Wednesday, 29 January 2014

അപ്പുവും അരിപ്രാവുകളും

28  ജനുവരി   2014

ഒരുപക്ഷേ   ഇക്കൊല്ലത്തെ   ഏറ്റവും  മോശമായ   ദിവസമയിരിക്കാം  ഇന്ന് .
കാരണം  ഈ  പ്രദേശം  കൊടും ചൂടിൽ  ഉരുകുകയാണ് . വളരെ  അസ്വസ്ഥത  ഉണ്ടാക്കുന്ന  തരത്തിൽ  വേനൽക്കാലത്ത്   കേരളത്തിൽ  അനുഭവപ്പെടുന്ന
അതേ  ചൂട് .നാട്ടിൽ  പൊയില്ലെങ്കിലെന്ത്,നാട്ടിലെ  ചൂടും  വിയർപ്പും  അനുഭവിക്കാനുള്ള  അവസരമാണ്  ഈ  ജനുവരി  പുതുവർഷ സമ്മാനമായി  തന്നിരിക്കുന്നത്. എല്ലാത്തിനും  ഒരു നല്ലവശവും  ചീത്തവശവും   ഉണ്ട്. മഴയില്ലാത്തത്  കൊണ്ട്  സ്കൂളിലേയ്ക്കുള്ള  35 kms ലെ  14kms  ചരൽ  റോഡ്‌  തരക്കേടില്ലാതെ കിടക്കുന്നു .രണ്ടു ദിവസം അടുപ്പിച്ച്  മഴ പെയ്താൽ   റോഡ്‌  കുളമാകും .കുളമായാലും  അതിനെ
മറികടന്ന് ,അല്പം  ചെളി  തെറിപ്പിച്ച്  പോകുന്നതിൽ  ഒരു ത്രിൽ  ഉണ്ട് .ഇവിടെ   ചെളി  തെറിപ്പിച്ചാലും  ആരുടെയും  തെറി  കേൾക്കേണ്ടി  വരികയില്ല .കാരണം  നമ്മുടെ  ചുറ്റുവട്ടത്ത്  മറ്റ്  വാഹനങ്ങൾ  വളരെ
ചുരുക്കമാണ് .ഒരു പക്ഷേ ,ഇപ്പോൾ  വിട്ടുനിൽക്കുന്ന  മഴ  ഏതെങ്കിലും
ദിവസങ്ങളിൽ   കുടിശിക  സഹിതം  കുടഞ്ഞിടാനിടയുണ്ട് .

TV  ഇല്ലാതിരുന്ന  കാലത്ത്   ജനങ്ങൾ  ഇന്നത്തേതിലും  സന്തോഷത്തോടെ
കഴിഞ്ഞിരുന്നു  എന്നാണ്  എൻറെ  അഭിപ്രായം .എന്തുകൊണ്ടെന്നാൽ
മനുഷ്യത്വമുള്ളവർക്ക്   അസ്വസ്ഥത  ഉണ്ടാക്കുന്ന  കാര്യങ്ങളാണ്‌  നാം
നിത്യവും   TV യിൽ  കാണുന്നത്. പ്രത്യേകിച്ച് ,സ്ത്രീകൾക്കും  കുട്ടികൾക്കും
എതിരെയുള്ള  അതിക്രമങ്ങൾ ,അത്  ചെയ്യുന്നവർ
 ശിക്ഷിക്കപ്പെടതിരിക്കുന്നത്  മുതലായ  കാര്യങ്ങൾ   മനുഷ്യത്വമുള്ളവരിൽ
കഠിനമായ  വ്യഥ  ഉളവാക്കുന്നു .അപ്പോൾ   TV യിൽ നിന്ന്  രക്ഷപ്പെടാനായി
നമുക്ക്  കുട്ടികളുടെ  കൂടെയോ  വളർത്തു  മൃഗങ്ങളുടെ  കൂടെയോ കളിക്കാം .പച്ചക്കറി  തോട്ടമുണ്ടെങ്കിൽ  അവിടെ  കുറെ  സമയം
ചെലവഴിക്കാം .

