Tuesday, 15 July 2014

ഓർമ്മകളിലെ നൈജീരിയ -2


ആഫ്രിക്കയിലെ    ഏറ്റവും    പ്രധാനപ്പെട്ട   രാജ്യങ്ങളാണ്    ദക്ഷിണാഫ്രിക്കയും
നൈജീരിയയും . ഈ   രണ്ട്   രാജ്യങ്ങളെ   മാറ്റിനിനിറുത്തിയാൽ    ആഫ്രിക്ക
ഒന്നുമല്ല . നൈജീരിയക്ക്    എണ്ണ സമ്പത്ത്  ഉള്ളപ്പോൾ   ദക്ഷിണാഫ്രിക്ക   സ്വർണ്ണം , പ്ലാറ്റിനം , ഇരുമ്പയിര് , manganese , കൽക്കരി   മുതലയാവയാൽ  അനുഗ്രഹീതമാണ് . മാനവ  വിഭവ  ശേഷിയിലും   ഈ  രണ്ട്  രാജ്യങ്ങളും
വളരെ   മുന്നിലാണ് . പക്ഷേ   രണ്ട്   രാജ്യങ്ങളിലും   ഭൂരിപക്ഷം  ജനങ്ങൾ
ദരിദ്രരാണ് . എല്ലാ   പ്രതികൂല  സാഹചര്യങ്ങളെയും   മറികടന്നുകൊണ്ട്‌
ഇരു രാജ്യങ്ങളിലും   ജനങ്ങൾ  ദാരിദ്ര്യത്തിൽ  നിന്ന്  കരകേറുന്നു  എന്ന
വസ്തുത   എടുത്തു   പറയേണ്ടിയിരിക്കുന്നു .

കെനിയയിലും   നൈജീരിയയിലും   സ്കൂൾ   എന്ന്  പറഞ്ഞാൽ   ബോർഡിംഗ്
സ്കൂൾ   ആയിരുന്നു . ബോർഡിംഗ്   സ്കൂളിൽ   പഠിക്കാൻ   കുട്ടികൾ  ഇഷ്ടപ്പെട്ടിരുന്നു . ദക്ഷിണാഫ്രിക്കയിൽ    apartheid   ഭരണകാലത്ത്   വെള്ളക്കാർ
അവരുടെ   കുട്ടികൾക്ക്   ഒന്നാന്തരം   വിദ്യാഭ്യാസം   കൊടുക്കുന്നതിന്  വേണ്ടി
പട്ടണങ്ങളിൽ    ഒന്നാന്തരം   ബോർഡിംഗ്   സ്കൂളുകൾ   സ്ഥാപിച്ചു . ആ  സ്കൂളുകൾ  ഇന്നും   നിലനിൽക്കുന്നു . ഇപ്പോൾ   എല്ലാ   വർഗക്കാർക്കും  ഈ
സ്കൂളുകളിൽ    പ്രവേശനമുണ്ട് . എങ്കിലും   ഭൂരിഭാഗവും   വെള്ളക്കാരുടെ
കുട്ടികളാണ്   ഈ   സ്കൂളുകളിൽ   പഠിക്കുന്നത് . ഈ   സ്കൂളുകൾ  പട്ടണത്തിൻറെ   ഹൃദയഭാഗത്ത്‌   നൂറുകണക്കിന്  ഏക്കർ  സ്ഥലത്താണ്
സ്ഥിതി   ചെയ്യുന്നത് . കറുമ്പർക്ക്    തരം താണ   വിദ്യാഭ്യാസമാണ്  കിട്ടിയിരുന്നത് . അവർക്കുവേണ്ടി   സർക്കാർ   ബോർഡിംഗ്  സ്കൂളുകൾ
സ്ഥാപിച്ചില്ല . കറുമ്പർക്കു  വേണ്ടി    മിഷനറിമാർ   സ്ഥാപിച്ച   ചില  ബോർഡിംഗ്   സ്കൂളുകൾ   apartheid   സർക്കാർ   അടപ്പിക്കുകയുണ്ടായി . ദെലരെയ്വില്ലിൽ   നിന്ന്    90   kms   അകലെ   Tigerkloof   എന്ന   സ്ഥലത്ത്
നൂറിലേറെ   വർഷം   മുമ്പ്   സ്കോട്ടിഷ്‌   മിഷനറിമാർ    സ്ഥാപിച്ച   ബോർഡിംഗ്  സ്കൂൾ   apartheid   സർക്കാർ   അടപ്പിച്ചു . 1995 ൽ   അത്  വീണ്ടും
തുറന്ന്   പ്രവർത്തനം   ആരംഭിച്ചു . ഇന്ന്   നല്ല   നിലയിൽ   പുരോഗമിക്കുന്നു .

