Friday, 11 April 2014

ജീവൻറെ വൃക്ഷം ( ബിബി എദ്വർദിന്റെ കവിത - ഒരു പഠനം )

ജീവൻറെ   വൃക്ഷം

ഈ   കവിതയെ പ്പറ്റി   ചില  ചിന്തകൾ  എഴുതി  പകുതിയാക്കി   വെച്ചിട്ട്
ഒരു   മാസത്തിലേറെയായി . സ്കൂൾ  ജോലി തിരക്കു  കാരണം  പൂർത്തിയാക്കാനായില്ല . വേറെയും  കാരണങ്ങൾ  ഉണ്ട് . മാർച്ച്‌  28 ആം
തീയതി  എൻറെ  മകൾ  പ്രവീണയും  മൂന്ന്  കുട്ടികളും  അവുധിക്കാലം
ആഘോഷിക്കുന്നതിനു  വേണ്ടി  നാട്ടിൽ  നിന്ന്  വന്നു . കുട്ടികളുടെ  തകർപ്പു
കാരണം   ഒരു  എമർജൻസി യാണ് . മാത്രമല്ല   കവിതയെപ്പറ്റി   എഴുതുന്നത്‌
ഹൃദയ ശസ്ത്ര ക്രിയ   പോലെയാണ് . വളരെ  ഉത്തരവാദിത്തമുള്ള  കാര്യമാണ് . അതും   പരിചയക്കുറവ്  ഉള്ള  ഡോക്ടർക്ക് .

ബിബി  എദ്വർദിന്റെ   'ജീവൻറെ  വൃക്ഷം ' എന്ന   കവിത  

വായിക്കുകയും
അതിൻറെ   പശ്ചാതലത്തിൽ   മരുഭൂമിയിലെ   ഒരു   വൃക്ഷത്തിൻറെ  ചിത്രം
കാണുകയും  ചെയ്തപ്പോൾ  എനിക്ക്  ഓർമ്മ  വന്നത് 1981 മുതൽ  1987 വരെ
ഞങ്ങൾ  ജോലി  ചെയ്തിരുന്ന ,വടക്കുകിഴക്കെ   Nigeriaയിലെ   ഷുവ  എന്ന
ഗ്രാമമാണ് . വളരെ  ദരിദ്രരായിരുന്നു  ഗ്രാമവാസികൾ .ഞായറാഴ്ചകളിൽ
അവിടെ  ഗ്രാമീണചന്ത  കൂടും. വിലപിടിപ്പുള്ള   സാധനങ്ങൾ  ഒന്നുമില്ല .
പക്ഷേ  അവിടെ  ആകർഷകമായ  ഒരു  കാഴ്ച  ഉണ്ടായിരുന്നു .ലോകത്തിലെ  ഏറ്റവും   പ്രധാനപ്പെട്ട  ജീവൻറെ  വൃക്ഷമായ  ബോബാബ്  മരങ്ങളുടെ
തണലിലാണ്  ഗ്രാമീണർ  തങ്ങളുടെ  ഉൽപ്പന്നങ്ങൾ  വിൽക്കാൻ  ഇരുന്നത് .

ബോബാബ്  മരത്തിന്  '' ജീവൻറെ  വൃക്ഷം '' എന്നും  പേരുണ്ട് .എത്ര
നീണ്ട  വരൾച്ചയേയും   അതിജീവിക്കാൻ  അതിനു  കഴിയും .അതിൻറെ  ഇലയും  പഴവും  ഔഷധഗുണമുള്ളതാണ് .തടിക്ക്‌  അനേകം  ഉപയോഗങ്ങളുണ്ട് . ഒരു  വലിയ  മരത്തിന്  120000 ലിറ്റർ  വെള്ളം  ശേഖരിക്കാനുള്ള   കഴിവുണ്ട് .കാട്ടാനകൾ  കൊമ്പു കൊണ്ട്  കുത്തി  വെള്ളം  കുടിക്കുന്നതായി   പറയപ്പെടുന്നു .ദക്ഷിണാഫ്രിക്കയിൽ  ഒരു  farmൽ  6000
വർഷം   പ്രായമുള്ള  ഒരു  ബോബാബ്  മരമുണ്ട് . അതിൻറെ  ഉയരം  22
മീറ്റർ . ചുറ്റളവ്‌  155  അടി . അതിൻറെ  പൊത്തിൽ  ഒരു  Pub  പ്രവർത്തിക്കുന്നു .

പ്രകൃതിയും  മനുഷ്യനും  തമ്മിലുള്ള  അഭേദ്യമായ  ബന്ധത്തെ  ഉയർത്തി
കാണിക്കുന്നതാണ്  ബിബിയുടെ  'ജീവൻറെ  വൃക്ഷം ' എന്ന  കവിത .ഹൃദയത്തിൻറെ  ഭാഷയിൽ  എഴുതപ്പെടുന്ന  വരികൾ   വായനക്കാരന്റെ
ഉള്ളിൽ  തട്ടും . കൂടുതൽ  ചിന്തിക്കാൻ  അവ  വായനക്കാരനെ  പ്രേരിപ്പിക്കും . നല്ല  കവിത  അസാധാരണമായ  ഒരു  അനുഭവമായി
മനസ്സിനെ  ശുദ്ധീകരിക്കും . ഈ  കവിത  വായിച്ചു കഴിഞ്ഞപ്പോൾ
 ഇങ്ങനെയാണ്  എനിക്ക്  തോന്നിയത് .


ഒരു  വശത്ത്  മരുഭൂമിയിലെ  ചുട്ടുപൊള്ളുന്ന   വെയിൽ .മറുവശത്ത്
ജീവൻറെ  വൃക്ഷം  നൽകുന്ന  തണുപ്പും  തണലും   ദാഹജലവും  ആശ്വാസവും . ഇവ  രണ്ടും  കോർത്തിണക്കിയാണ്   കവിത  മുന്നോട്ട്
പോകുന്നത് .


