ഒരു തട്ടിപ്പിൻറെ കഥ
എൻറെ കോമ്പൌണ്ടില് ഉള്ള പനവർഗത്തിൽ പെട്ട ഒരു മരത്തിൻറെ ഓലയിൽ ഒരു മാസം മുമ്പ് ഒരു മഞ്ഞക്കിളി കൂടുകൂട്ടാൻ തുടങ്ങി . ഒരാഴ്ച കൊണ്ട് ഏകദേശം മുക്കാൽ ഭാഗം പണി തീർത്തു . അതിനു ശേഷം അവൻ
അപ്രത്യക്ഷനായി .ഒരാഴ്ച കഴിഞ്ഞ് തിരിച്ചുവന്ന് വീണ്ടും പണി തുടങ്ങി .
രാവിലെ ആറര മണി മുതലാണ് അവൻറെ പണി തുടങ്ങുത് .ഉച്ചയ്ക്ക്
വിശ്രമം ആണ് .വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും പണി തുടങ്ങും .മനുഷ്യർ കൂടുപണി കാണുന്നത് അവന് ഒട്ടും ഇഷ്ടമില്ല .എന്നെ കണ്‍വെട്ടത്ത് കണ്ടാൽ ഒരു പ്രതിഷേധശബ്ദം പുറപ്പെടുവിച്ച് അവൻ അടുത്ത മരത്തിൽ ഒളിച്ചിരിക്കും . സമീപത്ത് ആളില്ലെന്ന് ഉറപ്പായാൽ വീണ്ടും പണി തുടങ്ങും .
പനയിൽ നിന്ന് അകലെ orchardന്റെ അതിരിൽ നിൽക്കുന്ന മരത്തിൽ വേറൊരു മഞ്ഞക്കിളി രണ്ടാഴ്ച മുമ്പ് കൂടുപണി തുടങ്ങി . അവന്
ഒന്നാമാനെക്കാൾ നിറം അല്പം കുറവാണ് . ഒന്നാമന്റെ നിറം മഞ്ഞക്കൂവ
അരച്ചതു പോലെ കടും മഞ്ഞയാണ് . രണ്ടാമൻറെ നിറം ,മഞ്ഞക്കൂവയിൽ കലർപ്പ്
ചേർന്നതു പോലെയാണ് . ഒന്നാമന് രാം എന്നും രണ്ടാമന് ശ്യാം
എന്നും ഞാൻ പേരിട്ടു . രാം ആദ്യത്തെ കൂട് തീർത്തു . തൊട്ടടുത്ത മരത്തിൽ
വേറൊന്നു പണിയാൻ തുടങ്ങി .
ഒരാഴ്ചകൊണ്ട് ശ്യാമിന്റെ കൂട് മുക്കാൽ ഭാഗം പണി തീർന്നു . അവനും
നാണംകുണുങ്ങിയാണ് . വളരെ nervous ആണ് .ഒരു ദിവസം രാവിലെ നോക്കുമ്പോൾ ആടു കിടന്നിടത്ത് പൂടപോലുമില്ല എന്ന് പറഞ്ഞതു പോലെ
മരക്കമ്പിൽ ശ്യാമിന്റെ കൂടില്ല . പണിയിൽ തൃപ്തി പോരാത്തത്‌കൊണ്ട്
അഴിച്ചു കളഞ്ഞതാണെന്നു ഞാൻ കരുതി . ഒരു ദിവസം കഴിഞ്ഞപ്പോൾ
അതേ മരത്തിൽ അവൻ പുതിയ കൂട് പണിയാൻ തുടങ്ങി . കുറെ ദിവസം
കൊണ്ട് പകുതി ഭാഗം തീർത്തു . ഇന്നലെ രാവിലെ നോക്കുമ്പോൾ കൂട്
ഇല്ല . ഒരു മീറ്റർ മുകളിൽ വേറൊരു പുതിയ കൂടിൻറെ ചട്ടം കണ്ടു .സൂക്ഷിച്ചു നോക്കിയപ്പോൾ ഞെട്ടിപ്പോയി .രാം ആണ് അവിടെ തൂങ്ങിക്കിടന്ന് കൂടൊരുക്കുന്നത് . ഇടയ്ക്ക് അവൻ ഓല ശേഖരിക്കാൻ
പോയപ്പോൾ ശ്യാം അതിൽ തലയിട്ട് നോക്കുന്നത് കണ്ടു .ഉടൻ രാം ഒരു
ഒരു മിന്നൽ പോലെ പാഞ്ഞെത്തി , ശ്യാമിനെ കൊത്തി തുരത്തിയോടിച്ചു .