ഒരു   ബോർഡിംഗ്   സ്കൂൾ   ആയതുകൊണ്ട്    GTC   ഷുവ    എപ്പോഴും  സജീവമായിരുന്നു . weekend ൽ    രണ്ട്   അധ്യാപകർ   ഡ്യൂട്ടിയിലുണ്ട് . ശനിയാഴ്ച  രാവിലെ    10   മണിക്ക്    ഹോസ്റ്റൽ   inspection    ആണ്. കുട്ടികൾ
ഹൊസ്റ്റലും    പരിസരങ്ങളും   വൃത്തിയാക്കി   ബെഡ്   നല്ലതുപോലെ  വിരിച്ച് ,
uniform   അണിഞ്ഞ്   നിൽക്കണം . അധ്യാപകർ   എല്ലാം   വിലയിരുത്തി  മാർക്ക്‌
രേഖപ്പെടുത്തും . നല്ല   അച്ചടക്കവും    സഹകരണവുമാണ്   കുട്ടികൾ   കാഴ്ച
വെച്ചിരുന്നത് .

കുട്ടികളുടെ    ടീച്ചിംഗ്   പ്രാക്ടീസ്   വളരെ   രസകരമായിരുന്നു . ലീലാമ്മയും
സൂസി   മാണികുരിയനും   ആയിരുന്നു   Education   എന്ന   വിഷയത്തിൻറെ
ചുമതലക്കാർ . ഞങ്ങൾ    observation നു   വേണ്ടി   കുഗ്രാമങ്ങളിലേക്ക്   പോകും .
ഒരാഴ്ചത്തേക്ക്    സ്കൂളിൻറെ   പൂർണ്ണ നിയന്ത്രണം   വിദ്യാർത്ഥികളുടെ
കയ്യിലാണ് . പ്രിൻസിപ്പൽ   തൻറെ   ഓഫീസ്   ഒഴിഞ്ഞു കൊടുക്കും . സകല
കഴിവുകളും   പുറത്തെടുത്ത്  വിദ്യാർത്ഥികൾ   പഠിപ്പിച്ചിരുന്നു .

ഷുവയിലെയ്ക്കു   പുതുതായി   രണ്ട്   മലയാളികൾ   join  ചെയ്തു . സാമുവൽ
കൊച്ചുമ്മനും (ഭാനു )  ഭാര്യ  ഗ്രേസിയും . സ്ഥലം  മാറ്റം  കിട്ടി  വന്നതാണ് . ഭാനു
നാല്  വർഷം   മുമ്പ്   നൈജീരിയയിൽ  ജോലി  നേടിയ   ആളാണ് .ബെനുവെ  സംസ്ഥാനത്ത്  നിന്ന്   എത്തിയതാണ് . ഭാനു  ഇംഗ്ലീഷ്   അധ്യാപകനാണ് . subject
Head  എന്ന   നിലയിൽ   ഭാനുവിന്റെ   lesson  planൽ    ഒപ്പിട്ടിരുന്നത്  ഞാനാണ് .
ഏതു വിഷയത്തെപറ്റി    സംസാരിച്ചാലും   ആധികാരികമായി   അഭിപ്രായം
പറയാൻ തക്ക    വായനയുള്ള   ആളായിരുന്നു   ഭാനു . സംഭാഷണ  കലയിലും
അഗ്രഗണ്യൻ . ഭാനുവും   ഗ്രേസിയും   എത്തിയതോടെ   ഞങ്ങളുടെ   സന്ധ്യാ
ചർച്ചകൾക്ക്   ചൂട്   കൂടി . ഒന്നിന്  പുറകെ  ഒന്നായി   അവർക്ക്  രണ്ട്‌  ആണ്‍കുട്ടികൾ  ജനിച്ചു -മോഹ നും    മധുവും .

ചില   വാരാന്ത്യങ്ങളിൽ   ഭാനു   എന്നെ   ക്ഷണിക്കും , 170  Kms   അകലെ , ബോർനോ   സ്റ്റേറ്റ്ൻറെ    തലസ്ഥാനമായ   മൈദുഗുരി  എന്ന   നഗരത്തിലെ
മാർക്കറ്റിൽ   പോകാൻ . ലക്ഷ്യം   സ്വർണം   ആയിരുന്നു .പലപ്പോഴും   ദൂര
സ്ഥലങ്ങളിൽ  ഉള്ള   സുഹൃത്തുക്കൾക്കും   ബന്ധുക്കൾക്കും   വേണ്ടി  സ്വർണം
വാങ്ങാനാണ്   ഭാനു   പോയിരുന്നത് .

