Friday, 18 April 2014

ആദ്യത്തെ സ്കൂൾ ( അനുഭവ വിവരണം )

ജോലിയിൽ   നിന്ന്   വിരമിക്കാൻ   ഒരാഴ്ച   മാത്രം   ബാക്കി   നിൽക്കെ , എൻറെ    ആദ്യത്തെ   സ്കൂളിൻറെ   ഓർമ്മകൾ   മനസ്സിൽ   തെളിഞ്ഞു
വന്നു . 

കെന്യയുടെ    തലസ്ഥാനമായ    നൈറൊബിയിൽ   നിന്ന്  45   kms  അകലെ 
തിക്കാ   എന്ന   ഒരു   കൊച്ചു   പട്ടണമുണ്ട് . അല്ലറ ചില്ലറ   വ്യവസായങ്ങൾ  ഉള്ള  പട്ടണമാണ് . എല്ലാ   കാര്യങ്ങളിലും   ഉന്നത  നിലവാരം  പുലർത്തുന്ന 
, പ്ലാൻ  ചെയ്യപ്പെട്ട   പട്ടണമാണ് . 

അവിടെ   മുണ്ടിയ   സെക്കന്ററി   സ്കൂളിലാണ്   ആദ്യമായി   നിയമനം 
കിട്ടിയത് . അതൊരു    പ്രൈവറ്റ്  സ്കൂൾ   ആയിരുന്നു . ഉടമസ്ഥനായ  ഡി .K .മുണ്ടിയയുടെ    പേരിലാണ്   സ്കൂൾ . പട്ടണത്തിൽ  നിന്ന്   രണ്ടു  km 
ദൂരെയാണ്    സ്കൂൾ . ബോർഡിംഗ്   സ്കൂൾ   ആണ് .

1975  ജനുവരിയിലാണ്   ജോലിയിൽ    പ്രവേശിച്ചത്‌ . എൻറെ  കൂടെ  പാലാ
ചിറ്റെട്ടു   ജോസും  ഉണ്ടായിരുന്നു . നിർദ്ദോഷമായ   ഒരു   തട്ടിപ്പിലൂടെയാണ്
ഞാനും   ജോസും   മുണ്ടിയ   സ്കൂളിൽ   കുടുങ്ങിയത് .

ഞങ്ങളുടെ   സുഹൃത്തുക്കളുടെ   ഒരു   ശ്രുംഖല   കെന്യയിൽ  ഉണ്ടായിരുന്നു .
എല്ലാവരും   പാല  കോളേജ്ൽ   പഠിച്ചവർ . ഒരു  കുടുംബത്തിലെ  അംഗങ്ങളെ
പോലെയാണ്  എല്ലാവരും . നാട്ടിൽ   ജോലിസാധ്യത   ഒന്നും  ഇല്ലാത്ത
കാലമാണ് . അതുകൊണ്ടാണ്   പലരും  അദ്ധ്യാപക ജോലിക്ക്  എത്തിയത് . ആദ്യം  പോയവർ  അവരുടെ   സുഹൃത്തുക്കളെ   വിളിച്ചു  വരുത്തും .രണ്ടാമത്   വന്നവർ   അവരുടെ   സുഹൃത്തുക്കളെയും   ബന്ധുക്കളെയും
വരുത്തും .

ഞാനും  ജോസും   രണ്ടു   സുഹൃത്തുക്കളുടെ   അപരന്മാരായിട്ടാണ്   മുണ്ടിയ
സ്‌കൂളിൽ    എത്തിയത് . കെന്യയിൽ   എത്തിയ  ശേഷമാണ്   ഞങ്ങൾക്ക്
ഈ   വിവരം   പിടി  കിട്ടിയത് . മുണ്ടിയ  സ്കൂൾ   ഏറ്റവും  മോശം
സ്കൂൾ  ആണ് . അവിടെ   പഠിപ്പിച്ചിരുന്ന   പരേതനായ   കെ .സി .തോമസ്സിനും
വി .ഡി .ജി . നായർക്കും    മെച്ചപ്പെട്ട   സ്കൂളുകളിൽ   ജോലി  കിട്ടി .പകരം
ആളെ   കൊടുത്താൽ   മാത്രമേ   പിരിഞ്ഞു  പോകാൻ   സാധിക്കുകയുള്ളൂ .
അങ്ങനെ  ഞങ്ങളെ   അപരന്മാരായി   അവതരിപ്പിക്കുകയായിരുന്നു . എൻറെ
ജ്യേഷ്ടൻ    സെബാസ്റ്റ്യൻ  കെന്യയിൽ   ഉണ്ടായിരുന്നു . അവനും  കൂടി
ചേർന്നാണ്   ഞങ്ങളെ   കുടുക്കിയത് . മറുത്ത്   ഒന്നും  പറയാനും  പറ്റുകയില്ല .
മാത്രമല്ല   തോമസും  നായർ  സാറും  ഞങ്ങൾക്ക്   ചേട്ടന്മാരെ   പോലെയാണ് .
പല  തലമുറകളുടെ   പഴക്കമുള്ള  സ്നേഹ ബന്ധമാണ് . തോമസ്  പറഞ്ഞു .