പലതരം പക്ഷികൾ ഒരു സമൂഹമായി താമസിക്കുന്ന ഒരു വലിയ മരമുണ്ട് .
അവിടെ പലതരം കൂടുകളുടെ പണി തകൃതിയായി നടക്കുന്നുണ്ട് .ഇന്ന്
ഞാൻ ചെടികൾ നനച്ചു കൊണ്ട് നടക്കുമ്പോൾ ശ്യാം ഒരു മരക്കമ്പിൽ
അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ ഇരിക്കുന്നതു കണ്ടു . അവൻറെ വ്യഥ
കണ്ട് സഹതാപം തോന്നിയ ഞാൻ ചോദിച്ചു .
കുരി .
എന്താ വിഷണ്ണനായി ഇരിക്കുന്നത് ? എന്തു പറ്റി ?
ശ്യാം
എന്തു പറയാനാ സാറേ . എന്റേതു ഒരു കദനകഥയാണ് . സാർ അത്
കേൾക്കാതിരിക്കുകയാണ് നല്ലത് . വെറുതെയെന്തിനാ മനസ്സ് വിഷമിപ്പിക്കുന്നത് ?
കുരി .
എന്തായാലും നീ എന്നോട് കാര്യം പറ . നീ ഇവിടെ വന്നിട്ട് മൂന്നാഴ്ച
ആയല്ലോ . ഇതുവരെ ഞാൻ കാരണം ഒരു ദോഷവും നിനക്ക് ഉണ്ടായിട്ടില്ല .
വാസ്തവത്തിൽ ഞാൻ നിൻറെ ഒരു ആരാധകനാണ് . നിൻറെ ചുണ്ടുവിരുത്
എനിക്ക് നന്നായി ബോധിച്ചു . ആ നല്ല കൂട് നീ നശിപ്പിച്ചത് ഒട്ടും ശരിയായില്ല . എനിക്ക് വളരെ മനോവിഷമം തോന്നി . കടുംകയ്യല്ലേ നീ
ചെയ്തത് .
ശ്യാം
എന്നാൽ ഞാൻ എൻറെ ദുരന്തകഥ പറയാം .ഞാനും രാമും ഒരേ അമ്മക്കിളിയുടെ മക്കളാണ് . അവൻ കണ്ണായ സ്ഥലം നോക്കി പനയിൽ
മുന്തിയ കൂട് വെച്ചപ്പോൾ ഞാൻ ഒഴിഞ്ഞ സ്ഥലത്തെ മരത്തിൽ ഒരു സാധാ
കൂടു വെച്ചു . അവന് എന്നെ കണ്ടുകൂടാ .എൻറെ കൂട് മുക്കാൽ ആയപ്പോൾ
അവൻ രണ്ട് കൂട് തീർത്തിരുന്നു . ഇവിടത്തെ പ്രസിഡന്റ് സുമായെപ്പോലെ
ബഹുഭാര്യനാണ് രാം . പോകുന്നിടത്തെല്ലാം സംബന്ധമാണ് . കടുത്ത അസൂയക്കരനാണ് . ആ പഹയനാണ് എൻറെ കൂട് നശിപ്പിച്ചത് .അതിൻറെ
ഓല ഉപയോഗിച്ച് അവൻ വലിയ മരത്തിൽ വേറെ ഒരു കൂട് പണിയുന്നുണ്ട് . അവനിന്ന് കൂട് മഫിയയുടെ തലവനാണ് . അധികാര കേന്ദ്രങ്ങളിൽ വലിയ സ്വാധീനമുള്ള മുതലാളിയാണ് .ദുഷ്ടന്മാർ പന
പോലെ വളരുമെന്നല്ലേ ചൊല്ല് !
കുരി
നിനക്ക് പരുന്തു മുഖ്യന്റെയടുത്തു ഒരു പരാതി കൊടുക്കാമായിരുന്നില്ലേ ?
അദ്ദേഹം നീതിമാനാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .
