Saturday, 26 April 2014

മറ്റൊരു നീണ്ട വാരാന്ത്യം

25 ഏപ്രിൽ   2014

ഈ   ദിവസം   വളരെ   പ്രധാനപ്പെട്ടതാണ് ,എനിക്ക്   വ്യക്തിപരമായും
മറ്റു   ചില   കാരണങ്ങളാലും . ദക്ഷിണാഫ്രിക്ക  ഒട്ടാകെ  സന്തോഷത്തിന്റെ
ദിവസങ്ങളാണ്   ഇന്നു  മുതൽ . പ്രത്യേകിച്ച്  വിദ്യാർത്ഥികൾക്കും  അധ്യാപകർക്കും . ഇന്നു    തുടങ്ങുന്ന   നീണ്ട   വാരാന്ത്യം  മെയ്‌   അഞ്ചിനാണ്
അവസാനിക്കുന്നത്‌ . ദക്ഷിണാഫ്രിക്കയിലെ   ആദ്യജനാധിപത്യ  തെരഞ്ഞെടുപ്പ്
നടന്ന  ഏപ്രിൽ   27    സ്വാതന്ത്യ്ര   ദിനമായി   ആചരിക്കുന്നു . മെയ്‌  ഒന്ന്  ഇവിടെ   അവധി ദിവസമാണ് . അതിൻറെ  കൂടെ    രണ്ട്  സ്പെഷ്യൽ  സ്കൂൾ
അവധി   കൂടെ   ആയപ്പോൾ   വാരാന്ത്യം   നീണ്ടുപോയി . ഇക്കാര്യത്തിൽ
ആർക്കും   പരാതിയില്ല . കേരളത്തിലും   സ്ഥിതി  ഇത്  തന്നെ . കഴിഞ്ഞ
കൊല്ലം   ഞങ്ങൾ   നാട്ടിലുള്ളപ്പോൾ   വലിയ  കാർമേഘങ്ങൾ  ഉരുണ്ടു കൂടിയപ്പോൾ   വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക്   അവധി  പ്രഖ്യാപിച്ചു .
എത്ര  നല്ല   കാര്യം .

ഈ   നീണ്ട   വാരാന്ത്യം   എന്നെ   സംബന്ധിച്ചിടത്തോളം   ഒരു  വിമാനം
ടേക്ക്  ഓഫ്‌നു  വേണ്ടി   റണ്‍വേയിൽ  ഓടുന്നത്‌   പോലെയാണ് . കാരണം
റിട്ടയർമെന്റിന്റെ    അനന്തമായ   ആകാശത്തിലേയ്ക്കാണ്   വിമാനത്തിൻറെ
കുതിപ്പ് . അതായത്   ഇന്ന്   സ്‌കൂളിൽ  എൻറെ   അവസാനത്തെ  ദിവസം
ആയിരുന്നു . ഈ  സ്‌കൂളിൽ   26  കൊല്ലത്തെ  സേവനത്തിന്  ശേഷമാണ്  ഞാൻ
പിരിയുന്നത് . ജന്മദിനം   ഉള്ള   മാസത്തിൻറെ   അവസാനത്തെ  ദിവസമാണ്
സാധാരണ   പിരിയൽ . നീണ്ട   വാരാന്ത്യം   വന്നതുകൊണ്ട്   എൻറെ  ജന്മദിനമായ  ഇന്നു തന്നെ   പിരിഞ്ഞു .ജന്മമാസത്തിൽ   ഒരു  മാസത്തെ
ശമ്പളം   bonus   ആയി  ലഭിക്കുന്നു . പണം  ക്രെഡിറ്റ്‌  ചെയ്ത  മെസ്സേജ്   മൊബൈലിൽ  വരുമ്പോൾ   കേൾക്കുന്ന   മണിനാദം  ( money  നാദം ) ഏറ്റവും
ഇമ്പമുള്ളതാണ് .

റിട്ടയർ  ചെയ്യുന്ന   ഒരാളുടെ   mindset   എന്താണെന്ന്   അറിഞ്ഞു  കൂടാ .
'' പേർസണൽ   ആയിട്ട്   പറയുകയാണെങ്കിൽ '' ( ലാലു  അലക്സ്‌ )
എനിക്ക്   പ്രത്യേകിച്ച്  ഒന്നും  തോന്നിയില്ല . ലീലാമ്മ   ഈ   സ്‌കൂളിൽ
deputy  പ്രിൻസിപ്പൽ   ആണ് .  പിരിയാൻ മൂന്ന്  വർഷം  കൂടി  ഉണ്ട് .
അതുകൊണ്ടാണ്   സ്കൂളിനോട്   വിട  പറയുന്നതായി  തോന്നാതിരുന്നത് .

