Saturday, 11 October 2014

Kanyasreeyammayum Satanum ( Short story )

കന്യാസ്ത്രീയമ്മയും     സാത്താനും  (  ചെറുകഥ )

പഴയിടത്ത്     കന്യാസ്ത്രീ അമ്മയുടെ യഥാർത്ഥ  പേര്
നാട്ടുകാർക്ക്‌   പൊതുവെ   അറിയില്ലായിരുന്നു . അന്നമ്മ
ചേടത്തി  എന്നാണ്   യഥാർത്ഥ പേര്  എന്ന്  ചില  പഴമക്കാർ   പറഞ്ഞുകേട്ടിട്ടുണ്ട് . എന്തായാലും   അവർ
എല്ലാവർക്കും  'കന്യാസ്ത്രീയമ്മയായിരുന്നു .ജനങ്ങൾ
അങ്ങനെ  വിളിക്കാൻ   രണ്ട്  കാരണങ്ങളാണ്‌  ഉണ്ടായിരുന്നത് . ഒന്ന് , അവർ   അവിവാഹിതയാ യിരുന്നു .
രണ്ട് , ദൈവഭക്തിക്കു  വേണ്ടിയും  കഷ്ടപ്പെടുന്നവർക്കു
വേണ്ടിയും   ഉഴിഞ്ഞു വെച്ച  ജീവിതമായിരുന്നു   അവരുടേത് .
പൈക  പള്ളിയിൽ  അതിരാവിലെ   ആദ്യം  എത്തുന്നതും
ഏറ്റവും  അവസാനം   അവിടെനിന്ന്  പോകുന്നതും  കന്യാസ്ത്രീയമ്മ   ആയിരുന്നു . പള്ളി  കഴിഞ്ഞാൽ
ടൌണ്‍ൻറെ   നടുക്ക് ,ചന്തയ്ക്ക്  എതിർവശത്തുള്ള
കുരിശുപള്ളിയിൽ   പ്രാർത്ഥിച്ച ശേഷമാണ്   വീട്ടിലെത്തുന്നത് . ചന്തയുടെ  ഒരറ്റത്ത്, സഹോദരനായ
മാത്തച്ചൻറെയും   അയാളുടെ  ഭാര്യ  റോസമ്മചെടത്തിയുടെയും  കൂടെയാണ്   കന്യാസ്ത്രീയ മ്മ
താമസിച്ചിരുന്നത് . മാത്തച്ചനും   റോസമ്മയും   നേഴ്സ്മാരായിരുന്നു .

കന്യാസ്ത്രീയമ്മ   ജനങ്ങളെയും   പന്നികളേയും  സ്നേഹിച്ചിരുന്നു . വലുതും  ചെറുതുമായി   പത്തിരുപത്തഞ്ചു  പന്നികളുണ്ട് . കാപ്പി കുടി  കഴിഞ്ഞാൽ
പന്നിക്കൂട്   തുറന്നു വിടും. ഒരു കുഞ്ഞിന്  5 രൂപാ  നിരക്കിൽ  ആവശ്യക്കാർക്ക്   അവർ  വിറ്റിരുന്നു .പന്നിയെ  വിറ്റ് കിട്ടുന്ന  പണത്തിൽ  ഒരു  നല്ല
പങ്ക്   സാധുക്കൾക്ക്‌   ഭക്ഷണം  കൊടുക്കാനും  കൊന്ത ,
വെന്തിങ്ങ  മുതലായവ   വാങ്ങി  വിതരണം  ചെയ്യാനുമാണ്   അവർ   ഉപയോഗിച്ചിരുന്നത് .

1961 . Ten Commandments , പാല  Universal  theatre ൽ  തുടർച്ചയായി   രണ്ടു മാസം  ഓടിയ  വർഷം . എല്ലാ
കത്തോലിക്കാ  ഭവനങ്ങളിലും  ചുവരുകളിൽ  ജോണ്‍
മാർപ്പാപ്പ , നെഹ്രു , Kennedy ,Pടി  ചാക്കോ  മുതലായവരുടെ
ചിത്രങ്ങൾ  തൂക്കിയിട്ടിരുന്ന  വർഷം .

