ണത്തിലുള്ള  വ്യത്യാസമാണ്. ഇന്ന്   ശരാശരി  1-3   കുട്ടികളാണ്  ഒരു
കുടുംബത്തിൽ   ഉള്ളത് .  അന്ന്  ഞങ്ങളുടെ  നാട്ടിൽ  6 -14   ആണ് . ഇന്ന്  ഒരു
കുട്ടിയുടെ   എല്ലാ  ചലനങ്ങളും മാതാപിതാക്കളുടെ  നിരീക്ഷണത്തിലാണ് .
ഇന്ന്    മാതാപിതാക്കൾ   spy  satellites   പോലെയാണ് .  എൻറെ  കുട്ടിക്കാലത്ത്
ഞങ്ങൾക്ക്   മാതാപിതാക്കളുടെ   ശ്രദ്ധ  വളരെ  കുറച്ചേ  കിട്ടിയിരുന്നുള്ളു .
10 -12   അംഗങ്ങൾ   ഉള്ള  ഒരു  കുടുംബത്തെ   തീറ്റി പോറ്റുന്നത്തിനുള്ള   ബദ്ധപ്പാടിൽ   ആയിരുന്നു   മാതാപിതാക്കൾ . മുതിർന്ന  കുട്ടികൾ   ഇളയവരുടെ  കാര്യങ്ങൾ   നോക്കിയിരുന്നു . കുട്ടികൾക്ക്   ലാളന  ഒട്ടും  കിട്ടിയിരുന്നില്ല .അതിൽ  പരാതിയോ   പരിഭവമോ  ഉണ്ടായിരുന്നില്ല .

വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള   ആവേശം   നാട്ടിൽ  ഉണ്ടായിരുന്നു . 1950 ൽ
പാലാ  കോളേജ്  സ്ഥാപിച്ചതോടെയാണ്  ഈ   ആവേശം  എല്ലാ  വീടുകളിലും
എത്തിയത്. എൻറെ  മൂത്ത  ജ്യേഷ്ഠൻ , പ്രൊഫസർ  എൻ കെ  ജോസഫ്‌
അന്ന്   പാല  കോളേജിൽ  പഠിക്കുകയാണ് . അടുത്ത ജ്യേഷ്ഠൻ  തോമ്മാചെൻ
ഹൈ സ്കൂളിൽ . താഴെയുള്ള   സഹോദരി  മറിയക്കുട്ടി   middle  സ്കൂളിൽ .
ഏലിക്കുട്ടിയും   ദേവസ്യച്ചനും    പൈക   ലിറ്റിൽ  ഫ്ലവർ   പ്രൈമറി  സ്‌കൂളിൽ .
ആ   സ്കൂളിലാണ്   1954ൽ   ഞാൻ   ഒന്നാം   ക്ലാസ്സിൽ   ചേർന്നത്‌ . ഏറ്റവും  മൂത്ത ചേച്ചിയെ   പണ്ടേ  വിവാഹം  ചെയ്ത്  അയച്ചിരുന്നു . രണ്ടാമത്തെ
ചേച്ചി  അന്നക്കുട്ടി   മഠത്തിൽ  ചേർന്നിരുന്നു . അന്നക്കുട്ടി  പാല St .Mary's
High  സ്കൂളിൽ   നിത്യവും   നടന്നു  പോയി  പഠിച്ചതാണ് .

പൈക   പള്ളിയുടെ   സമീപത്തായിരുന്നു   സ്കൂൾ . ഒന്ന്  മുതൽ  അഞ്ച്
വരെ  ക്ലാസുകൾ . ഓരോ  ക്ലാസ്സിലും  25  കുട്ടികളിൽ  കൂടുതൽ  ഇല്ല . വാസ്തവത്തിൽ   അത്   ഒരു   ഹാൾ  ആയിരുന്നു . തട്ടി  കൊണ്ട്   ക്ലാസുകൾ
തിരിച്ചിരുന്നു . അടുത്ത   ക്ലാസ്സിൽ   പഠിപ്പിക്കുന്നത്‌   കേൾക്കാം . കെട്ടി  അടക്കാത്ത  ഹാൾ   ആയതിനാൽ   റോഡിൽ   വല്ലപ്പോഴും  ബസ്സും  കാളവണ്ടിയും   പോകുന്നത്  കാണാം .