ഞങ്ങളുടെ   പ്രിൻസിപ്പൽ , Mrs  വിസ്സർ   ഇന്ന്   ജോലിയിൽ  പിരിഞ്ഞതാണ്
പ്രധാന  സംഭവം . 61   വയസ്സുള്ള   അവർ   കുടുംബസംബന്ധമായ    ചില
കാരണങ്ങളാൽ   നേരത്തേ   retirement   എടുത്തതാണ് .

എൻറെ   ചിന്തകൾ   ഇന്ന്   ഈ   മഹതിയിൽ   കേന്ദ്രീകരിച്ചു . അവർ
29  കൊല്ലം   ഈ   സ്കൂളിൽ  സേവനം   ചെയ്തു . ഇതിൽ   19  കൊല്ലം
പ്രിൻസിപ്പൽ   സ്ഥാനത്ത് .

30  kms   അകലെയുള്ള    ഫാമിൽ  നിന്നാണ്  Mrs  വിസ്സർ   വരുന്നത് . 25
കൊല്ലത്തോളം   പഴക്കമുള്ള   ഒരു  Ford   ബക്കി ഓടിച്ചാണ്   അവർ
വരുന്നത് . സ്‌കൂളിൽ   ആദ്യം   എത്തുന്നതും   അവസാനം  അവിടെ  നിന്ന്
പോകുന്നതും   അവരാണ് . അസുഖം  വന്നാൽ   പോലും  അവധി
എടുക്കാതെ    അവർ   സ്കൂളിനു  വേണ്ടി   പണിയെടുക്കുന്നു . ഞങ്ങൾ  വളരെ
നിർബന്ധിച്ചാണ്   ചിലപ്പോൾ   അവരെ   ഡോക്ടറെ   കാണാൻ പറഞ്ഞു
വിടുന്നത് .

അനേകം   നന്മകൾ   കൂടിച്ചേർന്ന   ഒരു   വ്യക്തിത്വമാണ്   Mrs  വിസ്സെറിൽ
എനിക്ക്   കാണാൻ   കഴിഞ്ഞിട്ടുള്ളത് . അതിൽ   പ്രധാനം   ജോലിയിലുള്ള
അത്മാർത്തതയാണ് .  ചില  പ്രിൻസിപ്പൽമാർ   ജോലിത്തിരക്ക്  എന്ന
ഒഴികഴിവ്   പറഞ്ഞ്   ഒരു  period  പോലും  പഠിപ്പിക്കുകയില്ല . Mrs വിസ്സരാകട്ടെ   മറ്റ്   അധ്യാപകരോട്   period  കടം  വാങ്ങി  പഠിപ്പിക്കാറുണ്ട് .അവരുടെ
മാതൃ ഭാഷയായ   Afrikaans   ആണ്‌   വിഷയം .

എത്ര   പ്രകോപനം  ഉണ്ടായാലും   അവർ   മോശമായ   രീതിയിൽ  പ്രതികരിക്കുകയില്ല . കാര്യങ്ങൾ   എത്ര   വഷ ളായാലും   അവർ  ആശ
കൈവിടുകയില്ല . പ്രതിസന്ധികളെ   തരണം   ചെയ്യാൻ   അവർക്ക്  ശക്തി
പകരുന്നത്   അടിയുറച്ച   ദൈവവിശ്വാസമാണ് .സ്കൂളിന്  നന്മ  വരുന്നതിന്
വേണ്ടി   അവർ   പ്രാർത്ഥിക്കാറുണ്ട് .

Mrs  വിസ്സർ  ഞങ്ങൾക്ക്  ഒരു   കുടുംബ സുഹൃത്ത്‌  കൂടി യാണ് . അവർ
ടൌണിൽ   വരുമ്പോൾ   ചിലപ്പോൾ  ഞങ്ങളെ  സന്ദർശിക്കും .ഞങ്ങൾ
ചില   സാധനങ്ങൾ   കൈമാറുക
 പതിവാണ് . കേക്ക് ,pudding , cookies
മുതലായവ  ഉണ്ടാക്കുന്നതിൽ   അവർക്ക്   വൈദഗ്ധ്യം  ഉണ്ട് . ഇത്തരം
സാധനങ്ങൾ   ഉണ്ടാക്കി   ചിലപ്പോൾ   അധ്യാപകർക്ക്  തരാറുണ്ട്

മറ്റുള്ളവർ   ചെയ്യേണ്ട  ജോലികൾ  പോലും  സ്വയം   ഏറ്റെടുത്ത്  നടത്തുന്നതാണ്   അവരുടെ   ഏക  ദൌർബല്യമായി   കാണാൻ   കഴിയുന്നത്‌ .