ശ്യാം
ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല . പരുന്തു മുഖ്യന്റെ ജനസമ്പർക്കപരിപാടിയിൽ
ഒരു പരാതി കൊടുക്കാനായി ഞാൻ എല്ലാം എഴുതി , ഒരു ഫയലിൽ
ആക്കി ,അധാരിന്റെ കോപ്പി ,തിരിച്ചറിയൽ കാര്ഡിന്റെ കോപ്പി ,കരം
കെട്ടിയ രസീത് മുതലായ നൂറുകൂട്ടം രേഖകളും വെച്ച് പരുന്തച്ചന്റെ
ഓഫീസിൽ ചെന്നു . പക്ഷെ ആ ഓഫീസ് തട്ടിപ്പുകാരുടെയും മാഫിയകളുടെ യും ലോബികളുടെയും വൻ കൂടാന് .വാൽ തലയെ നിയന്ത്രിക്കുന്നതു പോലെയാണ് അവിടത്തെ കാര്യങ്ങൾ . പരുന്തച്ചന്റെ അംഗരക്ഷകൻ
കഴുകൻരാജ് , ഡ്രൈവർ കാക്കച്ചൻ , പി ഏ ഉപ്പൻ എന്നിവർ ചേർന്ന്
എന്നെ ഭീഷണിപ്പെടുത്തി .ഞാൻ സാറിൻറെ പറമ്പിൽ അതിക്രമിച്ചു കടന്നതാണെന്നും അതിന് കേസ് എടുക്കുമെന്നും അവർ
ഭീഷണി മുഴക്കി .
എന്നെ ഗുണ്ടാലിസ്റ്റിൽ പെടുത്തി , ചിറകരിഞ്ഞു കൂട്ടിലടക്കുമെന്നും അവർ
ആക്രോശിച്ചു . ഞാൻ ജീവനുംകൊണ്ട് പറന്നു രക്ഷപെട്ടു .
കുരി
കഷ്ടം . ഈ രാജ്യത്ത് സാധാരണക്കാരന് നീതി ലഭിക്കുകയില്ല .
ശ്യാം
പണത്തിനു മീതെ പരുന്തും പറക്കുകയില്ല എന്നല്ലേ ചൊല്ല് .പരാതി കൊടുക്കാൻ പോയ ഞാൻ അങ്ങനെ പ്രതിയായി .ഇപ്പോൾ കടിച്ചതുമില്ല ,
പിടിച്ചതുമില്ല .
കുരി
കഷ്ടം. പക്ഷെ നീ വിഷമിക്കേണ്ടാ . ഈ പറമ്പിൽ എവിടെ വേണമെങ്കിലും
നീ കൂട് വെച്ചോളു . രാമിന്റെ കുതന്ത്രങ്ങളിൽ നിന്ന് നിന്നെ ഞാൻ
സംരക്ഷിക്കാം . ആ മരം നിന്റെതാണ് . രാമിന്റെ കൂട് ഞാൻ നീക്കം
ചെയ്യാം .
ശ്യാം
ഒന്നും വേണ്ട സാറേ . സാധാരണക്കാരന് ഇവിടെ നീതി കിട്ടുകയില്ല .
പരുന്തച്ചന്റെ ഓഫീസിൽ ചെന്നപ്പോൾ കഴുകൻരാജും കാക്കച്ചനും
ഉപ്പനും ചേർന്ന് ചില പ്രമാണങ്ങൾ എന്നെ കാണിച്ചു . നിറയെ സീലും
ഒപ്പുകളും ഉള്ളത് .അതിൽ പറഞ്ഞിരിക്കുന്നത് സാർ 999 കൊല്ലത്തേക്ക് ഈ
പറമ്പിലുള്ള എല്ലാ മരങ്ങളുടേയും അവകാശം രാമിനും അവൻറെ
സന്തതിപരമ്പരകൾക്കും തീറായി എഴുതി കൊടുത്തിരിക്കുന്നു എന്നാണ് .
ഒരു രൂപയ്ക്ക് !
കുരി
ഞാൻ അങ്ങനെ ആർക്കും ഒന്നും എഴുതി കൊടുത്തിട്ടില്ല . അത് വ്യാജമാണ് .
ശ്യാം
എൻറെ സാറേ ഈ നാട്ടിൽ വ്യാജമല്ലാത്ത എന്താണുള്ളത് ? കൂട്
നഷ്ടപ്പെട്ടത് സഹിക്കാം . പക്ഷേ എൻറെ ഭാര്യ അനസൂയ എന്നെ ഇട്ടിട്ട്
ആ അസൂയക്കാരന്റെ കൂടെ പോയതാണ് എനിക്ക് സഹിക്കാൻ വയ്യാത്തത് .
കുരി
കഷ്ടം . അവൾക്കെങ്ങനെ തോന്നി ഈ ചതി ചെയ്യാൻ ?
ശ്യാം
രാം സുന്ദരൻ . പിടിപാടുള്ളവൻ . മഞ്ഞളിന്റെ നിറമല്ലേ അവന് .എന്റേത്
മങ്ങിയ നിറം . അവൻറെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് എനിക്കില്ല.അങ്ങനെ
അവൻ അനസൂയയുടെ കണ്ണിലുണ്ണിയായി . ഞാനോ കേറിക്കിടക്കാൻ
കൂടില്ലാത്തവൻ . അവൾ പതിവൃത ആയിരുന്നില്ല ,പാതിവൃതയായിരുന്നു .