സ്കൂളിലേക്ക്   നടന്നാണ്   പോകുന്നത് . അയലത്തെ   രണ്ടു  പറമ്പുകളിൽകൂടി
  നടന്ന് ,പിന്നെ   ഒരു  ഇടവഴിയിലൂടെയാണ്   യാത്ര . മഴക്കാലത്ത്‌  ഒരടിയെങ്കിലും  വെള്ളം  ഉണ്ട് . ഒരു  ചെറിയ  കുന്ന്  കയറി  ഇറങ്ങേണ്ടത്  കൊണ്ട്  ആ   ഭാഗത്ത്‌   വെള്ളമില്ല . പൈക യുടെ  അടുത്തെത്തുമ്പോൾ  ഇടവഴി   ചന്തയുടെ  അടുത്താണ് . ഉണക്കമീനിന്റെ   ദുർഗന്ധം   അവിടെ
നിറഞ്ഞു നിന്നിരുന്നു .

uniform , ചെരുപ്പ്   എന്നിവ   കുട്ടികൾക്ക്  ഇല്ല . ചില ആണ്‍കുട്ടികൾ   നിക്കർ
അല്ലെങ്കിൽ  മുണ്ട്  മാത്രം  ധരിച്ചാണ്  എത്തുക . readymade  വസ്ത്രങ്ങൾ  അന്ന്
ഇല്ല . അളവെടുത്ത്   തൈപ്പിക്കുകയാണ്   പതിവ് .

കന്യാസ്ത്രീകൾ   മാത്രം  പഠിപ്പിച്ചിരുന്ന   സ്കൂളായിരുന്നു   അത് .
അന്നത്തെ   പാഠപുസ്തകം   ഇങ്ങനെ   ആയിരുന്നു :

അമ്മ , അണ , ആന ,ആമ , ഇമ , ഇല , ഈറ ,ഈച്ച ,  ഉല , ഉറി ,ഊത്ത് , ഊഞ്ഞാൽ , ഏണി ,ഏലം , ഒട്ടകം ,ഓന്ത്  etc ( അണ  തിരുവിതാംകൂറിലെ   നാണയം  ആയിരുന്നു . )

പഠനം   ബുദ്ധിമുട്ടുള്ള   കാര്യമായി  എനിക്ക്   തോന്നിയില്ല . കാരണം
എൻറെ  സഹോദരീസഹോദരന്മാർ  പഠിക്കുന്നത്  കണ്ടും  കേട്ടും  കുറെ
കാര്യങ്ങൾ   ഞാൻ   മനസ്സിലാക്കിയിരുന്നു . ഉദാഹരണമായി , എൻറെ  മൂത്ത
ചേട്ടൻ  Indian  Express  വരുത്തിയിരുന്നു . അതിൽ   ടാർസന്റെ  ചിത്രകഥയുണ്ട് .
ചേട്ടൻ   എല്ലാ  ദിവസവും   അത്  പറഞ്ഞു  തരും .  തോമ്മാചെൻ   ഹാംലെറ്റ് ,
മാർത്താണ്ഡ വർമ്മ , കരുണ , വാഴക്കുല , മുതലായ  കഥകൾ  പറഞ്ഞു  തരും .
മറ്റുള്ളവരുടെ   പാഠപുസ്തകങ്ങളും   ഞാൻ   മറിച്ചു   നോക്കും .

ചില   വാരാന്ത്യങ്ങളിൽ   ചേട്ടൻറെ   ഒരു  സുഹൃത്ത്‌ , പരേതനായ  പ്രൊഫസ്സർ
എം ടി  ഇമ്മാനുവേൽ,  ഒന്നിച്ച്   പഠിക്കാനായി   വരും . അവർ  ഇംഗ്ലീഷിൽ
സംസാരിച്ച്   practice   ചെയ്തിരുന്നു .

കുട്ടികൾ   ഏറ്റവും  കൂടുതൽ  പഠിക്കുന്നത്   കുടുംബം ,പ്രകൃതി  എന്നിവയിൽ
നിന്നാണ് . സ്കൂളിന്  മൂന്നാം   സ്ഥാനമേയുള്ളൂ   എന്നാണ്  എൻറെ  വിനീതമായ   അഭിപ്രായം . സ്വന്തം   അമ്മയെപ്പോലെ   പ്രധാനമാണ്   പ്രകൃതി .
ഉദാഹരണമായി   ഒരു  ഒന്നാം  ക്ലാസ്സിലെ   പാഠപുസ്തകത്തിൽ  പശുവിനെപ്പറ്റി, അല്ലെങ്കിൽ   തെങ്ങിനെപ്പറ്റി   ഒരു  പാഠം  ഉണ്ട്  എന്നിരിക്കട്ടെ .
സ്വന്തം  വീട്ടിൽ  ഒരു  പശു ,അല്ലെങ്കിൽ  ഒരു  തെങ്ങ്  ഉള്ള  ഒരു  കുട്ടിക്ക് ആ
പാഠം   പറഞ്ഞു കൊടുക്കേണ്ട   ആവശ്യമില്ല . മാതാപിതാക്കൾ  ഇത്തരം  കാര്യങ്ങൾ   കുട്ടികളുമായി   ചർച്ച  ചെയ്യുകയും  അത്തരം  നല്ല  കാര്യങ്ങളിലേക്ക്   അവരുടെ   ശ്രദ്ധ   തിരിക്കുകയും  വേണം .