ബുധനാഴ്ച   അധ്യാപകർക്കും   നോണ്‍  ടീച്ചിംഗ്   സ്റ്റാഫ്‌നും   അവർ
ലഞ്ച്  കൊണ്ടു വന്നു . അവരും  ഭർത്താവും  ചേർന്ന്   വീട്ടിൽ  ഉണ്ടാക്കിയതാണ് . lamb, sausage  മുതലായവ  ഉൾപ്പെട്ട  സമൃദ്ധമായ  ലഞ്ച്
നാല്പ്പത്  പേർക്ക്  വിളമ്പി .

ഇന്ന്   രാവിലെ   അധ്യാപകർ  ചേർന്ന്  Mrs  വിസ്സരിനും  എനിക്കും  വേണ്ടി
ഒരു   പ്രത്യേക   അസ്സെംബ്ലി   നടത്തി . ഇത്തരം   പരിപാടികൾ  എല്ലാവർക്കും
ഹരമാണ് . പ്രസംഗവും   പാട്ടും   പൊടി പൊടിച്ചു . പാടാനും   ചുവടുവെക്കാനും   എല്ലാവരും  കൂടും . മതപരമായ   പ്രഭാഷണങ്ങൾ  ചെയ്യാൻ   മിടുക്കർ  അധ്യാപകരുടെ   ഇടയിൽ   ഉണ്ട് .

വികാരങ്ങളെ   പിടിച്ചു  നിർത്താൻ   മറുപടി  പ്രസംഗത്തിൽ   Mrs  വിസ്സർ
പാടു പെടുന്നുണ്ടായിരുന്നു . അവരുടെ   നല്ല   മാത്രുകയെപ്പറ്റി യാണ്
എനിക്ക്   പറയാനുണ്ടായിരുന്നത് . പരിപാടികൾക്ക്  ശേഷം  ഞങ്ങളുടെ
വക  കേക്കും   cool  ഡ്രിങ്ക്സും   എല്ലാവർക്കും  കൊടുത്തു .

പ്രത്യേക  അസ്സെംബ്ലി  രാവിലെ  തന്നെ  തുടങ്ങുമെന്ന്  എനിക്ക്  അറിഞ്ഞു
കൂടായിരുന്നു . morning  ബ്രീഫിങ്ങിൽ   ആണ്   Mrs  വിസ്സെർക്ക്  മംഗളം
നേരുന്ന  ഒരു  കവിത  എഴുതണമെന്ന്   തോന്നിയത് . അഞ്ച്  മിനിറ്റേ
കിട്ടിയുള്ളു . പൂർത്തിയാക്കാനായില്ല . അത്   വായിക്കാൻ   ഒരു
വിദ്യാർത്ഥിനിയെ   ഏൽപ്പിച്ചു . അവൾ  അത്  നല്ല  രീതിയിൽ   വായിച്ചു .

വിദ്യാർത്ഥികൾക്ക്   ഒരു  നിർബന്ധം .എൻറെ  കൂടെ  നിന്ന്  ഫോട്ടോ
എടുക്കണമെന്ന് . സ്കൂളിൽ   സെൽ ഫോണിന്  നിരോധനമുണ്ട് . എന്നാൽ
കർശനമായി   നടപ്പാക്കിയിട്ടില്ല . നമ്മുടെ   നാട്ടിൽ  സ്ത്രീധനം  നിരോധിച്ചിട്ടുള്ളത്  പോലെയാണ്  ബാകൊലോബെന്ഗ്   സ്കൂളിൽ
സെൽ  ഫോണ്‍   നിരോധനം . കുട്ടികൾ  അവരുടെ  സെൽ ഫോണുകൾ  പുറത്തെടുത്ത്, കൂടെനിന്ന്   കുറേ  ഫോട്ടോകൾ  എടുത്തു .

''  സ്കൂളിൽ   സെൽ  ഫോണ്‍   നിരോധിക്കണമോ   വേണ്ടയോ ?''  ഞാൻ
ചിലപ്പോൾ   debate ന്  കൊടുക്കുന്ന  ഒരു  വിഷയമാണ് . വേണ്ടായെന്ന്  കാര്യകാരണ സഹിതം   ശക്തമായി   വാദിക്കുന്ന  ചില  പെണ്‍കുട്ടികളാണ്
ഫോട്ടോ  എടുക്കാൻ  മുന്നിൽ .ഇവർക്ക്   രാഷ്ട്രീയത്തിൽ   ശോഭനമായ
ഒരു   ഭാവിയുണ്ട് .

നീണ്ട  വാരാന്ത്യം   ആഘോഷിക്കാനായി   എല്ലാവരും   നേരത്തെ
സ്ഥലം  വിട്ടു .










No comments:

Post a Comment