ദിവസത്തിൻറെ   ബാക്കി  ഭാഗം, മരിക്കാറായ   രോഗികളെ
സന്ദർശിക്കാനും    മരിച്ച  വീടുകളിൽ   പ്രാർത്ഥനയ്ക്ക്
നേതൃത്വം   നൽകാനുമാണ്  കന്യാസ്ത്രീയമ്മ  നീക്കി
വെച്ചിരുന്നത് .ആസ്പത്രികൾ   അടുത്തെങ്ങും  ഇല്ലാതിരുന്നതുകൊണ്ട്‌   ജനനങ്ങളും   മരണങ്ങളും  വീടുകളിൽ   ആയിരുന്നു . മരണങ്ങൾ   വേണ്ടുവോളം
ഉണ്ടായിരുന്നു . ഒന്നുകിൽ   മരണാസന്നരുടെ   കിടക്കരികിൽ , അല്ലെങ്കിൽ   മരിച്ച   ആളുടെ  അരികിൽ
പ്രാർത്ഥനയ്ക്ക്   നേതൃത്വം  കൊടുത്ത്  കന്യാസ്ത്രീയമ്മ
ഉണ്ടായിരിക്കും . അടുത്ത  ബന്ധുക്കൾ പോലും  പ്രാർത്ഥിച്ചു   തളർന്ന്  ഉറങ്ങിപ്പോകുന്ന   വൈകിയ  വേളകളിലും   അവർ   ഉണർന്നിരുന്നു   പ്രാർത്ഥിക്കും .ചിലപ്പോൾ   വെളുപ്പാൻ കാലത്താണ്
വീട്ടിലേയ്ക്ക്    മടങ്ങുന്നത് .

വീടും  കൂടും  ഇല്ലാത്ത   കുറെ  ആളുകൾ   പീടികതിണ്ണ
കളിൽ   കിടന്നുറങ്ങിയിരുന്നു . പോകാൻ   ഒരിടവും
ഇല്ലാത്തവർ . കന്യാസ്ത്രീയമ്മ   ചിലപ്പോൾ   അവരുടെ
അടുത്തു ചെന്ന്   ക്ഷേമം  അന്വേഷിക്കും . യേശുവിനെപ്പറ്റി
അവരോട്   സംസാരിക്കും .ഉപദേശിക്കും . വല്ലതും  കൊടുക്കും .

അവരിൽ   രണ്ടുപേർ   ഭ്രാന്തൻമാരായിരുന്നു . നരിനാട്ട്
മുനിയും   കുഞ്ഞുകൊച്ചും . മുനിയെപ്പറ്റി  പല  കഥകളും
കേട്ടിട്ടുണ്ട് . അയാൾ  ഒരു നല്ല  കുടുംബത്തിലെ  അംഗം
ആയിരുന്നു . തൊമ്മൻ  എന്നായിരുന്നു  പേര് . ഇരുപത്
വർഷങ്ങൾക്ക് മുമ്പ്   തൊമ്മൻ  ഒരാളെ  കൊന്നു . തൊമ്മനും  ഭാര്യയും  ഒരു  പെരുന്നാളിന്  പള്ളിയിൽ
ഇരിക്കുകയായിരുന്നു . മുമ്പിൽ  അവരുടെ  കുഞ്ഞിനെ
കിടത്തിയിരുന്നു . ഒരാൾ  കുഞ്ഞിനെ  കവച്ചു കടന്നു .
ക്ഷുഭിതനായ   തൊമ്മൻ   അയാളെ  പള്ളിക്ക്  പുറത്തു
അടിച്ചു കൊന്നു . തനിക്ക്   ഭ്രാന്താണെന്ന്   വാദിച്ചു
വധശിക്ഷയിൽ നിന്ന്  രക്ഷപ്പെട്ടു . ഭാര്യ  ഒരുത്തൻറെ  കൂടെ   ഒളിച്ചോടിപ്പോയി . ജയിൽ മോചിതനായ   തൊമ്മൻ
പീടിക തിണ്ണയിൽ   മുനിയായി . കഴുത്തിൽ  രുദ്രാക്ഷം .
തലയിൽ  കുടുമ്മ . കാവിവസ്ത്രം . പീടികത്തിണ്ണയിൽ
പൂജ .പക്ഷേ  ഏതു ദൈവത്തെയാണ്   പൂജിക്കുന്നതെന്നറിയില്ല . ഇടയ്ക്കിടെ   കഞ്ചാവ്
വലിക്കും . കന്യാസ്ത്രീയമ്മ   ചിലപ്പോൾ   മുനിയുടെ
അടുത്ത് ചെന്ന്    ഉപദേശിക്കും .

