Wednesday, 2 October 2013

മുട്ടുവിൻ ,പക്ഷെ തുറക്കപ്പെടുകയില്ല ( ഹാസ്യ ഭാവന )

02  ഒക്ടോബർ  2013
ടെലരെയ്വില്ലേ , ദക്ഷിണാഫ്രിക്ക

അവസാനം  ഇവിടെ   വേനൽ  എത്തിയതു  പോലെ  തോന്നുന്നു .ഇവിടെ  എന്നു  പറയുമ്പോൾ   ഞാൻ  താമസിക്കുന്ന   നോർത്ത്  വെസ്റ്റ്  പ്രോവിന്സിനെയാണു  ഉദ്ദേശിക്കുന്നത് .ഈ   വലിയ  രാജ്യത്ത്  കാലാവസ്ഥയിലും  പ്രകൃതിയിലും
ജീവിത രീതിയിലും  വിവിധ  പ്രദേശങ്ങളിൽ  വ്യത്യാസങ്ങൾ  ഉണ്ട്.ഉദാഹരണമായി  കേപ്  ടൌണ്‍  ഉൾപെട്ട  വെസ്റ്റേണ്‍   കേപ്  വേറൊരു
രാജ്യം  പോലെയാണ് .

വേനൽ ചൂടിൽ  നിന്നു  രക്ഷ പെടാൻ   വേണ്ടിയാണ്  ഇവിടെ  വീടിനടുത്ത്
മരങ്ങൾ  വെച്ചു  പിടിപ്പിചിട്ടുള്ളത്. അതു കൊണ്ടാണ്  ഇവിടെ  ധാരാളം
പക്ഷികൾ  ഉള്ളത് .ഇവയെ  ആരും   ശല്യപ്പെടുതാത്തത്  കൊണ്ട്  സ്വതന്ത്രമായി ഇവിടെയുള്ള  മരങ്ങളിൽ  കൂടു  കൂട്ടി  പെരുകി  'അടിച്ചു പൊളിച്ച് ' പറന്നു
നടക്കുന്നു .ഇവിടുത്തെ  കോമ്പൌണ്ടുകൾ  ശരാശരി  2000  ചതുരശ്ര മീറ്റർ
വിസ്തീർണ്ണ മുള്ളതാണ് .

എൻറെ   orchardനോടു  ചേർന്നുള്ള  ഒരു  മരത്തിൽ  ഒരു  മഞ്ഞ പക്ഷി  കൂട്
പണി  തുടങ്ങിയിട്ട്   അഞ്ച്  ദിവസമായി . പണി  പകുതിയെ  ആയുള്ളു .പനയിൽ  കൂടു പണി  പകുതി  ആക്കി  ഉപേക്ഷിച്ചു  പോയവനല്ല  ഇവൻ .
മനുഷ്യർ  കൂടു പണി  കാണുന്നത്  ഇവന്  ഇഷ്ടമില്ല. ആരും  കാണുന്നില്ല  എന്ന്


ഉറപ്പുള്ളപ്പോൾ  മാത്രമേ  അവൻ  പണിയുകയുള്ളൂ. അവൻറെ  ഭാര്യ  ആയിരിക്കാം  വേറൊരു  പക്ഷി  മേൽനോട്ടം  ചെയ്യുന്നുണ്ട് .ഇവനും പണി
ഉപേക്ഷിച്ചു  പോകുമോ  എന്തോ ! കാത്തിരുന്നു  കാണാം .

താഴുകളെയും  താക്കോലുകളെയും  പറ്റി  ചിന്തിച്ച്  കാടുകയറി  ഞാൻ  ചെന്നെത്തിയത്  മുട്ടിയാലും   തുറക്കാത്ത  വാതിലുകളിൽ  ആണ് .ഇന്നത്തെ
കാലത്ത്  എന്തെങ്കിലും  തുറന്നു  കിട്ടണമെങ്കിൽ  username ,പിൻ  നമ്പർ ,password ,
മുതലായ  പലതും  വേണം .ഇന്ന്  ഇവ  പത്തിരുപത്  എണ്ണം  ഇല്ലെങ്കിൽ
ജീവിച്ചു  പോകാനാവില്ല. കമ്പ്യൂട്ടർ ,സെൽ ഫോണ്‍ ,facebook ,ബാങ്ക്  അക്കൗണ്ട്‌ ,
ബ്ലോഗ്ഗർ ,websites , ഇങ്ങനെ  എവിടെയെല്ലാം  പാസ്സ്‌വേർഡ്‌ ,പിൻ  ഇവയെല്ലാം
വേണം. ഇവയെല്ലാം  എങ്ങനെ  ഓർത്തിരിക്കും .ഇവ  നിങ്ങൾ  ആർക്കും
പറഞ്ഞു  കൊടുക്കരുതെന്നാണ്  അതു  കൊണ്ട്  ഇവ  കാണാതെ  പഠിക്കുകയാണ്  ഒരു  നല്ല  മാർഗം . password  തെരഞ്ഞെടുക്കാൻ  ഒരു  ടിപ്
തരാം .ഒരു  പക്ഷെ  പലർക്കും  അറിവുള്ളതായിരിക്കും . നമ്മുടെ  കുട്ടികളുടെ ,
അല്ലെങ്കിൽ  പേരകുട്ടികളുടെ  പേരും  അവർ  ജനിച്ച  വർഷവും    ചേർത്താൽ
ഓർമ്മിക്കാൻ  പറ്റിയ  ഒരു  password  ഉണ്ടാക്കാം .നമ്മൾ  താമസിക്കുന്ന  സ്ട്രീടിന്റെ  നമ്പറും   പേരും  ചേർത്താൽ  നല്ല  ഒരു  password  ആയി .മറ്റ്
എന്തെല്ലാം  മറന്നാലും  സ്വന്തം  കുടുംബത്തെയും  വീടിനെയും  ആരും  മറക്കുകയില്ലല്ലോ .ഈ  ഉപദേശം  കേട്ടിട്ട്  ആരെങ്കിലും  അന്യരുടെ  password
ഊഹിച്ചെടുത്ത്‌  ബാങ്ക്  അക്കൗണ്ട്‌  തുരന്നെടുക്കാമെന്ന്   വിചാരിച്ചാൽ  നടപ്പില്ല. കാരണം  മൂന്ന്  attempts  മാത്രമേ  അനുവദിച്ചിട്ടുള്ളൂ .ആദ്യ ശ്രമം
പരാജയപ്പെടുമ്പോൾ   കമ്പ്യൂട്ടർ  മനസ്സിലാക്കും  അപ്പുറത്ത്  ഒരു  കള്ളൻ
ആണെന്ന് .

