Friday, 28 February 2014

Retirement ചിന്തകൾ

RETIREMENT  ചിന്തകൾ

28  ഫെബ്രുവരി  2014

ഫെബ്രുവരി  ഒരു  നല്ല  മാസമാണ് . കാരണം  അത്  വേഗം  തീർന്നു  കിട്ടുന്നു .
പുതുവർഷം  ഇനി  പഴംകഥ  മാത്രം . മാർച്ചും  ഒരു  നല്ല  മാസമാണ് .
ഇവിടത്തെ  ഒന്നാം  TERM  മാർച്ച്‌  28 ന്   അവസാനിക്കുന്നു .അപ്പോൾ  ഏപ്രിലിന്റെ   കാര്യമോ ? അതും  നല്ല  മാസമാണ് . ഇവിടെ  വളരെയേറെ
അവുധി  ദിവസങ്ങൾ  ഉള്ള  മാസമാണ് . അങ്ങനെ  മൊത്തത്തിൽ  നോക്കുമ്പോൾ  ഒന്നും  മോശമല്ല .ജീവിതത്തെ  പോസിറ്റീവ്  ആയി
കാണുന്നവർക്ക്  എല്ലാ  ദിവസവും  എന്തെങ്കിലും  സന്തോഷിക്കാൻ  കാണും

മലയാളത്തിൽ   ഇംഗ്ലീഷ്  വാക്കുകൾ  കടന്നു  വരുന്നതിനോട്  യോജിക്കാത്തവർ  ഉണ്ടാകാം . പക്ഷേ  ഇത്  അനിവാര്യമാണ് .പ്രത്യേകിച്ച്
ഇംഗ്ലീഷ്  അക്ഷരങ്ങൾ  ഉപയോഗിച്ച്  മലയാളം  ടൈപ്പ്  ചെയ്യുമ്പോൾ .ഉദാഹരണത്തിന്   വിരോധാഭാസം  എന്ന  വാക്കിന്  പകരം  irony  എന്ന്
ഉപയോഗിച്ചാൽ  പെട്ടെന്ന്   കാര്യം  കഴിഞ്ഞു കിട്ടും ,ഒരു  സുഖ പ്രസവം
പോലെ . ഇത്  പ്രത്യേക  പഠനം  അർഹിക്കുന്ന  ഒരു  വിഷയമാണ്‌ .

ലാലു   അലക്സ്‌  പറയുന്നതു  പോലെ '' പേർസണൽ  ആയിട്ട്  പറയുകയാണെങ്കിൽ '' ഏപ്രിൽ    എനിക്ക്   ഏറ്റവും  നല്ല  മാസമാണ് .
ഇവിടെ   birthday യുടെ  മാസത്തിൽ  13 ആം   ചെക്ക്‌  കിട്ടും .എന്നെ
സംബന്ധിച്ച്  അത്  അവസാനത്തെ  ചെക്ക്‌  ആയിരിക്കും . കാരണം
ഏപ്രിൽ  30 ആം  തീയതി  ഞാൻ  ജോലിയിൽ  നിന്ന്  വിരമിക്കുകയാണ് .


അന്നേ ദിവസം  ഞങ്ങളുടെ  പ്രിൻസിപ്പൽ  Mrs  വിസ്സരും  പിരിയുകയാണ് .
അവർക്ക്  65  വയസ്സ്  ആയിട്ടില്ല .എങ്കിലും  നേരത്തെ  retirement  എടുത്ത്
പടിയിറങ്ങുകയാണ് . ഞങ്ങളുടെ  സ്കൂളിൽ  ആദ്യമായിട്ടാണ്  ആരെങ്കിലും
റിട്ടയർ  ചെയ്ത്  പോകുന്നത് .

ഇവിടെയുള്ള   മുതിർന്ന  മലയാളികൾ  1986-1990   കാലഘട്ടത്തിൽ  Nigeria യിൽ  നിന്ന്   ഇവിടെ  വന്നവരാണ് . ഞങ്ങൾ  ഓരോരുത്തരായി  റിട്ടയർ
ചെയ്തു  കൊണ്ടിരിക്കുകയാണ് . പലരും  നാട്ടിലേയ്ക്ക്  മടങ്ങി .നാട്ടിലേയ്ക്ക്   മടങ്ങാനാണ്   എല്ലാവർക്കും  ആഗ്രഹം .എവിടെയാണെങ്കിലും   എന്തെങ്കിലും  സന്തോഷിക്കാൻ   കാണും .