''  വിഷമിക്കണ്ട . ഒരു  കൊല്ലം  കഴിഞ്ഞ്  മുണ്ടിയയിൽ   നിന്ന്  ചാടാം ."

കെന്യയിലെ   വിദ്യാർത്ഥികൾക്ക്   സ്കൂൾ   എന്നു  വെച്ചാൽ   ബോർഡിംഗ്
സ്കൂൾ  ആണ് . ഏത്   ഓണംകേറാ മൂലയിലായാലും   അവർക്ക്  ബോർഡിംഗ്
സ്കൂൾ   മതി . ടൌണിൽ   ആണെങ്കിൽ   കൂടുതൽ  ഇഷ്ടം . ബോർഡിംഗ്  സ്കൂൾ
നടത്തിയാൽ   നല്ല   ലാഭം  കിട്ടും . തിക്കയിൽ    റാവൽ   എന്ന  ഇന്ത്യക്കാരൻ
പ്രൈവറ്റ്  സ്കൂൾ   നടത്തിയിരുന്നു . ടൌണിന്റെ   ഹൃദയ  ഭാഗത്തായതിനാൽ
അവിടെ   കുട്ടികൾ   ധാരാളം .

മുണ്ടിയ   സ്‌കൂളിൽ   ഇരുനൂറോളം   കുട്ടികളുണ്ട് .  മുണ്ടിയ    രാഷ്ട്രീയം ,
കൃഷി , കച്ചവടം   മുതലായ   രംഗങ്ങളിൽ   പ്രവർത്തിക്കുന്ന   ആളാണ് .
തിക്കയുടെ    deputy   മേയർ   ആയിരുന്നു . ഒരു  delegation  അംഗം  ആയി
ഇന്ത്യ   സന്ദർശിച്ചിട്ടുണ്ട് . ആറടിയിലേറെ  ഉയരവും  അതിനൊത്ത  വണ്ണവും
ഉള്ള   മുണ്ടിയ  ഒരു  ഗജവീരനെ പോലെയാണ് . എപ്പോഴും  suit  ധരിച്ചിരിക്കും .
ഒരു   വലിയ   Mercedes  ആണ്   ഓടിക്കുന്നത് . അടിവരിയിലെ   കുറെ  പല്ലുകൾ
ഗോത്രാചാരപ്രകാരം    എടുത്തു കളഞ്ഞതാണ് .രണ്ട്   ഭാ ര്യമാർ . ഒരു
ഭാര്യ   സ്കൂൾ   നടത്തിപ്പുകാരിയാണ് . രണ്ടാമത്തവൾ   പലചരക്ക്  കച്ചവടം
നടത്തുന്നു

മുണ്ടിയയിലെ    വിദ്യാഭ്യാസം    വളയമില്ലാത്ത   ചാട്ടമാണെന്ന്   വേഗം
മനസ്സിലായി . അദ്ധ്യാപകർക്കും   കുട്ടികൾക്കും   പാഠപുസ്തകങ്ങൾ  ഒന്നുമില്ല . അദ്ധ്യാപകൻ   എങ്ങെനെയെങ്കിലും   പഠിപ്പിച്ചു  കൊള്ളണം .