എരിഞ്ഞു  നിൽക്കും  മരുപ്പരപ്പിൽ
 നടവഴിയിലിടറിവീഴും   പഥികന്
പാഥേയമായ്   വഴിയിലൊരു  ജീവവൃക്ഷം

മരുഭൂമിയിൽ   കഷ്ടപ്പെട്ട്  പണിയെടുക്കുന്ന   സാധാരണക്കാരുടെ  ഹൃദയ
സ്പന്ദനങ്ങൾ   കവിതയിലുടനീളം   കാണാൻ  കഴിയും .''
"എരിഞ്ഞുനിൽക്കും ''  , '' ചുട്ടുപൊള്ളും  എൻ ''  , '' മഞ്ഞവെയിൽ നാളമേറ്റുരുകി ''  ,'' വിയർപ്പേറി നിൽക്കുമെൻ   മേനിയിൽ '' എന്നിവ
ഉദാഹരണങ്ങൾ . അതിന്  പരിഹാരമായി ,ആശ്വാസം  നൽകുന്ന  വാക്കുകൾ  ഒപ്പമുണ്ട് .


കൈക്കുമ്പിളിൽ   നീ  നിറയ്ക്കും  ജലം
കുടിച്ചെന്റെ   ദാഹം  ശമിച്ചിടുന്നു .
...................        ........... ..............

ഒരു  വർഷപാതം  തന്നെന്നിൽ
ഹരിതനിറ ചാർത്തണിയിച്ചു  നീ

..........................          ..............

സുഖമൊരു  ശീതള ഛായ  പകർന്നു
നിന്നരികിലായെന്നെ ചേർത്തു  നിർത്തി

ഒരു  മുത്തഛ്ൻ   തൻറെ   പേരക്കുട്ടിയെ  വാത്സല്യപൂർവ്വം  തന്നോട്
ചേർത്തു  നിറുത്തുന്നതു പോലെയാണ്  ജീവൻറെ  വൃക്ഷം  പഥികനെ
സ്വീകരിച്ച്  അഭയം   നൽകി   സംരക്ഷിക്കുന്നത് .

പ്രകൃതിയിലെ   നന്മകൾ  തിരിച്ചറിയുന്നവർക്കുള്ളതാണ്   കവിത . പ്രകൃതിയെ  സ്നേഹിക്കുന്നവർ   മനുഷ്യനെയും   സ്നേഹിക്കും .ജീവൻറെ
വൃക്ഷം    സ്നേഹത്തിൻറെ   പ്രതീകമാണ് . വിയർപ്പിൻറെ   മണമുള്ള
പാവപ്പെട്ടവർക്ക്  എന്നും   ആശ്രയമാണ്  കാരുണ്യവാനായ   ഈ  വൃക്ഷം .

മറ്റൊരു  തലത്തിൽ   നോക്കുമ്പോൾ   ഈ   വൃക്ഷം , കഷ്ടപ്പെടുന്നവരുടെ
കണ്ണീരൊപ്പുന്ന    മഹാമാനസ്ക്കരായ   ആളുകളെയും   പ്രധിനിധീകരിക്കുന്നു .
കേരളത്തിലും    ഗൾഫിലും   പാവപ്പെട്ടവർക്ക്   നിത്യവും   സൌജന്യമായി
ഭക്ഷണം   കൊടുക്കുന്ന  ചിലരെപ്പറ്റി   വാർത്ത‍   കാണുകയുണ്ടായി . അവർ
പണക്കാരല്ല . ലാഭം   ഉപേക്ഷിച്ച്   കഷ്ടപ്പെടുന്നവർക്ക്  സഹായം  ചെയ്യുന്ന
അവരും   ജീവൻറെ   വൃക്ഷത്തിൻറെ   ശാഖകളാണ് . അവർ  പ്രശസ്തി
ആഗ്രഹിക്കുന്നില്ല . ദൈവീകമായ   ഒരു  കർമ്മമാണ്‌   അവർ  നിർവഹിക്കുന്നത് .

ഗൾഫിൽ   ജോലി  ചെയ്യുന്ന   സാധാരണക്കാരുടെ  കഷ്ടപ്പാടുകൾ  അടുത്തറി യുന്ന  ബിബി , തൻറെ  അഗാധമായ   സഹതാപം  ഈ  കവിതയിൽ
പ്രകടിപ്പിക്കുന്നു . എത്ര  വലിയ   കഷ്ടപ്പാടിലും   സഹായത്തിന്റെ , സാന്ത്വനത്തിന്റെ  കുളിര്   നൽകാൻ  എപ്പോഴും   കുറേ  നല്ല  മനുഷ്യർ
ഉണ്ടായിരിക്കും . കവിയുടെ   ഈ  ശുഭാപ്തി വിശ്വാസം  ഒരു  ഒരു  സന്ദേശമായി  നമ്മുടെ   മനസ്സിൽ   എന്നും  നിലനിൽക്കും .


അവരുടെ    വിയർപ്പിൻ   ഗന്ധമണിഞ്ഞും
അവരുടെ  മിഴിനീരിനുപ്പു  നുണഞ്ഞുമീ
വഴിയരികിൽ   തളിർത്തു  നിൽക്കും
ജീവൻറെ   ഉറവയാം   ജീവ വൃക്ഷം .

ഈ   കവിത , ബിബി  എദ്വർദിന്റെ    ഗ്രാഫ്   വളരെ  ഉയർത്തിയിരിക്കുന്നു .



No comments:

Post a Comment