മൈദുഗുരി   പട്ടണം  വളരെ  പുരാതനമാണ് . വടക്കേ  ആഫ്രിക്കൻ -അറബി
സംസ്കാരത്തിന്    വളരെ   സ്വാധീനമുള്ള   സ്ഥലമാണ്. അവിടത്തെ   മാർക്കറ്റ്
വളരെ    വിശാലമാണ് .അറബി  ചുവയുള്ള   ചാഡ്‌  സംഗീതവും  ഹിന്ദി
സിനിമാഗാനങ്ങളും    കേട്ടിരുന്നു . ചെറിയ   കടകളിൽ   നിലത്തിരുന്ന്  അൽഹാജിമാർ   സ്വർണ്ണ വളകളും , സ്വർണ്ണനാണയങ്ങളും   ഡോളർ  നോട്ടുകളും   വിറ്റിരുന്നു . ആഫ്രിക്കയിൽ    തട്ടാന്മാർ  ഉണ്ടെന്ന  വിവരം
ഭാനുവിൽ നിന്നാണ്   ഞാൻ   ആദ്യമായി   അറിഞ്ഞത് . ഒരു  ദിവസം   ഭാനു
എന്നെ  കൂട്ടി   തട്ടാന്റെ   പണിപ്പുരയിൽ   പോയി . ചാഡ്‌  വംശജനായിരുന്നു
തട്ടാൻ . ഞങ്ങളെ   സ്വീകരിച്ച്   കൊരണ്ടികളിൽ   ഇരുത്തി . ഭാനു  16  സ്വർണ്ണ
നാണയങ്ങൾ   തട്ടാന്റെ   കയ്യിൽ   കൊടുത്തു . രണ്ട്  ഇംഗ്ലീഷ്   വാക്കുകൾ
മാത്രമാണ്   അയാൾക്ക്   അറിയാവുന്നത് . '' good   gold .''  അയാൾ   നാണയങ്ങൾ
തീയിലിട്ട്    ഉരുക്കൽ   തുടങ്ങി . ഞങ്ങൾ  രണ്ടു പേരും   കണ്ണിമയ്ക്കാതെ  നോക്കിയിരിക്കുകയാണ് . ഞൊടിയിടയിൽ   തട്ടാൻ   തൻറെ  ചവണ കൊണ്ട്
ഒരു   നാണയം   ഉമിയിലേയ്ക്ക്   തട്ടിയിട്ടു . ഉടൻ തന്നെ   ഭാനു   അത്  ചൂണ്ടിക്കാണിച്ച്   തിരിച്ച്  ഇടീച്ചു . തട്ടാൻ   ' sorry ' പോലെ   എന്തോ   പറഞ്ഞു .

1981ൽ   ഡൽഹിയിൽ    നൈജീരിയാ വിസക്ക്   പോയപ്പോൾ   അവിടെ  ഒരു
മലയാളിയെ   പരിചയപ്പെട്ടു . വൈക്കംകാരൻ  ശ്രീ  ആന്റണി . അദ്ദേഹം
മൈദുഗുരി  ടീച്ചിംഗ്   ഹോസ്പിറ്റലിൽ    ചീഫ്  എഞ്ചിനീയർ  ആയി  ജോലി
കിട്ടി , വിസയ്ക്ക്   അപേക്ഷിക്കാൻ   വന്നതായിരുന്നു . ഞങ്ങൾ  ഡൽഹിയിലും
ആഗ്രയിലും   ചുറ്റിക്കറങ്ങി . മൈദുഗുരി   ടീച്ചിംഗ്   ഹോസ്പിറ്റലിൽ  ഞങ്ങൾ
വീണ്ടും   കണ്ടുമുട്ടി . അദ്ദേഹം   ഹൊസ്പിറ്റൽ   കോമ്പൗണ്ടിലെ   വീട്ടിലാണ്
താമസിച്ചിരുന്നത് . ഭാര്യയും   ഏക മകനും   നാട്ടിൽ   ആയിരുന്നു . ഞങ്ങൾ
മൈദുഗുരിയിൽ   പോകുമ്പോൾ   അദ്ദേഹത്തിൻറെ  കൂടെ  താമസിച്ചിരുന്നു . സ്വർണ്ണം   വളയാക്കി   നാട്ടിൽ  കൊണ്ടുപോയി   വിറ്റപ്പോൾ   അതിൽ  ചെമ്പ്
കൂടുതലായി   കണ്ട   കഥ   അദ്ദേഹം   വളരെ   സരസമായി   പറഞ്ഞിരുന്നു .
1984 ൽ   മൈദുഗുരി   ടീച്ചിംഗ്  ഹോസ്പിറ്റലിൽ   ആയിരുന്നു   എൻറെ  രണ്ടാമത്തെ   മകൾ   പ്രവീണ   ജനിച്ചത്‌ . ആന്റണി   ക്ഷണിച്ചതനുസരിച്ച്  ഞങ്ങൾ   പ്രസവത്തിന്   ഒരാഴ്ച  മുമ്പ്   അദ്ദേഹത്തിൻറെ  കൂടെ  താമസിച്ചു .
രാജസ്ഥാൻകാരി   ആയിരുന്നു   gynaecologist . ശ്രീ   ആന്റണി   കടുത്ത  പ്രമേഹ
രോഗിയായിരുന്നു . ആ  നല്ല  സുഹൃത്ത്‌   നാട്ടിൽ   തിരിച്ചെത്തി , അധികം  താമസിയാതെ   നിര്യാതനായി .