അതായത് അവൾ രഹസ്യമായി രാമിനെ സ്നേഹിച്ചിരുന്നു . ഇനി
ജീവിച്ചിട്ട് എന്തു കാര്യം ? ജീവൻ ഒടുക്കിയാലോയെന്നു ഞാൻ ആലോചിക്കുകയാണ് .
കുരി
എടാ കടുംകൈ ഒന്നും ചെയ്യല്ലേ . പോയത് പോകട്ടെ .നമുക്ക് അവനെതിരായി കേസ് കൊ ടുക്കാം .
ശ്യാം
വേണ്ട സാറേ . ഒരു പ്രയോജനവുമില്ല . അവൻ തട്ടിപ്പിൻറെ രാജാവാണ് .
luxury കൂട് വെച്ചു കൊടുക്കാമെന്നും പറഞ്ഞ് ആയിരക്കണക്കിന് പക്ഷികളിൽ നിന്നായി കോടിക്കണക്കിനു രൂപ അവൻ തട്ടിയെടുത്തിട്ടുണ്ട് .
RAMCO NESTS എന്ന പേരിൽ അവൻ ഒരു കമ്പനി തുടങ്ങിയിട്ടുണ്ട് .സോലാരിനെക്കാൾ വലിയ തട്ടിപ്പാണ് .മഴക്കാലം അടുത്തപ്പോൾ വാഗ്ദാനം ചെയ്ത കൂട് കിട്ടാത്ത പക്ഷികൾ '' കൂടെവിടെ'' '' കൂടെവിടെ'' എന്ന് കരഞ്ഞു കൊണ്ട് തലങ്ങും വിലങ്ങും ഹതാശരായി പറക്കുകയാണ് .
കുരി
പ്രതിപക്ഷം ഇടപെട്ടില്ലേ ഈ പ്രശ്നത്തിൽ ?
ശ്യാം
പ്രതിപക്ഷം ഇളകി . പരുന്തച്ചന്റെ ഓഫീസ് വളയും എന്നൊക്കെ അവർ
ഭീഷണി മുഴക്കി .പരുന്തച്ചൻ രാജി വെക്കണമെന്ന് അവർ ആവശ്യപ്പെട്ടു .
പക്ഷേ ആ വീര്യം ഇപ്പോൾ അവർ കാണിക്കുന്നില്ല . അവരും പണം പറ്റിയോ എന്ന് സംശയിക്കണം . വഴിപാടുപോലെ വല്ലപ്പോഴും അഞ്ചാറ്
കരിംകൊടി കാണിക്കും . മുട്ടക്ഷാമം കാരണം ഇപ്പോൾ മുട്ടയേറും നിലച്ചു .
ഇതെല്ലാം ഒത്തുകളിയാ സാറേ . നമ്മൾ ശുദ്ധഗതിക്കാർ വെറുതെ കഥ
അറിയാതെ ആട്ടം കാണുകയാണ് . തട്ടിപ്പുകാർക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല .
കുരി
നമ്മൾ നിസ്സഹായരാണ് . ആകട്ടെ , എന്താ നിൻറെ ഭാവി പരിപാടി ?
ശ്യാം
വർത്തമാനകാലം ഇല്ലാത്തവന് എന്തു ഭാവി ? അതാ വലിയ പൊടിക്കാറ്റും
പെരുമഴയും വരുന്നുണ്ട് . സാറിൻറെ പുരപ്പുറത്ത് താമസിക്കുന്ന പ്രാവുകൾ നല്ലവരാണ് . മഴ വന്നാൽ അവരുടെ കൂടിൻറെ മൂലയ്ക്ക്
ഇരുന്നോളാൻ പറഞ്ഞിട്ടുണ്ട് . അവരുടേത് കൂടെന്നു പറയുന്നത് കുറച്ചിലാണ് . നാലഞ്ച് ചുള്ളിക്കമ്പ് തലങ്ങും വിലങ്ങും വെക്കുന്നതിനെയാണ് അവർ കൂടെന്നു പറയുന്നത് .കഷ്ടം , എൻറെ ഗതി
ഇതായി . ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നല്ലേ ചൊല്ല് .
കുരി
എന്നാൽ നീ ചെല്ല് . കൊടുങ്കാറ്റും പെരുമഴയും വരുന്നുണ്ട് .
ശ്യാം
ഓക്കേ സാർ . ഗുഡ് നൈറ്റ് സാർ . ( പോകുന്നു )
No comments:
Post a Comment