''  തോമ്മാ , നടന്നത്  നടന്നു . മനസ്താപപ്പെട്ടു  യേശുവിൽ
നീ  രക്ഷ  കണ്ടെത്തണം . നിനക്കുവേണ്ടിയാണ്  യേശു
കുരിശിൽ   മരിച്ചത് . നിനക്ക്  ഇനിയും  ഒരു  ജീവിതമുണ്ട് .
സമയം  പോയിട്ടില്ല .''

മുനി   വഴങ്ങിയില്ല . അയാൾ  കഞ്ചാവിന്റെ   ബീഡി
ആഞ്ഞു വലിച്ചു .

മറ്റേ   ഭ്രാന്തൻ  കുഞ്ഞുകൊച്ച്   ആയിരുന്നു .വളരെ  കുറച്ചു
മാത്രം   സംസാരിക്കുന്ന  ഒരു  കൊച്ചു മനുഷ്യൻ . അയാളുടെ   കണ്ണുകളിൽ  സ്ഥിരമായി   ഭയം  നിഴലിച്ചിരുന്നു . കന്യാസ്ത്രീയമ്മ   കുഞ്ഞുകൊച്ചിനോട്
യേശുവിനെപ്പറ്റി   പറഞ്ഞു . അവന്   ഒന്നും  മനസ്സിലായില്ല .

കർക്കിട മാസം . തുള്ളിക്കൊരു കുടം കണക്കെ  തോരാത്ത
മഴ  പെയ്തുകൊണ്ടിരുന്നു . കുറേ   സ്കൂൾ കുട്ടികൾ
വന്ന്   കന്യാസ്ത്രീയമ്മയോട്   പറഞ്ഞു .

'' കുഞ്ഞുകൊച്ച്   മരിക്കാറായി  കിടക്കുകയാണ് , വാദ്യപ്പുരയിൽ .''

കോരിച്ചൊരിയുന്ന   മഴയെ   വകവെക്കാതെ   കന്യാസ്ത്രീയമ്മ   വിളക്കുമാടം   പള്ളിയുടെ  അടുത്തുള്ള
വാ ദ്യപ്പുരയിലേയ്ക്ക്   നടന്നു . ഇരുട്ടി തുടങ്ങിയിരുന്നു .

പഴന്തുണിയിൽ  കുഞ്ഞുകൊച്ച്   അന്ത്യശ്വാസം  വലിക്കുകയായിരുന്നു . കന്യാസ്ത്രീയമ്മ   അയാളെ  പുതപ്പിച്ചു . അയാളുടെ  താടിയിൽ  പറ്റിയിരുന്ന 
ചർദ്ദിയും  രക്തവും   പഴന്തുണി കൊണ്ട്  തുടച്ചു .

ഇരുൾ പരന്നു . ശക്തമായ  കാറ്റിൽ  തെങ്ങും കമുകും
വളഞ്ഞ്  നിലം  പൊത്താൻ  തുടങ്ങി . പാട്ടവിളക്കിന്റെ
തിരി  ഏതുനിമിഷവും   കെട്ടുപൊകാം . കഫം  മൂലമുള്ള
കുറുകൽ കൊണ്ട്   കുഞ്ഞുകൊച്ച്  മരിച്ചിട്ടില്ല  എന്ന്
മനസ്സിലായി . കന്യാസ്ത്രീയമ്മ   പ്ലാവിലയിൽ  അല്പം
കഞ്ഞിയെടുത്തു  കുഞ്ഞുകൊച്ചിന്റെ   ചുണ്ടിൽ  ചേർത്തു .
അത്  ഇറക്കാനുള്ള  ശക്തി  അയാൾക്ക്   ഇല്ലായിരുന്നു .

അവസാനം   ഭയപ്പെട്ടത്‌   സംഭവിച്ചു . വിളക്ക് കെട്ടു . ഇടിമിന്നലിന്റെ   വെട്ടം  മാത്രമുള്ള   വിളക്കുമാടം . കന്യാസ്ത്രീയമ്മ   ഭയന്നില്ല . അവർ  കൊന്ത  ചൊല്ലിക്കൊണ്ടിരുന്നു .

