Friday, 31 October 2014

'sahyante kannuneer' ( Biby Edward's poem)

    സഹ്യൻറെ   കണ്ണുനീർ  ( By  Biby  Edward )

ഏതാനും  മാസങ്ങൾക്ക്  മുമ്പ്   ബിബി  Edward ൻറെ   'മാ നിഷാദ '
എന്ന   കവിതയെപ്പറ്റി   ഒരു  പഠനം  എഴുതിയിരുന്നു . എന്നാൽ 
അത്  ഇതുവരെ   പ്രസിദ്ധീകരിക്കാൻ   കഴിഞ്ഞില്ല . മാറ്റിമാറ്റി 
വെച്ച്   വർഷത്തിന്റെ   അവസാന  മാസങ്ങളിലേയ്ക്ക്   പ്രവേശിച്ചിരിക്കുന്നു . മാറ്റിവെക്കാൻ   പല   കാരണങ്ങൾ  ഉണ്ട് .
സ്വന്തം  രചനകൾ  എനിക്ക്  ഇടം  വലം  നോക്കാതെ  എഴുതാം ,
പ്രസിദ്ധീകരിക്കാം . പക്ഷേ  വേറൊരാളുടെ  രചനയെ  കൈകാര്യം  ചെയ്യുമ്പോൾ   പൂർണ്ണ  ഉത്തരവാദിത്തത്തോടെ 
ചെയ്യണം . നമ്മൾ  ഒരു  സുഹൃത്തിൻറെ , പുത്തൻ മണം  മാറാത്ത 
register  ചെയ്യാത്ത  കാർ  ഓടിക്കുന്നതുപോലെയാണ് . അതും 
ഡ്രൈവിംഗ്   ശരിക്ക്   വശമില്ലാത്ത  ഒരാൾ . ആ  കാർ  എവിടെയെങ്കിലും   പോയി  ഇടിച്ച് , മറിയാനാണ്   സാധ്യത .അതുകൊണ്ടാണ്   'മാ നിഷാദ 'യുടെ   പഠനം  വെളിച്ചം 
കാണാൻ   താമസം  വരുന്നത് .

    ' സഹ്യൻറെ   കണ്ണുനീർ '  പ്രകൃതിയെ   സ്നേഹിക്കുന്നവരുടെ 
ഉള്ളിൽ  തട്ടുന്ന   കവിതയാണ് . കേരളത്തിൽ  ഇന്ന്  നടക്കുന്ന 
വനനശീകരണം , അഴിമതി , മുതലായ  തിന്മകളിൽ  മനം 
നൊന്ത്  കഴിയുന്നവരുടെ   ദുഖവും  അമർഷവും  നിസ്സഹായതയും  ഈ   കവിതയിൽ   പ്രതിഫലിക്കുന്നു .

സഹ്യൻറെ   നല്ല  കാലങ്ങളിലേയ്ക്ക്   കണ്ണോടിച്ചു കൊണ്ടാണ് 
കവിതയുടെ   തുടക്കം . അലൌകികമായ   സൗന്ദര്യവും  സന്തോഷവും   ശാന്തിയും   കളിയാടുന്ന  ഒരവസ്ഥയെയാണ്  കവി 
ആദ്യവരികളിൽ   വരച്ചുകാണിക്കുന്നത് . പ്രകൃതി ഭംഗിയും പക്ഷികളുടെ   കളകൂജനങ്ങളും   നിറഞ്ഞ ,
സ്വർഗ്ഗീയമായ    ഒരന്തരീക്ഷം .

പച്ച പുതച്ച  ചിരിച്ച നാളിൽ
പച്ചിലക്കാടുകൾ   തഴച്ച നാളിൽ
ചുറ്റിലും  പാടങ്ങൾ  പൂത്തമണ്ണിൽ
പക്ഷികൾ  പച്ചാരം  ചൊല്ലി നിൽക്കേ

മനോഹരമായ   ഈ  വരികളിൽ   സഹ്യൻറെ  ആദ്യകാല
സൌന്ദര്യം   വിടരുന്നു . എന്നാൽ  തുടർന്നുള്ള  വരികൾ
ഒരു  ദുരന്തത്തിൻറെ   ദാരുണമായ  ചിത്രമാണ്  അനാവരണം   ചെയ്യുന്നത് .' മല കയറി  വന്നവർ '  കാടിനെ  ചൂഷണം  ചെയ്യാൻ  എത്തിയവരെ   സൂചിപ്പിക്കുന്നു .
യൌവ്വനയുക്തയായ   ഒരു   കന്യകയെ  കാമദൃഷ്ടിയോടെ
കാണുന്നതുപോലെയാണ്    അവർ   പ്രകൃതിയെ  കണ്ടത് .