ഹെഡ് മാസ്റ്റർ   കിഗോഷി  , പ്രസിദ്ധമായ   മകെരെരെ   സർവകലാശാലയിൽ
നിന്ന്    ഫിസിക്സ്‌ൽ    ബിരുദം  നേടിയ  ആളാണ് . ശാന്തശീലനായ  അദ്ദേഹത്തിൻറെ   മുഖത്ത്   എപ്പോഴും   ഒരു  പുഞ്ചിരിയുണ്ട് .പക്ഷെ
അദ്ദേഹം   കുറെ   വേദനകൾ  ആ  പുഞ്ചിരിക്കു പിന്നിൽ  ഒളിപ്പിച്ചു
വെച്ചിരുന്നു . അദ്ദേഹത്തിന്റെ   സഹപാഠികൾ   വളരെ  ഉന്നത  നിലയിലാണ് .
മുമ്പ്   അദ്ദേഹം   ഒരു   സർക്കാർ   വക   സ്കൂളിൻറെ   ഹെഡ് മാസ്റ്റർ   ആയിരുന്നു . സാമ്പത്തിക  ക്രമക്കേടിന്   അദ്ദേഹത്തെ   പുറത്താക്കിയതാണ് .
മറ്റ്  പല   അദ്ധ്യാപകരും    പുറത്താക്കപ്പെട്ട    അധ്യാപഹയന്മാർ  ആണെന്ന്
അന്വേഷണത്തിൽ   മനസ്സിലായി .

ചരിത്ര അദ്ധ്യാപകനായ    ജുഗുന   എന്നും  suit ലാണ് . പക്ഷെ   പകരം  വെക്കാൻ   വേറെ  ഒരെണ്ണം  ഇല്ല . അദ്ദേഹത്തിൻറെ   ഇംഗ്ലീഷ്   കുറ്റമറ്റതാണ് .
ബ്രേക്ക്‌   സമയങ്ങളിൽ   ഒരു   സിഗരെറ്റ്    വലിച്ചുകൊണ്ട്   ജുഗുന  മുണ്ട്യയെ
നിശിതമായി   വിമർശിക്കും . പക്ഷെ   മുണ്ട്യ   ഒരു   സ്റ്റാഫ്‌  മീറ്റിംഗ്  വിളിച്ചു
കൂട്ടിയാൽ  ജുഗുനയുടെ   കാൽമുട്ടുകൾ   കൂട്ടിയിടിക്കും .

മുണ്ട്യ    മാസത്തിൽ   ഒരു   പ്രാവശ്യം   അസ്സെംബ്ലി    നടത്തും . അദ്ദേഹം
മികച്ച   വാഗ്മിയാണ് . ഉപമകളും   അലങ്കാരങ്ങളും   ചേർത്ത്   അര മണിക്കൂറോളം   നീളുന്ന   പ്രസംഗം  എല്ലാവരെയും   രസിപ്പിക്കും . സാധാരണ
സംഭാഷണങ്ങളിൽ പോലും      idioms   ഉദാരമായി   ഉപയോഗിക്കുന്ന  ആളാണ്
മുണ്ട്യ . '' leave   no   stone  unturned ' , ' hit  the  nail  on  the  head ', ' tip  of  the  iceberg ' മുതലായവ .

മുണ്ട്യ   ചിലപ്പോൾ    സ്റ്റാഫ്‌   മീറ്റിംഗ്   നടത്തും . അദ്ധ്യാപകർക്കെതിരെ   കുറെ
ശകാരവർഷം   നടത്തും .  പഠിപ്പിക്കുന്നത്‌  പോരായെന്നാണ്    പരാതി .
ഇടയ്ക്കിടെ   അദ്ദേഹം    തൻറെ   തത്ത്വ ശാസ്ത്രം   വിളമ്പും .

''  ഞാൻ   നിങ്ങൾക്ക്   അവുധിക്കും   ശമ്പളം  തരുന്നുണ്ട് . യാതൊരു  ജോലിയും
ചെയ്യാതെ .  അത്   ഓർത്തുകൊള്ളണം.  .''

ഒരു   സ്റ്റാഫ്‌   മീറ്റിംഗിൽ   മുണ്ട്യ   പറഞ്ഞു .

''  Do  not  think  that  you  can  use  my  school  as  a  stepping   stone .''

ഇത്  പറഞ്ഞിട്ട്   അദ്ദേഹം   എന്നെയും   ജോസിനെയും  രൂക്ഷമായി  ഒന്നു
നോക്കി .