''  കുഞ്ഞുകൊച്ചേ , യേശുവിൻറെ  നാമത്തിൽ  നിനക്ക്
ഞാൻ   ജോസഫ്‌  എന്ന  പേർ  തരുന്നു .നീ  ഇന്ന്  സ്വർഗരാജ്യത്തിൽ   പ്രവേശിക്കും .''

''  ഇല്ല . അത്   സാധ്യമല്ല . ഇവനെ  എനിക്കു വേണം .''

തൂണിന്റെ   അടുത്തുനിന്ന്  വന്ന  പരുപരുത്ത  ശബ്ദം
കേട്ട്   കന്യാസ്ത്രീയമ്മ  ഞെട്ടി .

"  ആരാണവിടെ ?''

"  ഞാനാണ് .''

ഇടിമിന്നലിന്റെ   വെളിച്ചത്തിൽ   ആ  ഭീകര രൂപത്തെ
കന്യാസ്ത്രീയമ്മ   കണ്ടു . സാക്ഷാൽ   സാത്താൻ .
തീ   പറക്കുന്ന   കണ്ണുകൾ . മൂക്കിൽ നിന്നും   വായിൽനിന്നും  പുക   ഉയർന്നു കൊണ്ടിരുന്നു .

'' ഇവനെ   ഞാൻ   പണ്ടേ  ബുക്ക്‌  ചെയ്തിരുന്നതാണ് .
വിട്ടുതരൂ   വേഗം ."

" സാധ്യമല്ല . ഇവനെ  ഞാൻ  മോചിപ്പിചിരിക്കുന്നു .
കടന്നു പോകൂ ."

സാത്താൻ   വദ്യപ്പുരയിലേക്ക്  കാലെടുത്തു വെച്ചു .
കന്യാസ്ത്രീയമ്മ  കൊന്ത  സാത്താന് നേരെ  നീട്ടി . electric
ഷോക്ക്‌  ഏറ്റത് പോലെ   സാത്താൻ  പിൻവാങ്ങി .

വീണ്ടും   സാത്താൻ  മുന്നോട്ട്  ആഞ്ഞു , ഒരു  കബഡി കളിക്കാരനെപ്പോലെ . അവൻ കൊന്തയിൽ  പിടിമുറുക്കി .
അവൻറെ   നീണ്ട കൈവിരലുകളിൽ നിന്ന്   sparks  പൊഴിഞ്ഞു . പുക  പൊങ്ങി .കൊന്ത പൊട്ടി   കുരുക്കൾ
ചിതറി . അവൻ  ചിരിച്ചു . അവന്  തേറ്റകൾ  ഉണ്ടായിരുന്നു .

താൻ  തോറ്റു എന്ന്  കന്യസ്ത്രീയമ്മയ്ക്കു  തോന്നി .എങ്കിലും   ആശ  കൈവിടാതെ   അവർ  പ്രാർത്ഥിച്ചു  .

'' എൻറെ  കുരിശുപള്ളിമാതാവേ , സാത്താനിൽ  നിന്ന്
എന്നെ  രക്ഷിക്കൂ . ഞാൻ  അപകടത്തിലാണ് .''

കുരിശുപള്ളി പെട്ടന്ന്   ഒരു  പ്രകാശവലയത്തിൽ   ജ്വലിച്ചു . അതിൽനിന്ന്   തീയുടെ  ഒരു  അസ്ത്രം  മിന്നൽ
വേഗത്തിൽ   വാദ്യപ്പുരയെ ലക്ഷ്യമായി   കുതിച്ചു .
ഒരു  വലിയ  ഇടിമുഴക്കം . ഒരു  ഇടിവാൾ . മാംസവും
രോമവും   കരിഞ്ഞ  മണം .കരിഞ്ഞ   ചിറകുകൾ 
പാതി വിടർത്തി   സാത്താൻ   താണു പറന്നു . വെടിയേറ്റ
ഒരു   ഹെലികൊപ്റ്റെർ   പോലെ .

നേരം  വെളുത്തു . കന്യാസ്ത്രീയമ്മ   കുഞ്ഞുകൊച്ചിന്റെ
നെറ്റിയിൽ  തൊട്ടുനോക്കി . അയാൾ  മരിച്ചിരുന്നു .


 





 

No comments:

Post a Comment