എൻറെ  orchardൽ   അത്തി പഴങ്ങൾ  പാകമായി  നിൽക്കുന്ന  സമയമാണ് .
നാട്ടിൽ   ഈ  മരം  ഞാൻ  കണ്ടിട്ടില്ല . എന്നാൽ  പണ്ട്  ഒരു  നാടക  ഗാനം
കേട്ടിട്ടുണ്ട് ." അത്തി ക്കായ്കൾ   പഴുത്തല്ലോ ,എൻ മുന്തിരി വള്ളി
തളിര്ത്തല്ലോ ,ജെരുസലേമിൻ  കന്യകയാളെ ,വരൂ  വരൂ  വേഗം ''.അത്തിപഴം  മരച്ചോട്ടിൽ  നിന്ന് തിന്നുമ്പോൾ  ഈ  ഗാനമാണ്  ഓർമ്മയിൽ
കേൾക്കുന്നത് . എന്തു പഴമായാലും   അത്  മരത്തിൻറെ  ചോട്ടിൽ നിന്ന് ,
അല്ലെങ്കിൽ  മരത്തിൽ  കയറിയിരുന്ന്  തിന്നണം. എൻറെ  കുട്ടിക്കാലത്ത്
മാവിലും  പ്ലാവിലും  കശുമാവിലും  കേറുകയും  മരത്തിലിരുന്നു  തിന്നുകയും  പതിവായിരുന്നു .

വെണ്ടയും  തക്കാളിയും  പയറും  മറ്റും  ധാരാളം  ഉണ്ടാകുന്ന  സമയമാണ് .
ഇവിടെ നിന്ന്  130 kms  അകലെ  ധാരാളം  മാങ്ങയും
കപ്പളങ്ങയും  ഉണ്ടെന്ന്  കേട്ടു .നമ്മൾ  സുഹൃത്തുക്കളെ  സന്ദർശിക്കുമ്പോൾ
അവർ  എന്തെങ്കിലും  തന്നു വിടാതിരിക്കുകയില്ല .ഞായറാഴ്ച  shri
Karammel  George ഉം  കുടുംബാംഗങ്ങളും  ഇവിടെ  വന്നപ്പോൾ ഒരു  സഞ്ചി
നിറയെ  ചുവന്നു തുടുത്ത തക്കാളി  കൊടുത്തു വിട്ടു .''തക്കാളിപ്പഴ കവിളിൽ
ഒരു  താമരമുത്തം ''  എന്ന  ഒരു  പഴയ  ഗാനം   ഓർമ്മയിൽ  തെളിഞ്ഞു .ഇവിടെ  വിലയിൽ  ഒന്നാമത്  വെണ്ടക്കയാണ് . ഒരു കിലോയ്ക്ക്  50
Rand .ഏറ്റവും   വില  കുറഞ്ഞത്‌  മത്തങ്ങയും  cabbageഉം  ആണ് .

അസ്വസ്ഥതകളിൽ  നിന്ന്  രക്ഷപ്പെടാൻ  നമുക്ക്  വളർത്തു മൃഗങ്ങളെയോ
പക്ഷികളെയോ  ആശ്രയിക്കാം . ചിലർ   പട്ടിയെ വളരെ  കാര്യമായി
വളർത്തുന്നത്   കാണുമ്പോൾ   മറ്റുള്ളവർക്ക്  പുഛം ആണ് . എന്നാൽ  ഒരു
വളർത്തുമൃഗം  തരുന്ന  സ്നേഹവും  പിന്തുണയും  അതിൻറെ  ഉടമസ്ഥർക്ക്
മാത്രം   അറിയാവുന്ന  കാര്യമാണ് .ഉദാഹരണമായി  2012ൽ  ഞങ്ങൾ
സ്കൂളിൽ  ആയിരുന്ന  സമയത്ത്  മോഷ്ടാക്കൾ   ജനൽക്കമ്പി  മുറിച്ച്
വീട്ടിൽക്കയറി  വിലപിടിപ്പുള്ള  പലതും  തൂത്തുവാരി കൊണ്ടുപോയി .
അതിൻറെ  ഏക  ദൃക്സാക്ഷി  ഞങ്ങളുടെ  പൂച്ച ,അപ്പുവാണ് . എന്തോ
അരുതാത്തത്‌   സംഭവിച്ചത്  അവന്  മനസ്സിലായി .ഞങ്ങളുടെ  അടുത്തു
വരാതെ   അകലെ   മാറിനിന്ന്   വലിയവായിൽ  കരഞ്ഞു . അതിൻറെ
മുഖത്ത്  കഠിനമായ  വ്യഥ   കാണാമായിരുന്നു . കുറേ  ദിവസത്തേയ്ക്ക്
ജലപാനം  പോലുമില്ലാതെ   മാറിനിന്നു .