ഞങ്ങൾ  എന്നു  പറയുമ്പോൾ   ഗൾഫിലെ  പോലെ  ലക്ഷക്കണക്കിന്  ആളുകളില്ല . കൂടിയാൽ  500  പേർ  കാണും  അധ്യാപകരായി  ഇവിടെ
ജോലി  ചെയ്യുന്നവർ .

എല്ലാ വിധ  നന്മകളും  വാരിക്കോരി  തന്ന  രാജ്യമാണ്  ദക്ഷിണാഫ്രിക്ക .അതു  കൊണ്ടാണ്  ഇവിടെ  കാൽ നൂറ്റാണ്ടിലേറെ  കാലം  വളരെ
സ്വാതന്ത്ര്യവും   സമാധാനവും  സന്തോഷവും  അനുഭവിക്കാൻ  കഴിഞ്ഞത് .

ഒരു  പ്രവാസിയുടെ  ജീവിതത്തിൽ  സ്വന്തം  രാജ്യം  ഒരു  വിദേശ രാജ്യമായി
തോന്നിക്കുകയും  നമ്മൾ  ദീർഘകാലമായി  ജീവിക്കുന്ന  വിദേശരാജ്യം
സ്വന്തമായി   തോന്നിക്കുകയും  ചെയ്യുന്ന  ഒരു  ഘട്ടമുണ്ട്‌ .പേർസണൽ  ആയിട്ട്  പറഞ്ഞാൽ  ഞാൻ  ആ  ഘട്ടത്തിലാണ്.കാരണം  ഞാൻ  എൻറെ
ജന്മ സ്ഥലമായ   പൈകയിൽ  ചെന്നാൽ  ഞാൻ  അറിയുന്നവരും  എന്നെ
അറിയുന്നവരും  വളരെ  ചുരുക്കം .എന്നാൽ  Delareyville  എന്ന  കൊച്ചു
ടൌണിൽ   അങ്ങനെയല്ല . എവിടെ  തിരിഞ്ഞാലും  പരിചയമുള്ളവർ
ധാരാളം .കാരണം   കഴിഞ്ഞ  26  കൊല്ലമായി  ഞാൻ  ഇവിടെയുണ്ട് .

ഒരു  അധ്യാപകനെ  സംബന്ധിച്ചിടത്തോളം  ശിഷ്യസമ്പത്ത്   പ്രധാനമാണ് .
നമ്മൾ  പഠിപ്പിച്ച  കുട്ടികൾ  വളർന്നു  വലുതായി ,നല്ല  ജോലികൾ  കിട്ടി ,
നല്ല  നിലയിൽ  കഴിയുന്നു  എന്നറിയുന്നത്  ഏറ്റവും  സന്തോഷമുള്ള  കാര്യമാണ് .അവരെല്ലാം   പാവപ്പെട്ട   അടുക്കള  ജോലിക്കാരികളുടെയും
തൂപ്പുകാരുടെയും   കർഷക തൊഴിലാളികളുടേയും   മക്കളാണ് .പാവപ്പെട്ടവരുടെ  മക്കളെ  പഠിപ്പിക്കാനാണ്  ഞങ്ങൾ  ഇവിടെ  വന്നത് .
അങ്ങനെ തന്നെ   പിരിയുകയും  ചെയ്യുന്നു .

'' സാർ  പഠിപ്പിച്ചത്  കൊണ്ടാണ്  എനിക്ക്  ഇന്ന്  ഒരു നല്ല  ജോലിയുള്ളത് .''
 ടൌണിൽ   വല്ലപ്പോഴും  കണ്ടു മുട്ടുന്ന  പൂർവ വിദ്യാർത്ഥികൾ  പറയും .
ലീലാമ്മ  കൂടെയില്ലെങ്കിൽ  ''Mrs  കുര്യൻ  എന്തെടുക്കുന്നു ?'' എന്ന്  അവർ
പ്രത്യേകം  ചോദിക്കും. വളരെ  കാലം  കഴിഞ്ഞതു  കൊണ്ട്  ചില
പൂർവ വിദ്യാർത്ഥികളെ  എളുപ്പത്തിൽ  തിരിച്ചറിയാൻ  സാധിക്കുകയില്ല .
അങ്ങനെയുള്ളവർ   അടുത്ത്  വന്ന്   സ്വയം  പരിചയപ്പെടുത്തും .

