Thursday, 5 June 2014

ലോകപരിസ്ഥിതി ദിന ചിന്തകൾ


  The  world  is too much  with  us; late  and  soon
  Getting  and  spending, we lay waste our  powers!
  Little  we see in  Nature  that is ours
  We  have  given  our  hearts  away, a sordid  boon !

             (  from ' THE  WORLD  IS TOO MUCH WITH US'  by  William  Wordsworth )

ലോക പരിസ്ഥിതി  ദിനത്തിൽ   വായിക്കാനും   ചിന്തിക്കാനും  ഏറ്റവും  അനുയോജ്യമായ    ഒരു  കവിതയാണ്   Wordsworth ൻറെ   ' The   World  is  too
much  with  us '.   ആധുനിക സാങ്കേതികവിദ്യകൾ   ഇല്ലാതിരുന്ന  1802 ലാണ്
ഈ   കവിത   എഴുതപ്പെട്ടത്   എന്നത്   നമ്മെ   വിസ്മയിപ്പിക്കുന്നു . ഒരു
ദീർഘദർശനമായി   ഇന്നും   ഈ   കവിത  വായിക്കപ്പെടുന്നു . ലൌകിക
സുഖങ്ങൾക്കു വേണ്ടിയുള്ള   മനുഷ്യൻറെ  പരക്കം  പാച്ചിലിൽ   പ്രകൃതിയെ
നമ്മൾ   മറക്കുന്നു . പ്രകൃതിയുടെ   അനുഗ്രഹങ്ങളെ  നമ്മൾ  കാണുന്നില്ല .നമ്മുടെ  സ്വാർത്ഥത കാരണം   നമ്മുടെ   ഹൃദയങ്ങളെ പോലും  നമ്മൾ
തീറെഴുതിയിരിക്കുന്നു   എന്ന്   Wordsworth   സങ്കടപ്പെടുന്നു .

ഈ   പ്രവചനം   കേരളത്തെ  സംബന്ധിച്ച്   അച്ചട്ടാണ് .  വലിയ വലിയ കെട്ടിടങ്ങളും    വാഹനങ്ങളുടെ   നിലയ്ക്കാത്ത   ഒഴുക്കും  കണ്ട്   അത്
പുരോഗതിയാണെന്നും   വികസനമാണെന്നും   കരുതുന്നത്  കഥയറിയാതെ
ആട്ടം    കാണുന്നത്   പോലെയാണ് .ആധുനിക   സാങ്കേതിക വിദ്യകൾ  നമുക്ക്
ആവശ്യമാണ് .  എന്നാൽ   അതിനു വേണ്ടി   പരിസ്ഥിതിയെ   നശിപ്പിക്കുക
എന്നത്   അത്മാഹത്യാപരമാണ് . നമ്മുടെ  നദികൾ , തോടുകൾ , കായൽ ,
നെൽവയലുകൾ , തണ്ണീർതടങ്ങൾ   മുതലായവ  നശിപ്പിക്കപ്പെട്ടിരിക്കുന്നു . മാലിന്യം   നിക്ഷേപിക്കാൻ   സ്ഥലമില്ല . കുടിക്കാനുള്ള   വെള്ളം   പണം
കൊടുത്ത്   വാങ്ങണം . കുന്നുകൾ   ഇടിച്ചു നിരത്തി   ഫ്ലാറ്റുകളും   വില്ലകളും
പണിതു കൊണ്ടിരിക്കുന്നു .

ഞാൻ   ജനിച്ചു  വളർന്ന   പൈക  എന്ന   സ്ഥലത്ത്   റോഡ്‌   ക്രോസ്  ചെയ്യാൻ
പ്രയാസമാണ് . വാഹനങ്ങൾ   എപ്പോഴും   ഒഴുകിക്കൊണ്ടിരിക്കുകയാണ് .
മുന്തിയ   വാഹനങ്ങളാണ്   ഏറെയും. നാട്   വളരെ   പുരോഗമിച്ചിരിക്കുന്നു .നല്ല   കാര്യം . അവിടെ  പരിസ്ഥിതിയുടെ   കാര്യം  എന്താണ് ? ജനങ്ങളുടെ
സമീപനങ്ങൾ   എന്താണ് ?  സ്ഥിരം   താമസിക്കാത്തത്  കൊണ്ട്   ശരിയായി
അറിഞ്ഞു കൂടാ . എന്തായാലും   കുന്നുകൾ   ഇടിച്ചു നിരത്തി   വീടുകൾ
നിർമ്മിക്കുന്നുണ്ട് .