ഭക്ഷണകാര്യത്തിൽ   വളരെ  കണിശക്കാരനാണ്  അപ്പു . വാരിവലിച്ച്  ഒന്നും  തിന്നുകയില്ല . ഇറച്ചി ,മീൻ  മുതലായവയുടെ  അവശിഷ്ടങ്ങലോട്
അറപ്പാണ് . ശുദ്ധമായ  പാൽ ,വിലകൂടിയ  catfood  എന്നിവ  കഴിക്കും .
പിന്നെ  ഇടയ്ക്കും  മുട്ടിനും  പക്ഷികളെ  പിടിക്കും .പുരപ്പുറത്തു  താമസിക്കുന്ന  പ്രാവുകളിൽ  ഏതെങ്കിലും  അബദ്ധത്തിൽ  ലാൻഡ്‌  ചെയ്താൽ  അന്ന്  അപ്പുവിന്  കുശാലാണ്. വിശപ്പ്‌  സഹിക്കാൻ  വയ്യാത്ത
അവസ്ഥ  വന്നാൽ  അവൻ  മരത്തിൽ  കയറി  പക്ഷിയെ  പിടിക്കും .
ഒരു  Long jump/ triple jump  athlete ൻറെ  technique   ആണ്  അവൻ  ഉപയോഗിക്കുന്നത് .പത്ത്  അടി  ഉയരത്തിൽ  ഇരിക്കുന്ന  പക്ഷിയെ
ഏകദേശം ഇരുപതടി  അകലത്തിൽ നിന്ന്  ഫോക്കസ്  ചെയ്തശേഷം  തൊടുത്തുവിട്ട  മിസൈൽ  പോലെ  മരത്തിലേയ്ക്ക്‌  ഓടിക്കയറുകയാണ്.പ്രതികരിക്കാനാവാതെ   പാവം  പക്ഷി  അപ്പുവിൻറെ   വായിൽ !

റാം  എന്ന  weaver പക്ഷിയുമായി   ഞാൻ  പിണങ്ങി .കാരണം  അവൻറെ
തിരിവാണ് . 213  ഓഗസ്റ്റ്‌  മുതൽ   അവൻ  15  കൂടുകൾ  പണിതു .എല്ലാം
ഒന്നൊന്നായി     അവൻ തന്നെ  നശിപ്പിച്ചു .ഞാൻ   പ്രതീക്ഷിച്ചത്  ഈ
കൂടുകളിൽ  എല്ലാം  പെണ്‍കിളികൾ  വന്ന്  മുട്ടയിട്ട്  അവ  വിരിഞ്ഞ്
ഇവിടെയെല്ലാം  മഞ്ഞപക്ഷികൾ  പാറി പ്പറ ക്കുമെന്നാണ് .എന്നിട്ടിപ്പോൾ
കടിച്ചതുമില്ല   പിടിച്ചതുമില്ല  എന്ന  സ്ഥിതിയാണ് .അവശേഷിക്കുന്ന
രണ്ട്  കൂടുകൾ  കാശിനു  കൊള്ളാത്തവയാണ്.കഴിഞ്ഞ കൊല്ലം  ഇവനുമായി  പ്രണയസല്ലാപത്തിന്   വന്നിരുന്ന  പെണ്‍കിളികളെ  ഇപ്പോൾ
കാണാനില്ല .