മറവി   മനുഷ്യസഹജമാണ് .അതുകൊണ്ടാണല്ലോ  കമ്പ്യൂട്ടർ  ചോദിക്കുന്നത് ,
'' നിങ്ങൾ  പാസ്സ്‌വേർഡ്‌  മറന്നോ ?''  എന്ന് . നമ്മുടെ  ഭാര്യമാരെ  പോലെയല്ല
കമ്പ്യൂട്ടർ .എന്തെങ്കിലും  നഷ്ടപ്പെടുത്തിയാൽ  ഭാര്യമാർ  വഴക്കു  പറയും .
പക്ഷേ  കമ്പ്യൂട്ടർ  ക്ഷമയുള്ളവളാണ് .കരുണാമയിയാണ് .പാസ്സ്‌വേർഡ്‌
മറന്നാൽ  വേറൊരെണ്ണം  സെറ്റ്  ചെയ്യാൻ  അവൾ  അനുവദിക്കും .അതു
കൊണ്ടാണ്  ചില  ആണുങ്ങൾ  ഭാര്യമാരോട്  കൂടെ  ചെലവഴിക്കുന്നതിനെക്കാൾ   സമയം  കമ്പ്യൂട്ടർൻറെ   കൂടെ  ചെലവഴിക്കുന്നത് .

ഹൃദയത്തിൻറെ  ലോക്കറിൽ  ഭദ്രമായി  ഒളിപ്പിച്ചു  വെച്ചിരിക്കുന്ന  വല്ല
പേര്  ഉണ്ടെങ്കിൽ  അതും  പാസ്സ്‌വേർഡ്‌  ആയി  ഉപയോഗിക്കാം .കാണാതെ
പഠിച്ചിരിക്കണം  എന്നു  മാത്രം . അല്ലെങ്കിൽ  കുടുംബ കലഹം  ഉണ്ടായെന്നു
വരാം.

പാസ്സ്‌വേർഡ്‌  എവിടെയെങ്കിലും  എഴുതി  വെക്കുമ്പോൾ  സൂക്ഷിക്കണം .ഉദാഹരണമായി  എൻറെ  പാസ്സ്‌വേർഡ്‌  ORCHID  2004
എന്നാണ്  എങ്കിൽ
ഇത്  രണ്ടിടത്തായി  എഴുതി  വെയ്ക്കണം .അല്ലെങ്കിൽ  തട്ടിപ്പുകാർ  ഇത്
കണ്ടെടുത്തു  നമ്മുടെ  പൈസ  മുഴുവൻ  ചോർത്തി  എടുക്കും.

ഞാൻ  എൻറെ  പാസ്സ്‌വേർഡ്‌ ,പിൻ  മുതലായവ  ഇവിടെ  മലയാളത്തിൽ
എഴുതി  വെയ്ക്കുകയാണ്  ചെയ്യുന്നത് .കറുത്ത  കള്ളന്മാർ  വീട്ടിൽ  കയറിയാലും  ഇവ  അവർക്ക്  പിടി  കിട്ടുകയില്ല.പിന്നെ  വേറൊരു  കാര്യം .
മലയാളികൾ  മരുന്നിനു  പോലും  ഇല്ലാത്ത സ്ഥലമായത്  കൊണ്ടാണ്  നിർഭയം
മലയാളത്തിൽ  എഴുതുന്നത്‌ .

ചുരുക്കി  പറഞ്ഞാൽ  ഇന്ന്  ഏതെങ്കിലും  കാര്യം  സാധിക്കണമെങ്കിൽ ,അഥവാ
വാതിലുകൾ  തുറക്കപ്പെടണമെങ്കിൽ  മനസു  നിറയെ  PASSWORD ,പിൻ  ഒക്കെ
വേണം .ചിലപ്പോൾ  ഓർക്കാപ്പുറത്ത്  ഒരു കുസൃതി  കാണിക്കും.ഒത്തിരി
നാളത്തെ  പരിചയം  ഉണ്ട് ,എന്നിട്ടും  കണ്ട  ഭാവം  നടിക്കാത്ത  ചില
പെണ്ണുങ്ങളെ  പോലെ ."നിൻറെ  പാസ്സ്‌വേർഡ്‌  ENTER  ചെയ്യുക ''.പിന്നെ
നെട്ടോട്ടവും  കുറിയോട്ടവും  ആയി .ഇത്  ഒഴിവാക്കാൻ  കാണാതെ  പഠിക്കുക .
അല്ലെങ്കിൽ  ഡയറിയിലോ  കലണ്ടറിലോ  എഴുതി  എഴുതി  വെയ്ക്കുക .
മറ്റുള്ളവർക്ക്  അറിയാത്ത   ഭാഷയിൽ .








No comments:

Post a Comment