റബ്ബർ   വ്യപകമാകുന്നതിനു  മുമ്പത്തെ   സ്ഥിതി  എന്തായിരുന്നുവെന്ന്  ഓർമ്മിച്ചെടുക്കാൻ  ശ്രമിക്കുകയാണ്  ഇവിടെ . അറുപത്  വർഷം  മുമ്പ്
റബ്ബറിന്  പൊന്നും  വില  ഉണ്ടായിരുന്നില്ല . തെങ്ങ് ,കമുക് ,പ്ലാവ് ,ആനി ,
പന ,പുളി ,മാവ്   മുതലായ   വൃക്ഷങ്ങൾ   പറമ്പുകളിൽ   ധാരാളം  ഉണ്ടായിരുന്നു . മറ്റൊരു  വൃക്ഷം  എന്ന  നിലയിൽ  കുറെ  റബ്ബർ  മരങ്ങൾ
ഞങ്ങളുടെ   പറമ്പിൽ   ഉണ്ടായിരുന്നു . ചുരുക്കി പറഞ്ഞാൽ   വിവിധ ഇനം
വൃക്ഷങ്ങൾ   നിറഞ്ഞ   ഒരു  വനം   ആയിരുന്നു  അത്. അയൽവക്കത്തെ
പറമ്പുകളും   അങ്ങനെ  തന്നെ . പറമ്പിൽ   കുറച്ചു  സ്ഥലം  കപ്പ ,ഇഞ്ചി ,കാച്ചിൽ ,ചേന   മുതലായവ   നടുന്നതിന്   വേണ്ടി  മാറ്റി  വെച്ചിരുന്നു .കുറെ   മരങ്ങൾ
ഇഞ്ചിക്ക്   ചവറിടാൻ   വേണ്ടിയുള്ളതായിരുന്നു .

ഒരു   കുടുംബത്തിന്   ആവശ്യമായ  ഭക്ഷണത്തിന്  വേണ്ട   സാധനങ്ങൾ  പറമ്പിൽ  നിന്ന്  കിട്ടിയിരുന്നു . കപ്പ ,ചക്ക , മാങ്ങാ ,വാഴയ്ക്ക , കുമ്പളങ്ങ ,ഈന്തങ്ങ , കൂവ , മുതലായവയ്ക്ക്   പുറമേ   പനയുടെ  പൊടിയും  ഭക്ഷണത്തിന്   ഉപയോഗിച്ചിരുന്നു . മാവും  പ്ലാവും  ആഞ്ഞിലിയും  ഒന്നും
രണ്ടുമല്ല , വിവിധ തരം , അനേകം  ഉണ്ടായിരുന്നു . ഞങ്ങൾ  കുട്ടികൾ  ഒരിക്കലും  വിശപ്പ്‌   അറിഞ്ഞിരുന്നില്ല . മാമ്പഴവും   ചക്കപ്പഴവും  കശുമാവിൻ  പഴവും   സുലഭം .  നല്ലയിനം  വാഴപ്പഴം , കൈതച്ചക്ക ,ശീമനെല്ലിക്ക , ചാമ്പങ്ങ   മുതലായവയും   സുലഭമായിരുന്നു . പ്രകൃതിയോടിണങ്ങി ചേർന്ന   ഒരു  ജീവിത  ശൈലിയായിരുന്നു  അന്ന്  നിലവിലുണ്ടായിരുന്നത് . അവധിക്കാലമായാൽ   ഞങ്ങൾ ,കുട്ടികൾ, ഉറങ്ങാൻ
വേണ്ടി  മാത്രമാണ്   വീട്ടിൽ  എത്തുന്നത്‌ . ഇന്നത്തേതുപോലെ   കുട്ടികൾ  എവിടെ  പോയെന്ന്   മാതാപിതാക്കൾ   അന്വേഷിക്കാറില്ല .