സ്കൂൾ   മോശമാണെങ്കിലും    തിക്കാ  പട്ടണം   നല്ലതാണ് . പട്ടണത്തിൻറെ
ഹൃദയഭാഗത്താണ്‌   ഞങ്ങളുടെ   താമസം .  അനേകം   ഇന്ത്യൻ  വംശജരുള്ള
പട്ടണമാണ്   തിക്കാ . പുഞ്ച   എന്ന  ഗുജറാത്തിയുടെ   ഇരുമ്പുകടയുടെ
മുകളിലുള്ള    ഫ്ലാറ്റിലാണ്   ഞങ്ങൾ   താമസിച്ചിരുന്നത് . എതിർ വശത്തുള്ള
ഒരു   ഫ്ലാറ്റിൽ    ബസേലിയോസ്    കോളേജിലെ   പ്രൊഫസർ  K  P  ജോയിയും
ഭാര്യ   ആനിയും   താമസിച്ചിരുന്നു . ജോയ്   സർക്കാരിന്റെ   contract  കിട്ടി
വന്നതാണ് . ആനിക്ക്   മുണ്ടിയയിൽ   ജോലി  കിട്ടി . പക്ഷെ   ഒരു  പ്രശ്നം .
ആനി   ഗർഭിണിയാണ് . രണ്ട്  Kms   നടക്കാൻ  പറ്റുകയില്ല . ജോയ്  ഒരു
കാർ   ഏർപ്പാട്  ചെയ്തു . റിട്ടയർ  ചെയ്ത  ഒരു  ഗുജറാത്തി  ബിസിനസ്‌കാരന്റെതാണ്   കാർ . ഒരു  മാനുഷിക പരിഗണന   വെച്ചാണ്
റായി ചന്ദ്  സമ്മതിച്ചത് . ജോയ്   ഞങ്ങളെയും  പങ്കാളികളാക്കി . പുതിയ
ഒരു   Ford   കാർ  ആണ്   റായിചന്ദ്   ഓടിച്ചിരുന്നത് . പ്രസവത്തോടെ  ആനി
രാജി വെച്ചു . ഞാനും   ജോസും  വഴിയാധാരമായി !

തിക്കായിലെ   ജീവിതം   വളരെ  രസകരമായിരുന്നു . ശനിയാഴ്ച  ഗ്രാമങ്ങളിൽ  നിന്ന്   ഞങ്ങളുടെ   സുഹൃത്തുക്കൾ   വരും . ഷോപ്പിംഗ്‌ ,ബാങ്ക് ,പോസ്റ്റ്‌  ഓഫീസ്  മുതലായ   കാര്യങ്ങൾക്കു  വേണ്ടി . പ്രധാന  പരിപാടി  റമ്മി
കളിയാണ് . രാവിലെ  തുടങ്ങുന്ന  കളി   വൈ കീട്ട്   ആറുമണി വരെ  നീളും .
അന്ന്  സിഗരെറ്റ്‌   വലിച്ചില്ലെങ്കിൽ   ചെറുപ്പക്കാരുടെ  ഇടയിൽ   വലിയ
കുറച്ചിലാണ് .  പോക്കെറ്റിൽ    Benson  and  Hedges ,Rothmans  മുതലായവയിൽ  ഒന്നിൻറെ   പാക്കറ്റും  സ്വർണനിറമുള്ള   ലൈറ്റരും   ഉണ്ടെങ്കിൽ  അത്
അന്തസ്സുള്ള   കാര്യമാണ് . ചീട്ടുകളി   പുരോഗമിക്കുമ്പോൾ   ashtray കൾ
നിറഞ്ഞു  കവിയും .ആ  വർഷമാണ്‌   ഓഡിയോ കാസറ്റുകൾ  പ്രചാരത്തിലായത് . അന്ന്   അതൊരു    സാധനം  ആയിരുന്നു .