ഈ  കോമ്പൌണ്ടിൽ   പല  മരങ്ങളിൽ  അരിപ്രാവുകൾ  കൂടുവെച്ചു  അടയിരിക്കുന്നത്‌  കാണാം .കൂട്  എന്ന്  പറയുന്നതിനേക്കാൾ   ശരി  ഇരിപ്പിടം  എന്നാണ് . അത്യാവശ്യത്തിന്  ഇരിക്കാൻ  മാത്രം  കുറെ
ചുള്ളിക്കമ്പുകൾ  വെച്ചാൽ  ഇരിപ്പിടമായി .നവംബറിൽ  ഒരു  ഒഴിഞ്ഞ
കോണിലുള്ള ,പാതി  കരിഞ്ഞ  ഒരു  മരത്തിൽ ,ഏകദേശം  12  ഉയരത്തിൽ
ഒരു  അരിപ്രാവ്  അടയിരിക്കുന്നത്‌  കണ്ടു . ഞാൻ  അടുത്ത്  ചെന്ന്  നോക്കി .
അതിൻറെ   കണ്ണുകളിൽ   ഭയമുണ്ടായിരുന്നു . അത്  അല്പ്പം  തിരിഞ്ഞ്
ഇരുന്നു .  അടുത്ത  ദിവസവും   നോക്കി .പ്രാവ്  അവിടെത്തന്നെ  ഉണ്ടായിരുന്നു . മൂന്നാം  ദിവസം  അത്  അവിടെയില്ല .സ്വകാര്യതയിലുള്ള
അനാവശ്യ ഇടപെടൽ  അതിന്   ഇഷ്ടമായില്ല .

ഈ  മാസം   വീടിന്  മുമ്പിലുള്ള  ചെറിയ  മരത്തിൽ  ഒരു  അരിപ്രാവ്
അടയിരിക്കുന്നത്   കണ്ടു . സുരക്ഷിതമായ  ഉയരത്തിലാണ് .സംശയ ദൃഷ്ടിയോടെ  എന്നെ  ഒളികണ്ണിട്ടു നോക്കി .എങ്കിലും  ഇരിപ്പിടം  ഉപേക്ഷിച്ച്
പോയില്ല . കുറെ  ദിവസം  കഴിഞ്ഞപ്പോൾ  രണ്ട്  ചെറിയ  അരിപ്രാവുകൾ
അവിടെ  പ്രത്യക്ഷപ്പെട്ടു . പൂർണ്ണവളർച്ച   എത്തിയവയാണ് .പക്ഷെ  ദൂരത്തിൽ  പറക്കാനുള്ള   പ്രാപ്തി   ആയിട്ടില്ല . ഓമനത്തമുള്ള  രണ്ടു
നാണം കുണുങ്ങികൾ .എപ്പോഴും  ഒന്നിച്ചിരിക്കാൻ  ശ്രമിക്കുന്നവർ . ഏകദേശം  പന്ത്രണ്ടടി   ഉയരത്തിലാണ്   അവർ  ഇരിക്കുന്നത് .ചിലപ്പോൾ
പുറംതിരിഞ്ഞു  ഇരിക്കും .അടുത്ത  ശിഖരത്തിലേയ്ക്ക്   കഷ്ടിച്ച്  പറക്കും .

പക്ഷികളെപ്പറ്റി  പറയുമ്പോൾ  ദുരൂഹതകൾ  ഏറെയാണ്‌ .അമ്മപ്രാവ്
ഈ  പിന്ചോമനകളെ   തനിച്ചാക്കി എവിടെ  പോയി? എന്തുകൊണ്ടാണ്
കൂട്ടിരിക്കാത്തത് ? ഇവർക്ക്  പറക്കാനുള്ള   ലൈസൻസ്  എടുക്കാൻ
പോയിരിക്കുകയാണോ ? ഇവർ  തനിയെ  പറന്നുയരുന്ന  ദിവസവും
മുഹൂർത്തവും   ഏതാണ് ?