പറമ്പിന്റെ   അതിരിൽ   ഒരു  വലിയ  ആഞ്ഞിലിയിൽ  നിന്ന്   അമൃത്  എന്ന
വള്ളിച്ചെടി   തൂങ്ങി കിടപ്പുണ്ട് . ടാർസൻ   ആയി  സ്വയം  സങ്കൽപ്പിച്ചു കൊണ്ട്
അതിൽ തൂങ്ങി  ആടാൻ   വളരെ   രസമായിരുന്നു . വിശപ്പ്‌  തോന്നിയാൽ  വീട്ടിലേക്ക്   പൊവുകയില്ല . ചക്കപ്പഴം   എപ്പോഴും   റെഡിയാണ്. വരിക്ക പ്ലാവിൻറെ   ചുവട്ടിൽ  ചെല്ലുമ്പോൾ ത്തന്നെ   അറിയാം  ഒന്നു രണ്ടെണ്ണം
പഴുത്തിട്ടുണ്ട്  എന്ന് . നല്ല   സുഗന്ധമാണ് .  തേനീച്ചകൾ   ചക്കപ്പഴത്തിനു  ചുറ്റും  വട്ടമിട്ട്   പറക്കുന്നത്   കാണാം . ചക്കപ്പഴം   ചതയാതെ  നടുക്ക്   കയറു കെട്ടി
താഴെയിറക്കുന്നത്  ഒരു  വിനോദമായിരുന്നു . ഒരാൾ  പ്ലാവിൽ  കയറി  കയറു
കെട്ടി  ചക്കയുടെ   ഞെടുപ്പ്   കണ്ടിക്കും .താഴെ  നിൽക്കുന്നയാൾ   പതുക്കെ
പതുക്കെ   കയർ  അയച്ച്   ചക്ക  താഴെയിറക്കും .

പഴുത്ത   ആനിക്ക   പറിക്കുന്നതും   ഒരു  വിനോദമായിരുന്നു . ഒരാൾ  ആഞ്ഞിലിയിൽ   കേറി   ആനിക്ക   പറിച്ച്   താഴേക്കിടും . ഒരാൾ   താഴെ  നിന്ന്
ചവറ്   നിറച്ച  കുട്ടയിൽ   അത്  ചതയാതെ  പിടിക്കും .

കൂഴ ചക്കപ്പഴം   പ്ലാവിൽ  വെച്ചുതന്നെ   പൊളിച്ച്   തിന്നുതാണ്  ഏറ്റവും
രസകരം . ഞങ്ങൾക്ക്   പത്തോളം   കശുമാവുകൾ  ഉണ്ടായിരുന്നു . ചുവന്നതും
മഞ്ഞയും   പഴങ്ങൾ . ചിലത്   തിന്നാൻ  കൊള്ളാം . കശുവണ്ടി  പെറുക്കി
സൂക്ഷിച്ചു വെച്ച്   വിറ്റ്   സ്വന്തമായി  പോക്കറ്റ്‌  money   സമ്പാദിച്ചിരുന്നു .

വർഷത്തിൽ   ഒരു  ദിവസം   കപ്പ   വാട്ടുന്നതിനു വേണ്ടി   നീക്കി  വെച്ചിരുന്നു .
ഒരു  വർഷത്തേക്ക്    ആവശ്യമായ   കപ്പയാണ്   വാട്ടി ഉണക്കി   ചാക്കുകളിൽ  സൂക്ഷിക്കുന്നത് . അഞ്ചാറുപേർ  വട്ടമിട്ടിരുന്നാണ്   കപ്പ  പൊളിച്ച്  അയുന്നത് .  കൂവ   അരക്കുന്നതും    ഒരു  വിനോദമായിരുന്നു .


പറമ്പുകളിൽ    പക്ഷികൾ   ധാരാളം . തത്ത , കുയിൽ , ഉപ്പൻ , ഓലേഞ്ഞാലി ,പച്ചിലകുടുക്ക , മൂങ്ങ , പരുന്ത് , കരിയിലപ്പിട   മുതലായ  ധാരാളം  പക്ഷികൾ .
രാത്രിയിൽ    ഈയലിനെ  തിന്നാൻ   കടവാവലുകൾ  എത്തും .വീടുകളിൽ  ഏതെങ്കിലും   ഒരു  പക്ഷിയെ   വളർത്തുക  പതിവായിരുന്നു . എൻറെ  ജ്യേഷ്ഠൻ   തോമ്മാചെൻ   ഉണങ്ങിയ   പനയിൽ  നിന്ന്   ഒരു  കിളിക്കുഞ്ഞിനെ
പിടിച്ചു . '' തത്തമ്മേ   പൂച്ച ,പൂച്ച '', '' അമ്മച്ചീ ,പാല് '' എന്നൊക്കെ   പറയാൻ
അതിനെ   പഠിപ്പിച്ചു . എൻറെ  വകയായി '' Good  morning ''  എന്നും  പഠിപ്പിച്ചു .
സന്ധ്യമയങ്ങും നേരവും     ആ   പാവം '' Good  morning ''  പറഞ്ഞുകൊണ്ടിരുന്നു .