ശനിയാഴ്ച   KC തോമസ്സും  മറ്റു  ചിലരും  ഞങ്ങളുടെ  കൂടെ  താമസിക്കും .
വൈകുന്നേരമായാൽ   എല്ലാവരും  തൊട്ടടുത്തുള്ള  DECEMBER 13  എന്ന
ഹോട്ടലിൽ  പോകും . തിക്കയിലെ   മുന്തിയ   ഹോട്ടലാണ് . കെന്യയുടെ
സ്വാതന്ത്ര്യ ദിനമാണ്   ഹോട്ടലിൻറെ   പേര് . സമൂഹത്തിലെ  ഉന്നതർ
നിത്യവും   relax  ചെയ്യുന്നത്  അവിടെയാണ് . മനോഹരമായി   ഡിസൈൻ
ചെയ്ത  ഹോട്ടലിൻറെ  എല്ലാ വശത്തും   ഗ്ലാസ്‌  ആണ് . ഒന്നാംതരം  സീറ്റുകൾ .
വളരെ  നേരം   സംസാരിച്ചിരുന്ന്  കുടിക്കുന്ന  രീതിയാണ്  അവിടെ . ഉടമസ്ഥനായ   ജോർജ്   ഇടയ്ക്കിടെ   എല്ലാവരുടെയും  അടുത്തുവന്ന്  കുശലാന്വേഷണം   നടത്തും . ചിലപ്പോൾ   അദ്ദേഹം  waiterറെ  വിളിച്ച്
പറയും .

"  Please   give  them  a  round .''

ജോർജ്   മാത്രമല്ല , നമുക്ക്  ഒരു  പരിചയവും  ഇല്ലാത്ത  ചിലർ  നമ്മൾ
അറിയാതെ  drinks  ഓഫർ   ചെയ്യാറുണ്ട് . ഞങ്ങൾ   ഇത്   ഓർഡർ
ചെയ്തില്ലല്ലോ  എന്ന്  പറയുമ്പോഴാണ്   waiter  പറയുന്നത് .

'' ദാ ,ആ  ഇരിക്കുന്ന   ആളാണ്  ഓർഡർ  ചെയ്തത് .''

കെന്യക്കാരുടെ   സൌഹൃദവും  വിശാല മന്സ്കതയും  എടുത്ത്  പറയേണ്ട
ഒന്നാണ് .

അവിടെ  ഒരു  Juke  Box   ഉണ്ടായിരുന്നു . മൂന്ന്   ഷില്ലിംഗ്  ഇട്ടാൽ  ഒരു  പാട്ട്
കേൾക്കാം . ടോം Jones , ബോബ്  മാർലി   മുതലായവരുടെ  പാട്ടുകളാണ്
കൂടുതലും   കേട്ടിരുന്നത് .

1975  അങ്ങനെ  കഴിഞ്ഞു . ഇന്ത്യൻ   radioയിൽ ''   കഭി  കഭി ''  ഒന്നാം  സ്ഥാനത്തെത്തിയ   വർഷം . സിനിമാ  തിയെറ്റരുകളിൽ   ക്ലിന്റ്  ഈസ്റ്റ് വുഡ്
വാഴുന്ന  കാലം .ഇന്ദിരാ ഗാന്ധി  ഇന്ത്യയെ  ഇരുമ്പു മുഷ്ടിക്കുള്ളിൽ  ഒതുക്കിയ
വർഷം .

1976   ജനുവരി   ആറാം  തീയതി  ഞങ്ങൾ  മുണ്ടിയ  സ്കൂളിലേയ്ക്ക്  നടന്നു .
അല്പ്പം   താമസിച്ചുപോയല്ലോ   എന്ന്   പരിഭ്രമിച്ചാണ്   നടന്നത് .
സ്കൂളിൽ   എത്തിയപ്പോൾ   അവിടെ   യാതൊരു  അനക്കവും  കണ്ടില്ല .ഒരു
ക്ലാസ്സ്‌ റൂമിൽ   ഒരു  വലിയ  പശു  നിൽപ്പുണ്ട് . അടുത്ത  ദിവസങ്ങളിൽ
കുട്ടികൾ  വന്നു  ചേർന്നു . എന്നാൽ   കൂടുതൽ  കുട്ടികളെ   ആകർഷിക്കാൻ
മുണ്ടിയ   സ്കൂളിന്   കഴിഞ്ഞില്ല . കുട്ടികളുടെ  എണ്ണം  കുറഞ്ഞു .ജോസിനും
എനിക്കും   കത്തോലിക്കാ  മാനേജ്‌മന്റ്‌  കീഴിലുള്ള   സ്കൂളുകളിൽ
നിയമനം  കിട്ടി . അപരന്മാരെ   കൊടുക്കാതെ  തന്നെ   ഞങ്ങൾ  മുണ്ടിയ
സ്കൂളിനോട്   വിട  പറഞ്ഞു .










No comments:

Post a Comment