1984ൽ    നൈജീരിയയുടെ   സാമ്പത്തിക    സ്ഥിതി   മോശമായിതുടങ്ങി . വ്യാപകമായ    അഴിമതിയാണ്  തകർച്ചയ്ക്ക്   കാരണമായത് . മാറി  മാറി  വന്ന   സിവില്യൻ -military   സർക്കാരുകൾ   അഴിമതിയുടെ   കാര്യത്തിൽ
ഒരേ   തൂവൽ പക്ഷികൾ   ആയിരുന്നു .

സാമ്പത്തിക സ്ഥിതി   മെച്ചപ്പെടുത്തുന്നതിനു  വേണ്ടി  1984 ൽ   പട്ടാള സർക്കാർ
ഒരു   നടപടി  എടുത്തത്‌   വിചിത്രമായ   ചില  ഫലങ്ങൾ  ഉണ്ടാക്കി . ഒരു
'തുഗ്ലക്ക് ' പരിഷ്കാരം  എന്നു തന്നെ   പറയാം .കള്ളനോട്ടുകളെ  ഉന്മൂലനം
ചെയ്യാനെന്ന   പേരിൽ   രാജ്യത്തുള്ള   കറൻസി നോട്ടുകൾ   ബാങ്കിൽ  നിക്ഷേപിക്കാൻ   സർക്കാർ   ജനങ്ങളോട്   ആവശ്യപ്പെട്ടു . അങ്ങനെ   ജനങ്ങൾ
പണം  മുഴുവൻ   ബാങ്കിൽ  ഇട്ടു . പക്ഷേ  നിശ്ചിത സമയത്ത്   പുതിയ  നോട്ടുകൾ   എത്തിയില്ല . അങ്ങനെ  പണക്കാർക്കും  'പണ ക്ഷാമം ' അനുഭവപ്പെട്ടു . ക്ഷാമം  വരുമ്പോഴാണല്ലോ   ration  ഏർപ്പെടുത്തുന്നത് . അങ്ങനെ   ബാങ്കുകൾ  നോട്ട്  ration  ഏർപ്പെടുത്തി . ഒരു  ദിവസം  ഒരാൾക്ക്  20
നൈറ   കിട്ടും . അതിന്  പുല്ലുവില   ആയിരുന്നു . രണ്ടാഴ്ചയോളം   ജനജീവിതം സ്തംഭിച്ചു .

എൻറെ   സുഹൃത്ത് ,ശ്രീ  N A  ജോസഫ്‌ ( ചേട്ടായി )  അന്ന്  ജോലി  രാജി വെച്ച് ,കാറും  വിറ്റ് , നാട്ടിൽ  പോകാൻ  ഒരുങ്ങുകയായിരുന്നു . കാർ  വിറ്റ് കിട്ടിയ
16000 നൈറ  ബാങ്കിൽ  കുടുങ്ങി . ബാങ്ക്  മാനേജരെ കണ്ട്  പ്രശ്നം  അവതരിപ്പിച്ചപ്പോൾ   അയാൾ   ഒരു  പോംവഴി  മുന്നോട്ട്  വെച്ചു .

''  പണം   തരാം . 50  കോബോ  നോട്ടുകൾ  സ്റ്റോക്ക്‌  ഉണ്ട് .'' ( 100 കോബോ -ഒരു
നൈറ ).

പണം  കിട്ടിയിട്ടുവേണം    എയർ ടിക്കറ്റ്  എടുക്കാൻ . ചേട്ടായി  സമ്മതിച്ചു .
അങ്ങനെ   32000  നോട്ടുകൾ   ചാക്കുകളിൽ  കെട്ടി തന്നു . ചാക്കുകൾ  എടുക്കാൻ
ഞാനും  സഹായിച്ചു . ഞങ്ങൾ  പുറത്തേക്ക്  വന്നപ്പോൾ  ബാങ്കിലും  പുറത്തും
തിങ്ങി നിറഞ്ഞ   ജനക്കൂട്ടം  കൂവുകയും  ആർപ്പു വിളിക്കുകയും  ചെയ്തു .

തുഗ്ലക്ക്  പരിഷ്ക്കാരം  ' മല  എലിയെ   പ്രസവിച്ചതുപോലെ   ആയി . നൈറയുടെ   മൂല്യം  കുത്തനെ   ഇടിഞ്ഞുകൊണ്ടിരുന്നു .( തുടരും )













No comments:

Post a Comment