ഉണങ്ങിയ  മരുതിന്റെ   വിടവുകളിൽ  ചെറുതേനീച്ചകൾ   കൂട് വെയ്ക്കും .തക്ക   സമയമാകുമ്പോൾ   ഞങ്ങൾ   കൈക്കോടാലി കൊണ്ട്  വെട്ടി  തേൻ
എടുക്കും .ഉള്ളം  കയ്യിൽ  ഒഴിച്ച്  തരുന്ന   തേൻ  നക്കിക്കുടിക്കുകയെന്നത്
മറക്കാനാവാത്ത   ഒരു  അനുഭവമാണ് .

പേരക്ക ,ചെറുനാരങ്ങ , ഒടിച്ചുകുത്തി നാരങ്ങ , മധുര നാരങ്ങ , കമ്പിളി നാരങ്ങ  മുതലായവ   വീടിനോടടുത്ത്   സുലഭമായിരുന്നു . കപ്പളങ്ങയും  കൈതച്ചക്കയും     ധാരാളം .

പ്ലാസ്റ്റിക്‌  ഇല്ലാത്ത  കാലമാണ് . കുട്ടികൾക്ക്   കളിപ്പാട്ടങ്ങൾ   പ്രകൃതിയിൽ
നിന്നാണ്   കിട്ടുന്നത് . ചക്കമടൽ  ചെത്തിയെടുത്തു  വണ്ടിയുണ്ടാക്കാം .മെച്ചിങ്ങയിൽ   ഒരു   ഈർക്കിൽ  കുത്തിയാൽ  എറിയാൻ   ഒരു സാധനമായി .ഓലകൊണ്ട്   പന്തുണ്ടാക്കും . ഈറ്റയുടെ  ചെറിയ കുഴലിൽ  കാശാവിൻ കുരു
വെച്ച്  വെടിവെക്കുന്ന   ഒരു  തോക്കുണ്ടായിരുന്നു .പറമ്പുകളിലും  ഇടവഴികളിലും സമൃദ്ധമായി   വളർന്നിരുന്ന   ഒരു  ചെടിയാണ്   കാശാവ് .

എല്ലാ   വീടുകളിലും   പശു ,ആട് ,പന്നി ,കോഴി  മുതലായവയെ   വളർത്തിയിരുന്നു .  കുട്ടികൾക്ക്   വളരെ  താൽപ്പര്യമുള്ള   ഒരു  കാര്യമാണ്
വളർത്തു മൃഗങ്ങൾക്ക്   തീറ്റ  കൊടുക്കുന്നതും, ജനനം   മുതൽ   അവയുടെ
വളർച്ച   കാണുന്നതും . ഒരു  പശുക്കിടാവിനെ , ആട്ടിൻകുട്ടിയെ , കോഴിക്കുഞ്ഞിനെ   കയ്യിലെടുക്കുക  എന്നത്  ഒരു  കുട്ടിയെ  സംബന്ധിച്ചിടത്തോളം   ഏറ്റവും   സന്തോഷകരമായ   അനുഭവമാണ് . ഇന്ന്
വോട്ട്  എണ്ണലിന്റെ   ദിവസം   ഫലപ്രഖ്യാപനം   ആകാംക്ഷയോടെ   കാത്തിരിക്കുന്നത് പോലെയാണ്   മുട്ടവിരിഞ്ഞ്  കോഴിക്കുഞ്ഞുങ്ങൾ   പുറത്തുവരാൻ   ഞങ്ങൾ   കാത്തിരുന്നിട്ടുള്ളത് . എത്ര കുഞ്ഞുങ്ങൾ  ഉണ്ട്
എന്നറിയാനാണ്   ആകാംക്ഷ .  എത്ര  മുട്ട  അസാധുവായെന്നും   അറിയണം .
കുഞ്ഞുങ്ങൾ   പുറത്തു വന്നാൽ   അവയുടെ   വിവിധ   നിറങ്ങളാണ്   ആകർഷണം . കുഞ്ഞുങ്ങൾ   കുറെ  വലുതായിക്കഴിഞ്ഞാൽ    പരുന്തിൻറെ  ആക്രമണവും  തള്ളക്കോഴിയുടെ   ചെറുത്തുനിൽപ്പും   ഉദ്വേഗം  സൃഷ്ട്ടിച്ചിരുന്നു . പ്രസവം   അടുക്കുമ്പോൾ  പന്നി  ഓടിനടന്ന്   പച്ചിലകൾ  ശേഖരിച്ച് ഒരിടത്ത്   കൂട്ടിവെച്ച്   അവിടെയാണ്   പ്രസവിക്കുന്നത് .

