Thursday, 12 December 2013

നെൽസണ്‍ മണ്ടേല -ലോക തറവാട്ടിലെ കാരണവർ

നെൽസണ്‍  മണ്ടെലയെപ്പറ്റി   നാം   വളരെയേറെ   വായിക്കുകയും  കേൾക്കുകയും   കാണുകയും  ചെയ്തു  ഈ  ദിവസങ്ങളിൽ .അദ്ദേഹം  ലോക
തറവാട്ടിലെ   കാരണവരായിരുന്നു ,പ്രായം  കൊണ്ടും  പക്വത  കൊണ്ടും
ജനസമ്മതി  കൊണ്ടും . സാധാരണക്കാർക്കും   പ്രശസ്ത  വ്യക്തികൾക്കും
അദ്ദേഹത്തിൻറെ   ഭവനം  ഒരു  തറവാട്   ആയിരുന്നു .ആർക്കും  അദ്ദേഹത്തെ
സന്ദർശിക്കാം , സംസാരിക്കാം ,അദ്ദേഹത്തിൻറെ  തമാശകൾ  കേട്ട്  ചിരിക്കാം ,
പാടാം ,പാട്ടിനൊപ്പിച്ച്  ചുവടുകൾ  വെയ്ക്കാം .

രാഷ്ട്ര തലവന്മാർ , ഗായകർ ,കായികതാരങ്ങൾ ,എഴുത്തുകാർ  എന്നിങ്ങനെ
ജീവിതത്തിൻറെ   വിവിധ  മേഖലകളിൽ  നിന്നുള്ള  ആളുകൾ  മണ്ടേലയെ
സന്ദർശിച്ച്  അനുഗ്രഹം  വാങ്ങുകയും ഉ
പദേശങ്ങൾ  സ്വീകരിക്കുകയും
ചെയ്തിരുന്നു . ശാസന  വേണ്ടിടത്ത്  ഉഗ്രമായി  ശാസിക്കാൻ  ആ  കാരണവർ
മടിച്ചില്ല .ജോർജ്  ബുഷ്‌  ഇറാക്കിനെ  ആക്രമിക്കാൻ  പടയൊരുക്കം  നടത്തിയപ്പോൾ  അതിനെതിരെ   ഏറ്റവും  ശക്തമായ  താക്കീത്  നൽകാൻ
മണ്ടേല  ഇടം  വലം നോക്കിയില്ല .

നെഹ്രുവിനെ  പോലെ  കുട്ടികളുടെ  ക്ഷേമത്തിൽ  അദ്ദേഹം  വളരെ  താൽപര്യം  കാണിച്ചിരുന്നു . കുട്ടികളുടെ  ക്ഷേമത്തിന്  വേണ്ടി  അദ്ദേഹം
സ്ഥാപിച്ച   നെൽസണ്‍  മണ്ടേല  CHILDREN 'S   FUND വലിയ   ഒരു  പ്രസ്ഥാനമാണ്‌ .വ്യവസായ പ്രമുഖർ   മണ്ടേലയെ  സന്ദർശിക്കുമ്പോൾ   സ്കൂളുകൾ ,ഹോസ്പിറ്റ്ലുകൾ   മുതലായവ   പണിയാനുള്ള   ധനസഹായം  അദ്ദേഹം
ആവശ്യപ്പെട്ടിരുന്നു . ചോദിക്കാതെ  തന്നെ  അവർ  ധനസഹായം  കൊടുത്തിട്ടുണ്ട്‌ .
  ഒരു   കാരണവർ   എല്ലാ   കാര്യത്തിലും  ഇളം  തലമുറയ്ക്ക്  മാതൃക
ആയിരിക്കണം .  ഇക്കാര്യത്തിൽ  കറയില്ലാത്ത   ഒരു  മാതൃകയാണ്
മണ്ടേല   നൽകിയത് . അദ്ദേഹം  മദ്യം ,പുകവലി  മുതലായ  ദുശീലങ്ങൾ
ഇല്ലാത്ത   ആളായിരുന്നു .ചിട്ടയായ   വ്യായാമം  ചെയ്തിരുന്നു .കൃത്യനിഷ്ഠ
അദ്ദേഹം  കണിശമായി   പാലിച്ചിരുന്നു .ഏതെങ്കിലും  പരിപാടിക്ക്  താമസിച്ച്  ചെല്ലുന്നത്  അദ്ദേഹത്തിന്  ഇഷ്ടമില്ലായിരുന്നു .

എതിരാളികളോട്   ഏറ്റവും  മാന്യമായ   ഭാഷയാണ്   അദ്ദേഹം  ഉപയോഗിച്ചിരുന്നത് . എത്ര   പ്രകോപനമുണ്ടായാലും   സമനില  കൈവിടുകയില്ല .മോശമായ   ഒരു  വാക്കുപോലും  അദ്ദേഹത്തിൽ  നിന്ന്
ഉണ്ടായിട്ടില്ല .

അദ്ദേഹത്തിന്റെ   സംഭാഷണ  ശൈലി   ആരെയും  ആകർഷിക്കുന്നതായിരുന്നു .എല്ലാവർക്കും   കേൾക്ക തക്കവിധം  സ്ഫുടമായി , നിറുത്തി  നിറുത്തിയാണ്
മണ്ടേലയുടെ  സംഭാഷണവും  പ്രസംഗവും .കവിതാപാരായണത്തിന്റെ
ഒരു  താളം  പ്രസംഗങ്ങളിൽ   തിരിച്ചറിയാൻ   സാധിക്കും .അതു  കൊണ്ടാണ്
അദ്ദേഹത്തിൻറെ   പ്രസംഗങ്ങൾ  എത്ര  നേരവും  കേട്ടിരിക്കാൻ  ഒരു  രസം
തോന്നുന്നത് .

ചിരിക്കാനും   ചിരിപ്പിക്കാനും  മണ്ടേലയ്ക്ക്   തുല്യനായ  ഒരു  നേതാവിനെ
ലോകം  ഇതുവരെ   കണ്ടിട്ടില്ല .ചിട്ടയായ  ജീവിതവും  ആത്മാർത്ഥമായ
ചിരിയും  അദ്ദേഹത്തിൻറെ   ആയുസ്സ്  വർധിപ്പിച്ചു . മദ്യം ,മയക്കുമരുന്ന് ,
അമിത ഭക്ഷണം ,ലൈംഗിക രോഗങ്ങൾ  മുതലായ  കാരണങ്ങളാൽ  50  വയസ്സ്
പോലും  എത്താതെ   അനേകർ  അകാല മരണം  പ്രാപിക്കുന്ന  ഒരു  രാജ്യമാണ്  ദക്ഷിണാഫ്രിക്ക . ആരോഗ്യവും  സന്തോഷവും  നിറഞ്ഞ  ഒരു  നീണ്ട  ജീവിതത്തിൻറെ  മാതൃക  ഒരു  വെല്ലുവിളിയായി  യുവതലമുറയ്ക്ക്  നൽകിയാണ്‌   ആ   കാരണവർ   വിട  വാങ്ങിയത് .



1 comment:

  1. ഈ ലേഖനത്തിൻറെ രണ്ടാം ഭാഗം നാളെ പ്രതീക്ഷിക്കുക

    ReplyDelete