    മലകയറി വന്നവർ തൻ   കണ്ണേറ്
    കൊണ്ടു തുടിച്ചുവെൻ   കണ്‍തടം ..

പ്രകൃതി   ലജ്ജാവതിയായ   ഒരു  നാടൻപെണ്ണായിരുന്നു .
ആ  പെണ്ണ്  നിർദ്ദയം   rape  ചെയ്യപ്പെട്ടതിന്റെ   സൂചനകൾ
ഈ   വരികളിൽ   കാണാം .

കുത്തിപ്പിളർന്നു   അവരെൻറെയാത്മാവിൽ
ആഴത്തിലെയ്ക്കൊന്നു   വിത്തെറിഞ്ഞു

പ്രകൃതിയെ   ഉന്മൂലനം  ചെയ്തുകൊണ്ടുള്ള   ഒരു
ആക്രമണമാണ്   നമ്മൾ   കാണുന്നത് . അതിനെതിരെ
ഏറ്റവും   കടുത്ത  ഭാഷയിൽ   കവി  വിമർശനശരങ്ങൾ
നിരന്തരം   തൊടുത്തുവിടുന്നു . ' നിർദ്ദയം  വിലപേശി
സ്വന്തമാക്കി ', ' നെഞ്ചകം  കുത്തിപ്പിളർന്നോരാ വേദന ',
'കൊത്തിപ്പറിച്ചു  ഭുജിച്ചിടുന്നു ', 'കല്ലിലും  കല്ലായ  ഹൃദയമേ  നീ , മുതലായ   വാക്കുകളിൽ   കവിയുടെ
രോഷം   ലാവ പോലെ   തിളച്ചുപൊന്തി  പരക്കുന്നത്
കാണാം .മനുഷ്യൻറെ   അത്യാഗ്രഹത്തിനെതിരെ   തീ
പാറുന്ന   വാക്കുകളാണ്   കവി  ഉപയോഗിച്ചിരിക്കുന്നത് .

  നമുക്കിന്നർത്ഥം  നേടുവതൊന്നേ
  ജീവിതതിന്നർത്ഥം

ഈ   വരികൾ   വായിച്ചപ്പോൾ , ' The  World  is  too much  with  us '  എന്ന   കവിതയിൽ   Wordsworth  എഴുതിയ  വരികളാണ്
എനിക്ക്   ഓർമ്മ വന്നത്

   The   world  is  too  much  with  us ,
   Getting   and  spending  , we  lay waste  our  powers ,
   Little  we  in  Nature  that  is  ours ,
   We  have  given  away  our  hearts , a  sordid  boon

കഠിനമായ   വ്യഥയോടെയാണ്   ബിബി  കവിത  അവസാനിപ്പിക്കുന്നത് . എല്ലാ  നിയമങ്ങളെയും  കാറ്റിൽ
പറത്തിക്കൊണ്ട്   ക്വാറിമാഫിയകളും  മറ്റും  സഹ്യനെ
ഇല്ലായ്മ  ചെയ്തുകൊണ്ടിരിക്കുന്ന   ഇക്കാലത്ത് കവി
പ്രകടിപ്പിക്കുന്ന  ദുഖവും   രോഷവും  ആത്മാർത്ഥമാണ് .
പ്രകൃതിയെ   രക്ഷിക്കാൻ   ദൈവംതന്നെ   അവതരിക്കണം
എന്നാണ്   കവി   സൂചിപ്പിക്കുന്നത് .

മനുഷ്യപുത്രനൊന്നാഗതനാകുമോ
മിഴിനിറഞ്ഞോഴുകുമീ
കണ്ണീരൊപ്പുവാൻ

പ്രകൃതിസ്നേഹികളുടെ   സങ്കടവും  അമർഷവും  കാച്ചി
ക്കുറുക്കി   ഉള്ളിൽതട്ടും പടി   ആവിഷ്കരിക്കാൻ
കവിക്ക്‌   സാധിച്ചിട്ടുണ്ട് .

( sorry  for any typing errors)

No comments:

Post a Comment