basin  ഇല്ലാത്ത   അക്കാലത്ത്   ശിശുക്കളെ   കുളിപ്പിക്കാൻ   പാളയാണ്  ഉപയോഗിച്ചിരുന്നത് . നല്ല വൃത്തിയും  മാർദ്ദവവും   ചെറിയ  തണുപ്പും
ഉള്ളതാണ്   പാള .  കൊച്ചു പെണ്‍കുട്ടികളെ   കൂമ്പാള  ഉടുപ്പിക്കും .ഇന്നത്തെ
ബികിനി യുടെ   ഒരു  മിനി .

റബ്ബർ വ്യാപകമായതോടെ    പരിസ്ഥിതി   ആകമാനം   തകിടം  മറിഞ്ഞു . ആനിയും  പ്ലാവും   കുറെ  അവശേഷിച്ചിട്ടുണ്ട് . തെങ്ങിനും  വലിയ  മാവുകൾക്കും   സ്ഥാനമില്ലെന്നായി .  കിളികൾക്കും  മറ്റു പക്ഷികൾക്കും  ഇടമില്ലെന്നായി . ചെറിയ  ചെടികൾ   അപ്രത്യക്ഷമായി . വിഷം കലർന്ന
മാങ്ങയും  പേരക്കയും  പച്ചക്കറികളുമാണ്   ജനങ്ങൾ  ഇന്ന്   വാങ്ങി കഴിക്കുന്നത്‌ .

ഞങ്ങളുടെ   പറമ്പിൽനിന്നു  ഒരു  പറമ്പുകഴിഞ്ഞാൽ   ഒരു  പാടം  ഉണ്ടായിരുന്നു . ഏകദേശം   അര  കിലോമീറ്റർ  നീളത്തിൽ .അത്  മനോഹരമായ   ഒരു  പച്ചപ്പ്‌  ആയിരുന്നു . അവിടെ നിന്ന്  നെറ്റിയേൽ പൊന്നൻ ,വഴക്കാവരയൻ   മുതലായ   ചെറുമീനുകളെ   ഞങ്ങൾ  പിടിച്ച്  കുപ്പിയിൽ
വളർത്തിയിരുന്നു  . 1970കളിൽ   പാടം  നികത്തി   റബ്ബർ  വെച്ചു .ചിലർ
വീട്  വെച്ചു .

''പേർസണൽ  ആയിട്ട്   പറയുകയാണെങ്കിൽ '' ( ലാലു  അലക്സ്‌ )  ഇവിടെ
പരിസ്ഥിതി  നശിച്ചിട്ടില്ല .  ധാരാളം   പക്ഷികളെ  എന്നും  കാണാം . തേനീച്ചകൾ ,
ചിത്രശലഭങ്ങൾ , വണ്ടുകൾ ,തുമ്പികൾ  മുതലായവ  ഏറെയുണ്ട് . വിവിധ തരം  പൂച്ചെടികളും  മരങ്ങളും  ഉണ്ട് . പക്ഷികൾക്ക്   നിർഭയം  കൂടുവെക്കാനും
സൌകര്യമുണ്ട് . എല്ലാറ്റിനും   ഉപരി   പരിപൂർണ്ണ  നിശബ്ദതയും  ഉണ്ട് .





No comments:

Post a Comment