1950 കളിൽ   പ്രകൃതിക്ക്   കോട്ടം  തട്ടിയിരുന്നില്ല .ഞങ്ങളുടെ  നാട്ടിൽ  ഓരോ
കുടുംബത്തിനും   6 -10  ഏക്കർ   ഭൂമി  ഉണ്ടായിരുന്നു . ഭൂരഹിതരും  ഉണ്ടായിരുന്നു . റബ്ബറിന്   വലിയ  സ്ഥാനം  ഉണ്ടായിരുന്നില്ല . പറമ്പുകളിൽ
മാവ് ,പ്ലാവ് , ആഞ്ഞിലി , പന ,പുളി ,കശുമാവ്   മുതലായ   വൃക്ഷങ്ങൾ  ധാരാളം   ഉണ്ടായിരുന്നു .  പശു ,ആട് ,കോഴി ,പന്നി  മുതലായവയെ   വളർത്തിയിരുന്നു .വൈദ്യുതി , ടാർ  റോഡ്‌ , റേഡിയോ ,ടിവി ,കളർ ചിത്രങ്ങൾ
മുതലായ   കാര്യങ്ങൾ   ഇല്ലാത്ത   അക്കാലത്ത്  പ്രകൃതിയിലെ   അത്ഭുതങ്ങളാണ്   കുട്ടികൾക്ക്   സന്തോഷം   നൽകിയിരുന്നത് . വളരെ  കുറച്ച്
സമയമാണ്    ഞങ്ങൾ   വീടിനുള്ളിൽ   ചെലവഴിച്ചിരുന്നത് . ഇത്  പ്രത്യേക
പഠനം   അർഹിക്കുന്നു .

1954 ലെ   പ്രധാന   സംഭവം   ആദ്യകുർബാന സ്വീകരണമായിരുന്നു . പാലാ
ബിഷപ്പ്  Dr സെബാസ്റ്റ്യൻ  വയലിൽ  ആയിരുന്നു  മുഖ്യ  കാർമ്മികൻ . സിസ്റ്റെർസ്  ഞങ്ങളെ   എല്ലാ കാര്യങ്ങളും   പഠിപ്പിച്ച്  ഒരുക്കി . എൻറെ
പിതാവ്   വില കൂടിയ  കുപ്പായം  തൈപ്പിച്ചു . shoes  വാങ്ങി . പള്ളിയിൽ
ആണ്‍കുട്ടികളെയും  പെണ്‍കുട്ടികളെയും   രണ്ടു  വരിയായി  നിറുത്തി .എന്നെ
മുമ്പിൽ  നിറുത്തുമെന്ന്   പ്രതീക്ഷിച്ചില്ല . പെണ്‍കുട്ടികളിൽ  മുമ്പിൽ


റോസമ്മ
എന്ന  കുട്ടിയായിരുന്നു . വെള്ള വസ്ത്രം ധരിച്ച്  മുടി ചൂടി ,കയ്യിൽ  പൂച്ചെണ്ടുമായി  നിന്ന  അവൾ  ഭൂമിയിലെ   മാലാഖയായി  എനിക്ക്  തോന്നി .
മെത്രാന്റെ  കൈ  മുത്തി യപ്പോൾ   അപൂർവമായ   ഒരു  സുഗന്ധം  അനുഭവപ്പെട്ടു . വയലിൽ   തിരുമേനി  വിദേശയാത്രകൾ   നടത്തിയിട്ടുള്ള
ആളാണ്‌ . ഫ്രാൻ‌സിൽ നിന്നോ  ഇറ്റലിയിൽ  നിന്നോ  വാങ്ങിയ  pefume ൻറെ
സുഗന്ധമായിരുന്നു   അത് .

ഒരു  ദിവസം   സ്കൂളിൽ   ഒരു  പാമ്പാട്ടി  വന്നു . സ്കൂൾ  നേരത്തെ  വിട്ടു .പാമ്പാട്ടി   കുഴൽ  ഊതിതുടങ്ങി . നാനാഭാഗത്ത്‌ നിന്നും   പാമ്പുകൾ  അസ്ത്രങ്ങൾ  പോലെ   ചീറി  വന്നു . പാമ്പാട്ടി   അവയെ  പിടിച്ച്  കുട്ടകളിൽ
നിക്ഷേപിച്ചു . ഇത്രയധികം   പാമ്പുകൾ   ആ  പറമ്പിൽ  ഉണ്ടായിരുന്നു  എന്നത്
വളരെ   അവിശ്വസനീയമായി   തോന്നി . അന്ന്   വൈകീട്ട്   സന്ധ്യാ പ്രാർത്ഥനയ്ക്ക്   ശേഷം   ചാച്ചൻ   ഇങ്ങനെ   പറഞ്ഞു .

''  പാമ്പാട്ടി   സിസ്റ്റെർസിനെ   പറ്റിച്ചു .പാമ്പാട്ടി   രഹസ്യമായി  തൻറെ   പാമ്പുകളെ   പറമ്പിൽ   അഴിച്ചു  വിട്ടിരുന്നു . സ്വന്തം  പാമ്പുകളെയാണ്
അയാൾ   പിടിച്ചത് . സിസ്റ്റെർസിനു  നല്ല  ഒരു  തുക  നഷ്ടമായി .''

എല്ലാവരും   ചിരിച്ചു .





No comments:

Post a Comment