" സാർ  ഓർക്കുന്നില്ലേ ,1988 ൽ  സാർ  എന്നെ  പഠിപ്പിച്ചതാണ് ''

Delareyville   കേന്ദ്രമായിട്ടുള്ള  Municipality യുടെ   mayor ,ഞങ്ങളുടെ  ഒരു
പൂർവ വിദ്യാർത്ഥിയാണ് . ഇവിടെ  ഒരു  municipality  എന്നു
പറഞ്ഞാൽ   ഏകദേശം  250-400  sq kms ൽ  ഉള്ള  ചെറിയ  ടൌണ്കളും
ഗ്രാമങ്ങളും  ഉൾപ്പെട്ടതാണ് . വലിയ  പദവിയാണ്‌ . സ്കൂൾ  ഇരിക്കുന്ന
ഗ്രാമത്തിൽ  ജനിച്ചു  വളർന്ന ,മൊഗറ്റുസി  സീസർ  എന്ന്  പേരുള്ള
mayor   അവിടെത്തന്നെയാണ്   താമസിക്കുന്നത് .ഞങ്ങൾ  സ്കൂളിലേയ്ക്ക്
പോകുമ്പോൾ  അവൻറെ  മുന്തിയ  Audi  എതിരെ  വരുന്നത്  കാണാം .
കഴിഞ്ഞ  കൊല്ലം  മുന്തിയ  Mercedes   ആയിരുന്നു .ഔദ്യോഗിക  ഡ്രൈവർ
ആണ്  കാർ  ഓടിക്കുന്നത്‌ . അവൻ   അധ്യാപക ജോലി  ഉപേക്ഷിച്ച്
രാഷ്ട്രീയത്തിൽ  ഇറങ്ങിയവനാണ് .നല്ല  വാഗ്മിയാണ് .വല്ലപ്പോഴും
അവൻ
സ്കൂളിൽ  വരുമ്പോൾ  വളരെ  സ്നേഹവും  ബഹുമാനവുമാണ് .തലക്കനം
ഒട്ടുമില്ല . അവൻറെ  വാർഷിക  ശമ്പളം  ഏകദേശം  അറുപത് ലക്ഷം
രൂപയ്ക്ക്  തുല്യമാണ് . ആനുകൂല്യങ്ങൾ  കൊട്ടപ്പടി  കാണും .

ഒരു  പൂർവ  വിദ്യാർത്ഥിക്ക്  എത്ര  വലിയ  ശമ്പളം  കിട്ടിയാലും
അധ്യാപകന്   അതിൽ  സന്തോഷമേയുള്ളു .പക്ഷേ  ഒരു  കാര്യത്തിൽ
എനിക്ക്   അവനോട്  പിണക്കമാണ് . പരിസ്ഥിതി  സംരക്ഷിക്കുന്ന  കാര്യം
അവൻറെ  അജണ്ടയിലില്ല . പുതുതായി   മരങ്ങൾ  വെച്ചു  പിടിപ്പിക്കുന്നില്ല .
വെള്ളക്കാർ  പണ്ട്  സ്ഥാപിച്ച  പാർക്ക്  പുല്ല് കേറി  കാടു പിടിച്ച്
നാഥൻ  ഇല്ലാതെ  കിടക്കുകയാണ് .ഇനി  കാണുമ്പോൾ  ഈ  കാര്യം
അവനോട്  പറയാൻ  ഉദ്ദേശിക്കുകയാണ് .അധ്യാപകൻറെ  ഉപദേശം
അവൻ  സ്വീകരിച്ച്  വേണ്ടത്  ചെയ്‌താൽ  നാടിന്  നന്മ  ഉണ്ടാകും .

വിദ്യാഭ്യാസത്തിൽ  പിന്നോക്കാവസ്ഥയിൽ   ഉള്ള  കറുമ്പരുടെ  ഇടയിൽ
ജോലി  ചെയ്യാനും  പാവപ്പെട്ടവരുടെ  കുട്ടികളെ  നല്ല  നിലയിൽ  എത്തിക്കുന്നതിൽ  ഒരു  ചെറിയ  പങ്കു വഹിക്കാനും  കഴിഞ്ഞു  എന്നതാണ്
എനിക്ക്  retirement  വേളയിൽ  സംതൃപ്തി  നൽകുന്നത് .





No comments:

Post a Comment