ഒരു  ദിവസം  ഇരുട്ടാൻ   തുടങ്ങിയപ്പോൾ   അമ്മപ്രാവ്  എത്തി . വലിയ
സ്നേഹപ്രകടനങ്ങൾ  കണ്ടു .ചിറക് വിടർത്തലുകൾ ,ചിറകടികൾ . ഏതോ
അമൂല്യഭക്ഷണത്തിന്  വേണ്ടി  ആയിരുന്നോ  അമ്മപ്രാവ്  പകൽ മുഴുവൻ
സ്ഥലത്ത്  ഇല്ലാതിരുന്നത് ?

കുഞ്ഞുങ്ങൾക്ക്‌   സീത ,ഗീത  എന്ന്  ഞാൻ  പേരിട്ടു . പണ്ട്  ഹേമമാലിനി
ഡബിൾ   റോളിൽ  അഭിനയിച്ച   ഒരു  ഹിന്ദി സിനിമയുടെ  പേരാണ് ''സീത
ഔർ  ഗീത '. ദിലീപ്  കുമാർ  ഡബിൾ  റോളിൽ  അഭിനയിച്ച 'രാം  ഔർ  ശ്യാം ' എന്ന   ചിത്രത്തിൻറെ   പേരിൽ  നിന്നാണ്  മഞ്ഞപക്ഷിക്ക്  'രാം ' എന്ന്
പേരിട്ടത് .

ഒരു  പക്ഷെ , അമിതലാളന   നൽകിയാൽ  കുഞ്ഞുങ്ങൾക്ക്‌  സ്വന്തം  ചിറകുകൾ  കൊണ്ടും  സ്വതന്ത്രമായി   ജീവിക്കാനുള്ള   പ്രാപ്തി  ഉണ്ടാവുകയില്ല  എന്നതിനാൽ  ആയിരിക്കാം  അമ്മപ്രാവ്  അവരെ
തനിയെ  വിട്ടിരിക്കുന്നത് .

''  നിങ്ങൾക്ക്  തനിയെ   പറക്കാനുള്ള  കഴിവ്  ആകും

,വരും
ദിവസങ്ങളിൽ . ഈ  വീട്ടുകാരൻ   കുഴപ്പക്കാരനല്ല . ഒന്നും  പേടിക്കേണ്ട
ആവശ്യമില്ല . നിങ്ങൾ  ഈ  മരത്തിൽ  കുറേശ്ശെ  പറന്നു  പഠിക്കുക .എൻറെ
റോൾ  99  ശതമാനവും   പൂർത്തിയായി . നിങ്ങൾ  സ്വന്തം  കാലിൽ  നിൽക്കാൻ  പഠിക്കണം . തനിയെ  പറന്നു  പരിശീലിക്കണം . എങ്കിൽ
മാത്രമേ  ജീവിതത്തിലെ   വെല്ലുവിളികൾ  നേരിടാൻ  ആവുകയുള്ളു .''
ഇതായിരിക്കാം   അമ്മപ്രാവ്  കുഞ്ഞുങ്ങൾക്ക്‌  നൽകിയ  ഉപദേശം .


അപ്പുവിന്  അരിപ്രാവുകളോട്   പ്രത്യേക  താല്പര്യമൊന്നുമില്ല . എന്നാൽ
ഈ  കുഞ്ഞുങ്ങൾ  അവൻറെ  മുമ്പിൽ  ചെന്നു പെട്ടാൽ  ആപത്താണ് . അതുകൊണ്ട്  അവനെ  മാറ്റി  നിറുത്തണം .ശുദ്ധമായ  പാലും   വിലകൂടിയ
catfood ഉം  കൊടുത്ത് . നല്ല  ശാപ്പാട്  കിട്ടിയാൽ  എവിടെയെങ്കിലും  പോയി
ഉറങ്ങിക്കൊള്ളും . അവൻറെ  നല്ല  കാലം !

*                   *                   *                  *                             *                 *




No comments:

Post a Comment